ഇലന്തൂർ അടുക്കാറായപ്പോൾ വിജയയുടെ ഫോണിലേക്ക് ഒരു മെസേജ് വന്നു.
അത് എടുത്തു നോക്കിയിട്ട് അവൾ പിങ്ക് പൊലീസ് ഡ്രൈവർ സുമത്തിന്റെ തോളിൽ തട്ടി.
''വലത്തേക്ക്..."
ഇന്നോവ നെടുവേലിമുക്കിൽ നിന്ന് വലത്ത് ഇലന്തൂർ വഴി പ്രക്കാനം റോഡിലേക്കു തിരിഞ്ഞു.
അതിനിടെ ഒരു തവണകൂടി എസ്.പി അരുണാചലം വിജയയെ വിളിച്ചു.
''വിജയ... ഞാൻ നാളെ പത്തുമണി കഴിഞ്ഞേ റിലീവ് ചെയ്ത് തിരുവനന്തപുരത്തേക്കു പോകൂ. അതിനുമുൻപ് എനിക്ക് എന്നും സന്തോഷത്തോടെ ഓർത്തിരിക്കുവാൻ ഒരു നല്ല വാർത്ത ഉണ്ടായാൽ നന്ന്."
വിജയയുടെ ചുണ്ടിൽ ഒരു ചിരി മിന്നി: ''എനിക്കു മനസ്സിലായി....
'ഐ വിൽ ട്രൈ സാർ... "
''ഓക്കെ. "" എസ്.പി കാൾ മുറിച്ചു.
കാർ ഗണപതി അമ്പലവും പിന്നിട്ട് ഇലന്തൂർ റോഡിലൂടെ പായുകയാണ്.
ആ സമയം വിജയയ്ക്ക് ഒരു മെസേജു കൂടി വന്നു. അതും വായിച്ചിട്ട് അവൾ മുന്നോട്ടുനോക്കി.
അകലെ നിന്നു പാഞ്ഞടുക്കുന്ന ഒരു ബൈക്കിന്റെ ഒറ്റ വെളിച്ചം കണ്ടു.
''സുമം. ഒരു ബൈക്ക് വീഴ്ത്തണം. പക്ഷേ നമ്മുടെ വണ്ടി തട്ടുകയും അരുത്. "
അതു കേട്ടതേ പിങ്ക് പോലീസിലെ മറ്റുള്ളവരും ജാഗരൂകരായി.
ബൈക്ക് അടുത്തുവരും തോറും സുമം ഇന്നോവയുടെ വേഗത ക്രമത്തിൽ വർദ്ധിപ്പിക്കുകയും പരമാവധി ഇടത്തേക്ക് ഒതുക്കുകയും ചെയ്തു.
എതിരെ വരുന്നവർക്ക് ആപത്ശങ്ക തോന്നുകയേ അരുത്..
എന്നാൽ പത്ത് മീറ്ററോളം ബൈക്ക് അടുത്തെത്തിയതും സുമം ഇന്നോവ അതിനു നേർക്ക് വെട്ടിത്തിരിച്ചു.
ബൈക്കിലിരുന്നവർ ഞെട്ടിപ്പോയി. അത് ഓടിച്ചുകൊണ്ടിരുന്ന സാദിഖ് മിന്നൽ വേഗത്തിൽ ഇടത്തേക്കു വെട്ടിച്ചു....
ബൈക്ക് 'റ" പോലെ തിരിയുന്നത് വിജയ കണ്ടു.
പിന്നെ കേൾക്കുന്നത് ഒരിടിയൊച്ചയും നിലവിളിയും... നിയന്ത്രണം തെറ്റിയ ബൈക്ക് ഇടതു ഭാഗത്തെ മതിലിൽ ചെന്നിടിച്ചു മറിഞ്ഞു.
അതിൽ ഉണ്ടായിരുന്ന രണ്ടുപേരും റോഡിലേക്കു തെറിച്ചുവീണു.
സുമം ബ്രേക്ക് പെഡൽ ആഞ്ഞമർത്തി. ടയർ തറയിലുരഞ്ഞ് ഇന്നോവ നിന്നു.
മിന്നൽ വേഗത്തിൽ പിങ്ക് പോലീസ് ഡോറുകൾ തുറന്നു പുറത്തേക്കു ചാടി.
വിക്രമനും സാദിഖും റോഡിൽ നിന്നെഴുന്നേൽക്കാൻ കഴിയും മുൻപ് പെൺ പോലീസ് അവരെ വളഞ്ഞു.
വിജയമ്മയും നിർമ്മലയും ഇരുവരെയും ചവുട്ടിപ്പിടിച്ചു. അമലയും ശാന്തിനിയും അവരുടെ കൈകൾ പിന്നിലേക്കു പിടിച്ചുതിരിച്ചു വിലങ്ങിട്ടു.
അപകടത്തിന്റെ ആഘാതത്തിൽ, എന്താണുണ്ടായതെന്ന് ഇരുവർക്കും വ്യക്തമാകും മുൻപ് പിങ്ക് പോലീസ് അവരെ വലിച്ചുയർത്തി ഇന്നോവയിലേക്കെറിഞ്ഞു. എതിർദിശയിൽ നിന്ന് ഒരു ബൈക്ക് കൂടിവന്ന് അവർക്കരുകിൽ നിന്നു.
''എല്ലാം ഓക്കെയാണല്ലോ വിജയ?" അതിലിരുന്ന ആൾ തിരക്കി.
''ഓക്കെയാണ്. "
''ശരി. എസ്.പി സാർ കാത്തിരിക്കും." അയാൾ അത്രമാത്രം പറഞ്ഞിട്ട് ബൈക്ക് നേരെ വിട്ടുപോയി.
വിക്രമനും സാദിഖിനും ശരീരം ഒടിഞ്ഞു നുറുങ്ങിയതുപോലെ തോന്നി. ഇരുവരും ഞരങ്ങുകയും എന്തോ ചോദിക്കാൻ ശ്രമിക്കുകയും ചെയ്തു.
വിജയ പിന്നിലേക്കു തിരിഞ്ഞു.
''മിണ്ടിപ്പോകരുത്. കൊന്നുകളയും."
സുമം അപ്പോഴേക്കും ഇന്നോവ വീണ്ടും മുന്നോട്ടെടുത്തു കഴിഞ്ഞിരുന്നു.
***
ആറന്മുളയിലെ പഴയ പോലീസ് സ്റ്റേഷൻ. അറ്റകുറ്റപ്പണികൾക്കായി തൽക്കാലം അത് ഒഴിച്ചിട്ടിട്ട് മറ്റൊരിടത്താണ് പ്രവർത്തനം.
തുരുമ്പിച്ചതും പകുതി തുറന്നതുമായ ഗേറ്റിനു മുന്നിൽ ഇന്നോവ നിന്നു. സി.പി.ഒ നിർമ്മല ഇറങ്ങി ഗേറ്റു തുറന്നു.
ബദാം മരത്തിന്റെ കരിയിലകൾ നിരന്നുകിടക്കുന്ന മുറ്റത്തേക്കു കയറി ഇന്നോവ അല്പം മുന്നോട്ടു നീങ്ങി ബ്രേക്കിട്ടു.
ഇപ്പോൾ, മതിൽ ഉള്ള കാരണം റോഡിൽ കൂടി പോകുന്നവർക്ക് അങ്ങനെ ഒരു വാഹനം അവിടെ ഉള്ളതായി അറിയില്ല.
നിർമ്മല ഗേറ്റുകൾ ചേർത്തടച്ചു.
വിജയ ഡോർ തുറന്ന് ആദ്യം ഇറങ്ങി. പിന്നെ പോക്കറ്റിൽ നിന്ന് ഒരു താക്കോൽ എടുത്ത് സ്റ്റേഷന്റെ മുന്നിലെ ഗ്രില്ല് തുറന്നു. അത് ഇരുവശത്തേക്കും തള്ളിയകറ്റി.
അപ്പോഴേക്കും മറ്റുള്ളവർ വിക്രമനെയും സാദിഖിനെയും വലിച്ചിറക്കിക്കൊണ്ടുവന്നു.
മൊബൈൽ വെളിച്ചത്തിൽ അവരെ അകത്തേക്കു കൊണ്ടുപോയി.
വിജയ ഗ്രില്ല് അകത്തുനിന്ന് അടച്ചുപൂട്ടി.
ശേഷം ചെന്ന് അകത്തെ മുറിയിലെ ലൈറ്റു തെളിച്ചു....
വിക്രമനും സാദിഖും രണ്ട് ചാക്കുകെട്ടുകൾ പോലെ അവിടേക്കു വീണു.
[തുടരും]