തിരുവനന്തപുരം: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ തൊളിക്കോട് മുൻ ഇമാം ഷെഫീഖ് അൽഖാസിമിയുടെ കുറ്റസമ്മത മൊഴി കേട്ട് പൊലീസ് ഞെട്ടി.
പെൺകുട്ടിയെ കൊണ്ടുപോകുമ്പോൾ മറ്റാരും കാണാതിരിക്കാൻ ആഡംബര കാറിൽ കർട്ടനിട്ട് മറച്ചിരുന്നു. പെൺകുട്ടിയെ തിരിച്ചറിയാതിരിക്കാൻ പർദയും കരുതിയിരുന്നു. ഒളിയിടത്തിൽ നിന്ന് പിടികൂടിയശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ ഇതെല്ലാം വെളിപ്പെടുത്തിയത്.
ടൈൽ വാങ്ങാനായി വിതുരയിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. വിതുരയിലെത്തി പെൺകുട്ടിയെ കാത്തുനിന്നു. സ്കൂൾ വിട്ട് വരുംവഴി വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയെന്നാണ് ഇയാളുടെ മൊഴി. വിതുരയിൽ നിന്ന് റോഡ് മാർഗം പോകുന്നതിന് പകരം വനത്തിലൂടെയാണ് പോയത്. ഒരു സുഹൃത്തിനെ യാത്രാ മദ്ധ്യേ കാണണമെന്നാണ് പെൺകുട്ടിയോട് പറഞ്ഞിരുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ പള്ളികളിൽ ഇമാമായി ജോലിചെയ്തിരുന്നതിനാൽ പരിചയക്കാർ ഏറെയുണ്ട്. കാർ വനപ്രദേശത്തെ ഊടുവഴിയിലൂടെ പോകുന്നത് ഒരു പരിചയക്കാരൻ കണ്ടിരുന്നു. ഇയാൾ ഫോണിൽ വിളിച്ച് തൊട്ടടുത്തുള്ള തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. എന്നാൽ താൻ മകളെ പേപ്പാറ കാണിക്കാൻ കൊണ്ടുപോകുകയാണെന്ന് മറുപടി നൽകി. അതിനിടെയാണ് തൊഴിലുറപ്പ് തൊഴിലാളികൾ കണ്ട് കാർ തടഞ്ഞുവച്ചത്.
പിന്നീട് സംഭവം വലിയ വിവാദമാവുകയും തനിക്കെതിരെ കേസ് വരുമെന്ന് ഉറപ്പാവുകയും ചെയ്തതോടെ കാറുമായി സ്ഥലം വിടുകയായിരുന്നു എന്നാണ് ഇയാളുടെ മൊഴി. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടാമെന്ന അഭിഭാഷകന്റെ ഉറപ്പ് വിശ്വസിച്ച് മാറി നിൽക്കുകയായിരുന്നു. തന്നെ സഹായിച്ചവരെ ഒന്നൊന്നായി പൊലീസ് അറസ്റ്റ് ചെയ്തതോടെ ഇനി എന്തുചെയ്യുമെന്നറിയാതെ വിഷമിക്കുമ്പോഴാണ് ഒളിത്താവളം പൊലീസ് വളഞ്ഞ് പിടികൂടിയതെന്നും മൊഴി നൽകി. പൊലീസ് ചോദ്യം ചെയ്യലിൽ കൂപ്പുകൈകളോടെ കരഞ്ഞുകൊണ്ട് ഇയാൾ കുറ്റം ഏറ്റുപറഞ്ഞു.
കസ്റ്റഡിയിൽ വാങ്ങും
എറണാകുളം സ്വദേശിയാണെങ്കിലും കഴിഞ്ഞ കുറേ വർഷങ്ങളായി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇമാമായും മതപ്രഭാഷകനായും പ്രവർത്തിച്ചു വരികയായിരുന്നു ഷെഫീഖ് അൽ ഖാസിമി.
കുറ്റസമ്മതത്തെ തുടർന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ഇമാമിനെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങും.
വിതുരയിലെ വനത്തിലും ഒളിസങ്കേതങ്ങളിലും തെളിവെടുപ്പിന് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.