1. മുതിര്‍ന്ന നേതാക്കളേയും ജന പ്രതിനിധികളേയും മാത്രം സ്ഥാനാര്‍ത്ഥികള്‍ ആക്കി കടുത്ത രാഷ്ട്രീയ പോരാട്ടം കാഴ്ച വയ്ക്കാന്‍ ഇടതു മുന്നണി തീരുമാനം. 16 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.എം തിരഞ്ഞെടുപ്പ് കളത്തില്‍. പൊന്നാനിയില്‍ പി.വി അന്‍വറും ഇടുക്കിയില്‍ ജോയ്സ് ജോര്‍ജും ഇടത് സ്വതന്ത്രരായി മത്സരിക്കും. ബാക്കി 14 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുക പാര്‍ട്ടി ചിഹ്നത്തില്‍. എ.കെ.ജി സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
2. കാസര്‍കോട് കെ.പി സതീഷും കണ്ണൂരില്‍ പി.കെ ശ്രീമതിയും. വടകരയില്‍ പി. ജയരാജന്‍, കോഴിക്കോട് എ. പ്രദീപ് കുമാറും മലപ്പുറത്ത് വി.പി സാനുവും ജനവിധി തേടും. ആലത്തൂരില്‍ പി.കെ ബിജു, പാലക്കാട് എം.ബി രാജേഷ്, ചാലക്കുടിയില്‍ ഇന്നസെന്റ്, എറണാകുളം പി. രാജീവ്, കോട്ടയം വി.എന്‍ വാസവന്‍, ആലപ്പുഴ അഡ്വ. എ.എം ആരിഫ് എന്നിങ്ങനെ ആണ് സ്ഥാനാര്‍ത്ഥി പട്ടിക
3. പത്തനംതിട്ടയില്‍ വീണാ ജോര്‍ജ് മത്സരിക്കും. കൊല്ലത്ത് കെ.എന്‍. ബാലഗോപാലനും ആറ്റിങ്ങളില്‍ ഡോ. എ സമ്പത്തും ജനവിധി തേടും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എം.എല്‍.എമാരെ മത്സരിപ്പിക്കുന്നത് ആദ്യം ആയല്ലെന്ന് മാദ്ധ്യമങ്ങളോട് കോടിയേരി ബാലകൃഷ്ണന്‍. മുന്‍ കാലങ്ങളിലും എം.എല്‍.എമാര്‍ മത്സരിച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പ് ഇടതു മുന്നണിയെ സംബന്ധിച്ച് എടുത്തോളം ഏറെ നിര്‍ണായകം. ദേശീയ രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള ഇടതുപക്ഷത്തിന്റെ ശക്തി കൂട്ടണം. ഡല്‍ഹിയില്‍ മതേതര സര്‍ക്കാര്‍ വരണം എങ്കില്‍ ഇടതു പക്ഷത്തിന് പരമാവധി സീറ്റുകള്‍ ലഭിക്കണം എന്നും സി.പി.എം സംസ്ഥാന സെക്രട്ടറി
4. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലീംലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമായി. മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും മത്സരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ. ലോക്സഭയിലേക്ക് മൂന്ന് സീറ്റ് വേണം എന്ന ആവശ്യത്തില്‍ ലീഗ് ഉറച്ചു നിന്നു എങ്കിലും കോണ്‍ഗ്രസ് അത് അംഗീകരിച്ചിരുന്നില്ല.
5. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി ലണ്ടനില്‍ വിലസുന്നു. ഇന്ത്യയിലെ ഏജന്‍സികള്‍ അന്വേഷിക്കുന്ന നീരവ് മോദിയുടെ ലണ്ടനിലെ താമസം, 73 കോടി മൂല്യമുള്ള ആഡംബര ഫ്ളാറ്റില്‍. പ്രതിമാസം ഏകദേശം 17 ലക്ഷം രൂപ വാടക വരുന്ന ഈ ഫ്ളാറ്റ് നീരവ് മോദി വാങ്ങിയതായും റിപ്പോര്‍ട്ട്
6. നീരവ് മോദിയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തു വിട്ട് ദ ടെലിഗ്രാഫ്. സ്വതന്ത്രനായി നടക്കുന്ന ഇയാളുടെ വീടിയോയും മാദ്ധ്യമം പുറത്തു വിട്ടിട്ടുണ്ട്. ബിനാമി പേരില്‍ നീരവ് ഇപ്പോഴും വജ്രവ്യാപാരം തുടരുന്നതായി വിവരം. ഇയാളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കാത്തത് നേരത്തെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു
7. ജമ്മു കശ്മീരിലെ ബഡ്ഗാമില്‍ നിന്ന് ജവാനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി എന്ന വാര്‍ത്ത നിഷേധിച്ച് പ്രതിരോധ മന്ത്രാലയം. രാജ്യത്തെ ഒരു സൈനികനേയും തട്ടിക്കൊണ്ടു പോയിട്ടില്ല. അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റ്. ആരോപണ വിധേയനായ സൈനികന്‍ ഇപ്പോഴും സുരക്ഷിതന്‍ ആണ്. അഭ്യൂഹങ്ങള്‍ ഒഴിവാക്കണം എന്നും പ്രതിരോധ മന്ത്രാലയം. അവധിക്ക് നാട്ടില്‍ എത്തിയ മുഹമ്മദ് യാസീനെ ഭീകരര്‍ തട്ടിക്കൊണ്ട് പോയി എന്നായിരുന്നു വാര്‍ത്തകള്‍
8. അതിനിടെ, കാശ്മീരില്‍ പൗരന്മാരുടെ സുരക്ഷ ശക്തമാക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നടപടി, ഉത്തര്‍പ്രദേശില്‍ കശ്മീരി തെരുവു കച്ചവടക്കാരനെ മര്‍ദ്ദിച്ച സംഭവം വിവാദമായ സാഹചര്യത്തില്‍. സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആണ് ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചത്
9. അയോധ്യ ഭൂമി തര്‍ക്ക കേസ് മധ്യസ്ഥതയില്‍ പരിഹരിക്കാനുള്ള സുപ്രീംകോടതി നീക്കത്തിന് എതിരെ ആര്‍.എസ്.എസ്. സുപ്രീംകോടതി തീരുമാനം അമ്പരിപ്പിക്കുന്നത് എന്ന് അഖില ഭാരതീയ പ്രതിനിധിസഭ പ്രമേയം. ദശാബ്ദങ്ങളായി ഭൂമി തര്‍ക്ക കേസ് കോടതിയില്‍ നിലനില്‍ക്കുന്നു. ശബരിമല സ്ത്രീ പ്രവേശനം അടക്കമുള്ള വിഷയങ്ങളില്‍ സുപ്രീംകോടതി തീരുമാനം എടുത്തിട്ടുണ്ട്. അയോധ്യയുടെ കാര്യത്തില്‍ തീരുമാനം നീട്ടിക്കൊണ്ടു പോകുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നും പ്രമേയം
10. പ്രശ്നത്തെ കോടതി ഗൗരവത്തോടെ കാണുന്നില്ലെന്നും കുറ്റപ്പെടുത്തല്‍. തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം പണിയാന്‍ നിയമ നിര്‍മാണം കൊണ്ടു വരണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സംഘ്പരിവാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സുപ്രീംകോടതി പരിഗണിക്കുന്ന കേസില്‍ അന്തിമ തീര്‍പ്പ് വന്നതിന് ശേഷം വിഷയത്തില്‍ ഇടപെടാം എന്ന നിലപാടിലാണ് കേന്ദ്രം.