kummanam

തിരുവനന്തപുരം : കേരളത്തിലെ ബി.ജെ.പി പരിവർത്തൻ യാത്രയിലൂടെ പ്രവർത്തകർക്ക് തിരഞ്ഞെടുപ്പ് ആവേശം നൽകി കടന്ന് പോകുന്ന ദിവസമാണ് ദേശീയ നേതൃത്വം സുപ്രധാനമായ ആ തീരുമാനം എടുത്തത്. തിരുവനന്തപുരം ലോക്സഭാ സീറ്റിൽ സ്ഥാനാർത്ഥിയാക്കാനായി ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ പാർട്ടി കേന്ദ്ര നേതൃത്വം മിസോറം ഗവർണർ സ്ഥാനം രാജിവയ്പിച്ചു കേരളത്തിലേക്ക് അയച്ചിരിക്കുന്നത്.

കോൺഗ്രസിന്റെ സിറ്റിംഗ് എം.പിയും വിശ്വപൗരനെന്ന് അണികൾ വിശേഷിപ്പിക്കുന്ന ശശി തരൂരിനെപ്പോലൊരു നേതാവിനോട് ഏറ്റുമുട്ടാൻ കുമ്മനത്തെ നിയോഗിച്ചതിന് മാനങ്ങളേറെയാണ്. സംസ്ഥാന നേതാക്കൾക്ക് കഴിയാത്ത വിധത്തിലുള്ള ചില കഴിവുകളും സ്വീകാര്യതയും തിരുവനന്തപുരം മണ്ഡലത്തിൽ കുമ്മനത്തിനുണ്ടെന്ന് ആദ്യം മുതൽ ആർ.എസ്.എസ് കണക്ക് കൂട്ടുന്നുണ്ടായിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശന വിധിയ്‌ക്കെതിരെയുണ്ടായ പ്രക്ഷോഭ ഘട്ടത്തിൽ തന്നെ കുമ്മനമില്ലാത്തതിന്റെ കുറവ് ശരിക്കും ആർ.എസ്.എസ് മനസിലാക്കിയിരുന്നു. അതിനാൽ ശക്തമായ സമ്മർദ്ദമാണ് ഇക്കുറി കേന്ദ്ര നേതൃത്വത്തിൽ ചെലുത്തി കുമ്മനത്തെ തിരികെ എത്തിക്കുന്നതിന് മടികൂടാതെ ആർ.എസ്.എസ് പ്രയോഗിച്ചത്. അടുത്തിടെ ബി.ജെ. പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ പാലക്കാട്ട് വന്നപ്പോൾ ആർ.എസ്.എസ് പ്രതിനിധിസംഘം പ്രത്യേകമായി സന്ദർശിച്ച് ആവശ്യം കടുപ്പിച്ചു. ഗ്വാളിയറിൽ നടന്ന ആർ.എസ്.എസ് അഖില ഭാരതീയ പ്രതിനിധി സഭയിൽ കേരള ഘടകം സമ്മർദ്ദം ശക്തമാക്കി. ഇതിന് വഴങ്ങിയാണ് പാർട്ടി കുമ്മനത്തിന് പച്ചക്കൊടി കാട്ടിയത്.

കുമ്മനവും പടയ്ക്കിറങ്ങുമ്പോൾ സംസ്ഥാനത്തെ ഏറ്റവും കടുത്ത ത്രികോണപ്പോരിന് തിരുവനന്തപുരം വേദിയാകും. ബി.ജെ.പി ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാർത്ഥിയാകുന്നതോടെ താമരവിരിയും എന്ന് പാർട്ടി വിശ്വസിക്കാനുള്ള കാരണങ്ങൾ ഇതാണ്. ഇത് കൂടാതെ കേരളത്തിലെ എല്ലാ ഹൈന്ദവസംഘടനകളിലുമുള്ള കുമ്മനത്തിന്റെ സ്വാധീനവും, ശബരിമല വിഷയത്തിലെ വിശ്വാസി വികാരം പൂർണമായി അനുകൂലമാകുമെന്ന ആർ.എസ്.എസിന്റെ കണക്കുകൂട്ടലും കുമ്മനത്തെ തിരികെ എത്തിക്കാൻ കാരണമായി.

kummanam

കുമ്മനത്തിലൂടെ ഉന്നമിടുന്ന എൻ.എസ്.എസ് പിന്തുണയാണ് അതിലൊന്ന്. ശബരിമല വിഷയത്തിലെ എൻ.എസ്.എസ് നിലപാടും ആർ.എസ്.എസ് നേതൃത്വത്തിന് തിരുവനന്തപുരത്തെ എൻ.എസ്.എസിലുള്ള സ്വീകാര്യതയും തുണയാകുമെന്നാണ് വിലയിരുത്തൽ. സംഘപരിവാറിൽ കുമ്മനത്തിനുള്ള സ്വീകാര്യതയും അനുകൂലഘടകമായി. ശബരിമല പ്രക്ഷോഭ പാതയിൽ എൻ.എസ്.തിരുവനന്തപുരം താലൂക്ക് കരയോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാമജപയാത്രയിലെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. വീട്ടമ്മമാരുടെ വർദ്ധിച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ പ്രതിഷേധനീക്കങ്ങളെന്നത് ബി.ജെ.പിക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയാണ് പാർട്ടിക്കുള്ളത്.

കഴി ഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നഗരപരിധിയിലെ നാല് മണ്ഡലങ്ങളിൽ ഒ. രാജഗോപാൽ ഒന്നാമതെത്തിയതും നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് രാജഗോപാൽ വിജയിച്ചതുമെല്ലാമാണ് ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നുണ്ട് . വട്ടിയൂർക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം, നേമം മണ്ഡലങ്ങളിൽ രാജഗോപാൽ ഒന്നാമതും തരൂർ രണ്ടാമതുമായപ്പോൾ ബെന്നറ്റ് മൂന്നാമതായി. നെയ്യാറ്റിൻകര, പാറശാല, കോവളം മണ്ഡലങ്ങളിൽ രാജഗോപാൽ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായി. അവിടെ മൂന്നിടത്തും ശശി തരൂർ ഒന്നാമതും ബെന്നറ്റ് എബ്രഹാം രണ്ടാമതുമായി. തരൂരിനെ അവസാനനിമിഷം തുണച്ചത് നാല് നിയമസഭാ മണ്ഡലങ്ങളിലായി പരന്നുകിടക്കുന്ന തീരദേശ വോട്ടുകളാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ മിന്നുന്ന പ്രകടനം പാർട്ടിയെ തന്നെ ഞെട്ടിപ്പിക്കുന്ന തരത്തിലായിരുന്നു.