ന്യൂഡൽഹി : യുദ്ധവിമാനങ്ങളിൽ ദശാബ്ദങ്ങളായി അമേരിക്കൻ കരുത്തിന്റെ പ്രതീകമാണ് എഫ് സീരീസിലെ പറവപ്പോരാളികൾ, ഇതിൽപ്പെട്ട പാകിസ്ഥാൻ സേന ഉപയോഗിക്കുന്ന എഫ് 16നാണ് അഭിനന്ദൻ പറത്തിയ ഇന്ത്യയുടെ റഷ്യൻ നിർമ്മിത മിഗ് 21 തകർത്തിട്ടത്. പാശ്ചാത്യമാദ്ധ്യമങ്ങളിലടക്കം ഈ സംഭവത്തെ ഇന്ത്യ പാക് സംഘർഷമായി കണ്ട് വിലയിരുത്തുമ്പോൾ പ്രതിരോധ രംഗത്തെ മാദ്ധ്യമ റിപ്പോർട്ടുകളിൽ റഷ്യ അമേരിക്കയ്ക്ക് മേൽ നേടിയ വിജയമായിട്ടാണ് കൊണ്ടാടിയത്. എഫ് 16 വിമാനത്തിന് പിന്നാലെ ഈ വിമാനങ്ങളിൽ മാത്രം ഉപയോഗിക്കാവുന്ന അമേരിക്കൻ നിർമ്മിത അംറാം മിസൈലുകളും പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്കു നേരെ പ്രയോഗിച്ചിരുന്നു. ഈ മിസൈലുകൾ തെളിവായി കാണിച്ചാണ് ഇന്ത്യ പാകിസ്ഥാൻ എഫ് 16 ഉപയോഗിച്ച് അതിർത്തി കടക്കാൻ ശ്രമിച്ചു എന്ന് ലോകത്തിന് മുന്നിൽ തെളിവ് നിരത്തി സ്ഥാപിച്ചത്. പാകിസ്ഥാന് 500 അംറാം മിസൈലുകളാണ് അമേരിക്ക നൽകിയിരുന്നത്.
ഇതിൽ അഞ്ചെണ്ണം പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ അതിർത്തി ഭേദിക്കുന്നതിനിടെ പ്രയോഗിച്ചു. എന്നാൽ ഇന്ത്യൻ സേനയിലെ റഷ്യൻ നിർമ്മിത സുഖോയ് വിമാനങ്ങൾ സമർത്ഥമായി ഇവയെ കബളിപ്പിച്ച് രക്ഷപ്പെട്ടു എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതിർത്തി ഭേദിക്കാനെത്തിയ പാക് വിമാനവ്യൂഹത്തെ നേരിടാൻ ഇന്ത്യ ഞൊടിയിടയിൽ അതിർത്തിയിലേക്ക് അയച്ചത് മിഗ് 21, സുഖോയ് വിമാനങ്ങളെയാണ്. എന്നാൽ അമ്പത് കിലോമീറ്ററുകൾക്കപ്പുറം അതിർത്തിയ്ക്ക് സമീപത്തായി നിലകൊണ്ട വിമാനങ്ങളിൽ നിന്നും ഇന്ത്യൻ വിമാനത്തിന് നേരെ അംറാം മിസൈൽ തൊടുക്കുകയായിരുന്നു പാക് എഫ്.16 വിമാനങ്ങൾ. എന്നാൽ വിദഗ്ദ്ധമായി വ്യോമസേന ഉപയോഗിക്കുന്ന സുഖോയ് വിമാനങ്ങൾ
ഈ മിസൈലുകളെ കബളിപ്പിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു. റഡാർ സഹായത്തോടെ ശത്രുവിമാനങ്ങളെ കൃത്യമായി ലോക് ചെയ്ത് തകർക്കാനാവുമെന്ന് പൂർണ വിശ്വാസമുള്ള അമേരിക്കയുടെ അംറാം മിസൈലുകളുടെ വിശ്വാസ്യത തന്നെ ഇതോടെ ചോദ്യം ചെയ്തിരിക്കുകയാണ്. അതു ഒരു റഷ്യൻ നിർമ്മിത വിമാനം കാരണമെന്നതാണ് അമേരിക്കയ്ക്ക് കൂടുതൽ നാണക്കേടായി തീർന്നിരിക്കുന്നത്.