rejeesh

പാലക്കാട്: മാവോയിസ്റ്റ്‌ ദമ്പതികളുടെ മകളെ പ്രായപൂർത്തിയാകും മുൻപ് പീഡിപ്പിച്ച ആക്ടിവിസ്റ്റ്‌‌ നേതാവ് രജീഷ് പോളിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ ചെമ്പേരി സ്വദേശിയായ രജീഷ് പോളിനെ പരിയാരം പൊലീസാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

രജീഷ് പോൾ തന്നെ പ്രായപൂർത്തിയാകുന്നതിന് മുൻപ് പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി ഫേസ്ബുക്ക് പോസ്റ്റി‌ലൂടെ വെളിപ്പടുത്തിയിരുന്നു. സംഭവം പുറത്തായതിനെ തുടർന്ന് ഇയാൾ പെൺകുട്ടിയെ ഫോണിൽ വിളിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പോസ്റ്റിൽ പറയുന്നു. ഇതോടടെ രജീഷിനെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധിപേരാണ് രംഗത്തെത്തിയത്. തുടർന്ന് കോട്ടയം സ്വദേശിയായ പൊതുപ്രവർത്തകയുടെ പരാതിയിലാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.

2012 ആഗസ്റ്റ് മുതൽ 2013 വരെയുള്ള കാലയളവിലാണ് രജീഷ് തന്നെ പീഡിപ്പിച്ചത് എന്നായിരുന്നു പെൺകുട്ടി പരാതിയിൽ പറയുന്നത്. സംഭവം നടന്നത് പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പാലക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത് കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു. കേസെടുത്തതിനെ തുടർന്ന് രജീഷ് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടുകയും,​ പരിയാരത്ത് ഹാജരായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യവസ്ഥകളോടെ വിട്ടയക്കുകയുമായിരുന്നു.