supreme-court

ന്യൂഡൽഹി: അയോദ്ധ്യ കേസ് പരിഹരിക്കുന്നതിനായി മദ്ധ്യസ്ഥ സമിതിയെ നിയമിച്ച സുപ്രീംകോടതി വിധിക്കെതിെര ആർ.എസ്.എസ് രംഗത്ത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ പ്രഖ്യാപിച്ച വിധിക്കെതിരെയാണ് ആർ.എസ്.എസിന്റെ വിമർശനം.

കേസിൽ വേഗം ഒത്തുതീർപ്പ് നടത്തുന്നതിന് പകരം ആശ്ചര്യകരമായ നിലപാടാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഹിന്ദു സമുദായത്തിന്റെ വൈകാരികതയെ മനസിലാക്കാനോ പരിഗണിക്കാനോ കോടതി തയ്യാറായില്ലെന്നും ആർ.എസ്.എസ് വിമർശിച്ചു. ഹിന്ദുക്കൾ നിരന്തരം അവഗണിക്കപ്പെടുകയാണെന്ന തോന്നൽ ഞങ്ങൾക്കുണ്ട്. ജുഡീഷ്യൽ സംവിധാനത്തോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയുന്നു, ഒരു മഹത്തായ ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനുള്ള വിധിയാണ് നടപ്പാക്കേണ്ടത്.

സുപ്രീംകോടതിയുടെ ശബരിമല വിധിയെ തുടർന്ന് ദക്ഷിണേന്ത്യയിൽ നിരവധി പ്രശ്‌നങ്ങളാണ് നിലനിൽക്കുന്നത്. ബെഞ്ചിലെ ഏക വനിതാ അംഗത്തിന്റെ അഭിപ്രായം മാനിക്കാതെയായിരുന്നു വിധിയെന്നും ആർ.എസ്.എസ് നേതൃത്വം പറയുന്നു. അയോദ്ധ്യ തർക്ക വിഷയത്തിൽ സുപ്രീംകോടതി മുൻജസ്റ്റിസ് എഫ്.എം.ഐ. ഖലീഫുള്ള അദ്ധ്യക്ഷനും ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകരായ ശ്രീറാം പഞ്ചു എന്നിവർ അംഗങ്ങളുമായ സമിതിയെ ആണ് വെള്ളിയാഴ്ച നിയമിച്ചത്. സമിതി എട്ടാഴ്ചയ്ക്കകം നടപടികൾ പൂർത്തിയാക്കണം.