saradakutty

ലോക്സഭതിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ രാജ്യം നിൽക്കുമ്പോൾ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന തിരക്കിലാണ് രാഷ്ട്രീയ പാർട്ടികൾ. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിൽ ജയസാധ്യതയാണ് മിക്ക പാർട്ടികളും മാനദണ്ഡമാക്കുന്നത്. എന്നാൽ പേരിന് മാത്രം സ്ത്രീപ്രാതിനിധ്യം നൽകി വനിത നേതാക്കളെ ഒതുക്കുന്ന കാഴ്ചയാണ് മിക്കവാറും കാണാറുള്ളത്. ഈ വിഷയത്തിൽ മറ്റു പാർട്ടികളെ കുറ്റപ്പെടുത്തുമ്പോഴും കേരളത്തിൽ സി.പി.എം അത്തരത്തിൽ ലിംഗവിവേചനം കാണിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ എഴുത്തുകാരി ശാരദക്കുട്ടി അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് സി.പി.എം. സ്ഥാനാർത്ഥിപട്ടിക പുറത്ത് വന്നപ്പോൾ രണ്ട് സീറ്റിൽ മാത്രമാണ് വനിതയ്ക്ക് അവസരം നൽകിയിരിക്കുന്നത്. ഇത് ശ്രദ്ധയിൽപെട്ടതോടെ സി.പി.എമ്മിനെ വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരിക്കുകയാണ് ശാരദക്കുട്ടി.

ശബരിമല സ്ത്രീപ്രവേശന സമയത്ത് നവോത്ഥാന ചിന്തകൾ പങ്ക് വച്ച് നാലു വോട്ടു കൂടുതൽ കിട്ടാൻ വേണ്ടി നാടിനെ പിന്നോട്ടു നടത്തില്ല എന്നൊരു വാക്കു പറഞ്ഞതിന്റെ പേരിൽ ആവേശഭരിതരായി മുഖ്യമന്ത്രിക്കു കയ്യടിച്ച സ്ത്രീകൾ വളരെയേറെയുള്ള നമ്മുടെ നാട്ടിൽ അദ്ദേഹത്തിന്റെ ഉറപ്പിൻമേൽ തിരഞ്ഞെടുപ്പിലും സ്ത്രീ പ്രാതിനിധ്യം കൂട്ടുമെന്ന് വിചാരിച്ചിരുന്നു. എന്നാൽ പരസ്യമായ അഴിമതിക്കും കൊലപാതകത്തിനും സ്ത്രീവിരുദ്ധതക്കും കൂട്ടുനിന്നവരുണ്ട് ഇപ്പോഴത്തെ ലിസ്റ്റിൽ ഇവർക്ക് പകരം കർമ്മശേഷിയും വിശ്വസ്തതയും തെളിയിച്ച ഒരു സ്ത്രീയും സി.പി.എമ്മിലില്ലേ എന്ന് ശാരദക്കുട്ടി ചോദിക്കുന്നു. സി.പി.എമ്മിന്റെ കാര്യം സിനിമയിൽ മോഹൻലാൽ പറഞ്ഞ പോലെയായെന്നും അവർ വിമർശിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സമ്മതിച്ചു. തെരഞ്ഞെടുപ്പിൽ ജയസാധ്യത പ്രധാനമാണ്. ശക്തരായ, ജയസാധ്യതയുള്ള സ്ഥാനാർഥികളെന്ന് സി പി എം വിമർശകനായ അഡ്വ.ജയശങ്കറും ബി.ജെ.പി, കോൺഗ്രസ് വക്താക്കളും ഏഷ്യാനെറ്റ് ചർച്ചയിൽ തലയാട്ടി സമ്മതിക്കുകയും ചെയ്യുന്നതും കേട്ടു..ശക്തർ തന്നെ. ജയിച്ചു വരട്ടെ.

പക്ഷേ, നാലു വോട്ടു കൂടുതൽ കിട്ടാൻ വേണ്ടി നാടിനെ പിന്നോട്ടു നടത്തില്ല എന്നൊരു വാക്കു പറഞ്ഞതിന്റെ പേരിൽ ആവേശഭരിതരായി മുഖ്യമന്ത്രിക്കു കയ്യടിച്ച സ്ത്രീകൾ വളരെയേറെയുണ്ട്. നാലു വോട്ടു പോയാൽ പോട്ടെ എന്ന ആ ഉറപ്പ് വലിയ ആശയായിരുന്നു.മുന്നോട്ടു പോകുന്ന പാതയിൽ രണ്ടോ മൂന്നോ സ്ത്രീകളെ കൂടെ കൂട്ടുമെന്നു പ്രതീക്ഷിച്ചു.

പരസ്യമായ അഴിമതിക്കും കൊലപാതകത്തിനും സ്ത്രീവിരുദ്ധതക്കും കൂട്ടുനിന്നവരുണ്ട് ലിസ്റ്റിൽ.ഒഴിവാക്കേണ്ടതായിരുന്നു. അവർക്കു പകരം വെക്കാൻ സത്യസന്ധരും കർമ്മശേഷിയും വിശ്വസ്തതയും തെളിയിച്ച ഒരു സ്ത്രീയും സി പി എമ്മിൽ ഇല്ലേ? മതിൽ കെട്ടിയ പെണ്ണുങ്ങൾക്ക് ഉശിരോടെ, അഭിമാനത്തോടെ നാട്ടാരോട് പറയാമായിരുന്നു നാലു വോട്ടിനു വേണ്ടി പെണ്ണുങ്ങളെ തള്ളിമാറ്റില്ല സി പി എം എന്ന്.

ഇതിപ്പോ ഏതോ സിനിമയിൽ മോഹൻലാൽനായകൻ പറഞ്ഞ പോലായിപ്പോയല്ലോ. ''ഞങ്ങൾ വിളിക്കുമ്പോൾ മതിൽ കെട്ടാനും ഞങ്ങൾക്ക് സാംസ്‌കാരികജാഥ നയിക്കാനും കൊടിയും ബാനറും പിടിക്കാനും, തിരികെ ഞങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ കഞ്ഞിയും കറിയും വെക്കാനും വിളമ്പാനും, പട്ടടേലേക്ക് എടുക്കുമ്പോൾ തല്ലിയലച്ചു കരയാനും ഞങ്ങൾക്ക് കുറച്ചു പെണ്ണുങ്ങളെ ആവശ്യമുണ്ട്. മനസ്സുണ്ടെങ്കിൽ കേറ് വണ്ടീല്'

എസ്.ശാരദക്കുട്ടി
9.3.2019