ന്യൂഡൽഹി: പി.എൻ.ബി തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വജ്ര വ്യവസായി ലണ്ടൻ നഗരത്തിൽ സ്വതന്ത്രനായി വിലസുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലണ്ടനിലെ വെസ്റ്റ് എൻഡിൽ 80 ലക്ഷം പൗണ്ടിന്റെ ഒരു അപ്പാർട്ട്മെന്റ് സ്വന്തമാക്കി താമസിക്കുകയാണ് നീരവ് മോദി എന്നാണ് റിപ്പോർട്ട്. ബിനാമി പേരിൽ ഇപ്പോഴും വജ്ര വ്യാപാരം തുടരുന്നതായും സൂചനയുണ്ട്.
ചോദ്യങ്ങളോട് പ്രതികരിക്കാൻ നീരവ് മോദി വിസമ്മതിക്കുന്നുണ്ട്. ‘നോ കമന്റ്സ്’ എന്നാണ് അദ്ദേഹത്തിന്റെ മറുപടി. നീരവ് മോദിയെ തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമിക്കാത്തത് വിമർശനത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം നീരവ് മോദിയുടെ മുംബയിലെ അലിബാഗിലെ കടലോര ബംഗ്ലാവ് റവന്യൂ അധികൃതർ ഡയനമൈറ്റ് വച്ച് തകർത്തിരുന്നു. കടൽത്തീരത്ത് കൈയേറ്റഭൂമിയിൽ അനധികൃതമായി നിർമ്മിച്ച ബംഗ്ലാവ് മുംബയ് ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് തകർത്തത്.
13,000 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെയാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നീരവിന്റെ 'റൂപന്യ ബംഗ്ലാവ് കണ്ടുകെട്ടി വസ്തു റവന്യൂ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. ബംഗ്ലാവിന്റെ തൂണുകൾ തുരന്ന് സ്ഫോടക വസ്തുക്കൾ നിറച്ചാണ് കെട്ടിടം തകർത്തത്.