വികസിത രാജ്യങ്ങളിൽ വൃക്കയിലെ കല്ലുകൾ കൂടുതലായി കാണപ്പെടുന്നു. ഭക്ഷണത്തിൽ പ്രോട്ടീൻ കൂടുതലായി ഉൾപ്പെടുത്തുന്നതിനാലാണ് ഇത്. യൂറിക് ആസിഡ്, കാത്സ്യം കല്ലുകൾ കൂടുതലായി പുരുഷന്മാരിൽ കാണപ്പെടുന്നു. സ്ത്രീകളിൽ മൂത്രരോഗാണുബാധ മൂലമുള്ള കല്ലുകൾ ആണ് കൂടുതലായുണ്ടാവുക. വൃക്കയിലെ കല്ലുകൾ സാധാരണ വയറുവേദനയായാണ് പ്രകടമാകുന്നത്.
വയറിന്റെ മുകൾഭാഗത്ത് പിറകിലായി അസഹനീയമായ വേദന ഉണ്ടാകും. കല്ലുകൾ വൃക്കയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടാക്കുന്ന തടസം മൂലമാണ് വേദന ഉണ്ടാകുന്നത്. ചില രോഗികളിൽ പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും കാണുകയില്ല. അൾട്രാസൗണ്ട് സ്കാൻ പോലുള്ള പരിശോധനകൾ നടത്തുമ്പോഴാണ് വൃക്കയിലെ കല്ലുകൾ കാണപ്പെടുക. ചികിത്സാമാർഗങ്ങൾ വൃക്കയിലെ കല്ലിന്റെ വലിപ്പമനുസരിച്ചാണ് നിശ്ചയിക്കുന്നത്.
വളരെ വലിപ്പമേറിയ കല്ലുകൾ, വൃക്കയിൽ കീഴ്ഭാഗത്തുള്ള കല്ലുകൾ, മറ്റ് ചികിത്സാമാർഗങ്ങൾ പരാജയപ്പെടുമ്പോൾ, ട്രാൻസ്പ്ളാന്റേഷൻ കഴിഞ്ഞ വൃക്കയിലെ കല്ല്, വൃക്കയിൽ ഘടനാപരമായി അപാകതയുണ്ടെങ്കിൽ, സിസ്റ്റൈൻ കല്ലുകൾ മുതലായ സാഹചര്യങ്ങളിൽ പി.സി.എൻ.എൽ ചികിത്സയാണ് അഭികാമ്യം.
(തുടരും)