ഹൈദരാബാദ്: മയക്കുമരുന്നിനടിമയായ കാമുകൻ കാമുകിയെ പീഡിപ്പിച്ച ശേഷം വിവസ്ത്രയാക്കി ബ്ലെയ്ഡ് കൊണ്ട് ശരീരം കീറിമുറിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഹൈദരാബാദിലെ ഗാന്ധിനഗറിലാണ് സംഭവം. പ്രതിയായ കാമുകനെ പൊലീസ് അറസ്റ്ര് ചെയ്തു.
വിവസ്ത്രയാക്കിയ ശേഷം പെൺകുട്ടിയുടെ ശരീരം ഇയാൾ ബ്ലെയ്ഡ് കൊണ്ട് കീറിമുറിക്കുകയും ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയുമായിരുന്നു. മുറിവേറ്റ് ദേഹമാസകലം രക്തമായ പെൺകുട്ടി തന്നെ വെറുതെ വിടണമെന്ന് കാമുകനോട് അപേക്ഷിച്ചെങ്കിലും ഇത് വകവയ്ക്കാതെ കാമുകൻ ആക്രമണം തുടരുകയായിരുന്നു.
നിലവിളികേട്ട് സംഭവസ്ഥലത്തെത്തിയ പ്രദേശവാസികളാണ് പെൺകുട്ടിയെ രക്ഷപെടുത്തിയത്. പ്രതിയെ പിടികൂടിയ നാട്ടുകാർ മർദ്ദിച്ചവശനാക്കിയ ശേഷമാണ് പൊലീസിന് കൈമാറിയത്. പ്രദേശത്ത് യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
പെൺകുട്ടിയും പത്തൊൻപതുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. ഇവർ തമ്മിൽ നിരന്തരം ശാരീരിക ബന്ധം ഏർപ്പെടാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ആളൊഴിഞ്ഞ പ്രദേശത്തേക്ക് ഇയാൾ പെൺകുട്ടിയെ വിളിച്ച് വരുത്തിയ ശേഷം ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് മയക്കുമരുന്നിന് അടിമയായ ഇയാൾ പെൺകുട്ടിയെ ബ്ലാക്ക്മെയിൽ ചെയ്യുക എന്ന ഉദ്ദേശത്തേോടെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് തട്ടിക്കൊണ്ട് പോകൽ, ബലാത്സംഗം, ഐ.ടി ആക്ട്, പോക്സോ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.