ഒരേ കുടുംബത്തിൽ നിന്നും പാട്ടും, ഡാൻസും സംവിധാനവുമായി വനിതാ ദിനത്തിൽ സ്ത്രീകൾക്ക് സമർപ്പണവുമായി ഒരു സംഗീത ആൽബം. സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ശക്തമായ ചോദ്യം ഉന്നയിച്ചുകൊണ്ട് ഒരു സംഗീത ആൽബവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത പിന്നണിഗായികയും വയലിനിസ്റ്റുമായ കാവ്യാ അജിത്.
'നാൻ ഒരു വിളയാട്ട് ബൊമ്മയാ' എന്ന കർണാടക സംഗീതത്തിന് പുതിയ രൂപവും ഭാവവും നൽകിയിരിക്കുകയാണ് വിഷ്ണു ഉദയനാണ് സംവിധായകൻ. യൂട്വൂബിൽ റിലീസ് ചെയ്ത ഗാനം ഇതിനോടകം പ്രേക്ഷക ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. നടി മഞ്ജു വാര്യരും, യുവതാരം ടൊവിനോയുമുൾപ്പെടെ നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ ഗാനം ഷെയർ ചെയ്തിരിക്കുന്നത്.
ഒരു കുടുംബത്തിലുള്ള അംഗങ്ങൾ തന്നെയാണ് 'നാൻ ഒരു വിളയാട്ട് ബൊമ്മയാ' എന്ന മ്യൂസിക്കൽ ആൽബത്തിന് പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്. തന്റെ ആദ്യ ഗുരുവും, മുത്തശിയുമായ കമല സുബ്രമണ്യവും, കാവ്യയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് നൃത്ത ചുവടുകളുമായി എത്തിയിരിക്കുന്നത് കാവ്യയുടെ സഹോദരി അശ്വതി ലേഖയാണ്. ഗാനത്തിന് കൊറിയോഗ്രാഫി നിർവ്വഹിച്ചിരിക്കുന്നത് അശ്വതിയുടെ അമ്മ ലേഖയാണ്. നാൻ ഒരു വിളയാട്ട് ബൊമ്മയാ സംവിധാനം ചെയ്തിരിക്കുന്ന വിഷ്ണുവും കാവ്യയുടെ ബന്ധുവാണ്. ഏഴുവർഷമായി സിനിമാ രംഗത്തുള്ള വിഷ്ണുവിന്റെ നാലാമത്തെ മ്യൂസിക് വീഡിയോ ആണിത്. മുഹമ്മദ് അഫ്താബാണ് ഈ മ്യൂസിക് വീഡിയോയുടെ ഛായാഗ്രഹണം.
വിമാനം, ഇരുപത്തൊന്നാം നൂറ്റാണ്ട്, ജേക്കബിന്റെ സ്വർഗ്ഗരാജ്യം തുടങ്ങിയ സിനിമകളിൽ കാവ്യ ആലപിച്ച ഗാനങ്ങൾക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു. കൂടാതെ, ഒട്ടനവധി സ്റ്റേജ് ഷോസും മ്യൂസിക് വിഡിയോസുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന കലാകാരിയുമാണ് കാവ്യ. ലോകത്തുള്ള എല്ലാ സ്ത്രീകൾക്കും തങ്ങളുടെ സമർപ്പണമാണ് ഈ ഗാനമെന്ന് സംവിധായകൻ വിഷ്ണു പറഞ്ഞു.