modi

മുംബയ്: വീണ്ടും മോദി തന്നെ താരം,​ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വർദ്ധിച്ചതായി സർവേഫലം. പാകിസ്ഥാനിൽ നടത്തിയ മിന്നലാക്രമണത്തിനും ഈ വർഷത്തെ കേന്ദ്ര ബഡ്‌ജറ്റി‌നും ശേഷം മോദിയുടെ ജനപ്രീതി ഉയർന്നതായാണ് സർവേ റിപ്പോർട്ടിൽ പറയുന്നത്.

റിപ്പബ്ലിക് ടിവിയും സി വോട്ടറുമായി സഹകരിച്ച് നടത്തിയ ദേശീയ അംഗീകാര സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. ഫെബ്രുവരി ഒന്നുമുതൽ മാർച്ച് ഏഴുവരെയായിരുന്നു സ‌ർവേ നടത്തിയത്. പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിക്കുന്നത് വരെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയേക്കാൾ 24ശതമാനം മാത്രമേ മോദിക്ക് വോട്ടുകൾ ഉണ്ടായിരുന്നുള്ളു. എന്നാൽ മിന്നലാക്രമണത്തിന് ശേഷം അത് 13.3ശതമാനം കൂടി ഉയരുകയായിരുന്നെന്ന് സർവേ ഫലം വ്യക്തമാക്കുന്നു.

സർവേ നടത്തുന്നതിനായി 4506പേരെയാണ് സമീപിച്ചത്. ഇതിന്റെ 53ശതമാനം പേർ മോദിയെയും 36.2 ശതമാനം ആൾക്കാർ രാഹുൽ ഗാന്ധിയെയുമാണ് പിന്തുണച്ചത്. എന്നാൽ 6.6ശതമാനം ആൾക്കാർ ഇരുവരും അടുത്ത പ്രധാനമന്ത്രിയാകേണ്ട എന്ന നിലപാടിലായിരുന്നു. ബാക്കിയുണ്ടായിരുന്ന 4.2ശതമാനം പേർ വ്യക്തമായ മറുപടി നൽകിയതുമില്ലായിരുന്നു.