ആഡംബരത്തിന്റെ അവസാന വാക്ക്, സുരക്ഷയുടെ കാര്യത്തിൽ മിടുമിടുക്കൻ പറഞ്ഞ് വരുന്നത് ലോകത്തെ കോടീശ്വരൻമാർക്കും, രാജ്യതലവൻമാരും, സുരക്ഷാ ഭീഷണിയുള്ള സെലിബ്രിറ്റികളുടെയും ഇഷ്ടവാഹനത്തെ കുറിച്ചാണ് . പുതിയ റേഞ്ച് റോവർ സെന്റിനലാണ് ആഡംബരവും സുരക്ഷയും ഒത്തിണങ്ങിയ ഈ രൂപം സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വ്യൂഹത്തിൽ ഇവൻ സ്ഥാനം പിടിച്ചതിന് പിന്നിൽ കാരണങ്ങൾ ഒട്ടേറെയുണ്ട്. ഈ വാഹനം പ്രദാനം ചെയ്യുന്ന അതിസുരക്ഷയാണ് രാജ്യതലവൻമാരുടെ ഇഷ്ടക്കാരനാവാൻ ഇവനെ സഹായിച്ചിരിക്കുന്നത്. ഏതെങ്കിലും കാരണത്താൽ ടയർ പഞ്ചറായാലും അതല്ല ഇനി ടയർ പൊട്ടിയാലും എൺപത് കിലോമീറ്റർ സ്പീഡിൽ അൻപത് കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ വാഹനത്തിനു കഴിയും. ഇത് കൂടാതെ ഗ്രനേഡുകൾ, വെടിയുണ്ട, ലാൻഡ് മൈൻ എന്തിനേറെ ബോംബുകൾ പോലും ചെറുക്കാൻ ശേഷിയുള്ളതാണ് ഈ റേഞ്ച് റോവറിന്റെ ബോഡി.
സുരക്ഷയ്‌ക്കൊപ്പം തന്നെ ആഡംബരത്തിലും വിട്ട് വീഴ്ചയ്ക്ക് ഒരുക്കമല്ല ഈ വമ്പൻ. വലിയ ക്യാബിൻ സ്‌പേസ്, മികച്ച സീറ്റിങ് എന്നിവയ്‌ക്കൊപ്പം രണ്ടു 10ഇഞ്ച് ഹൈറെസല്യൂഷൻ ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പിൻസീറ്റ് യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. ഇനി പെർഫോർമൻസിന്റെ കാര്യമാണെങ്കിൽ 5 ലീറ്റർ വി8 പെട്രോൾ എൻജിനാണ് ഉപയോഗിക്കുന്നത്. പൂജ്യത്തിൽ നിന്നു 100 കിലോമീറ്റർ വേഗം സഞ്ചരിക്കാൻ വെറും 10.4 സെക്കന്റ് മാത്രം മതി. കൂടിയ വേഗം മണിക്കൂറിൽ 193 കിലോമീറ്ററും.
പഴയ സെന്റിനലിനെ അപേക്ഷിച്ച് കൂടുതൽ സുരക്ഷ നൽകുന്ന പുതിയ മോഡൽ ബ്രിട്ടനിൽ നടന്ന ഹോം ഓഫീസ് സെക്യൂരിറ്റ് പൊലീസ് ഷോയിലാണ് പ്രദർശിപ്പിച്ചത്. പത്ത് കോടിയ്ക്കടുത്താണ് ഇവന്റെ വില.