തിരുവനന്തപുരം: കേരളത്തിൽ അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് വടകരയിലെ ഇടതുസ്ഥാനാർത്ഥി പി. ജയരാജൻ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അക്രമരാഷ്ട്രീയത്തിനെതിരെ ചിന്തിക്കുന്ന പ്രസ്ഥാനമാണ് സി.പി.എം. പി. ജയരാജൻ വീട്ടിനകത്തിരിക്കുമ്പോഴാണ് അക്രമികൾ അതിക്രമിച്ചു കയറി അദ്ദേഹത്തെ വെട്ടിനുറുക്കിയത്. എറണാകുളത്ത് വിദഗ്ധചികിത്സയിലാണ് അദ്ദേഹത്തിന്റെ അറ്റുതൂങ്ങിയ വലതുകൈ തുന്നിക്കെട്ടിയത്. കണ്ടാൽ രണ്ട് കൈയും ശേഷിയുള്ളത് പോലെയേ തോന്നൂ. ആ തുന്നിക്കെട്ടിയ കൈ അക്രമരാഷ്ട്രീയത്തിന്റെ പ്രതീകമാണ്. ആർ.എസ്.എസ് ആണ് അതിൽ പ്രതിസ്ഥാനത്ത്. അതുകൊണ്ടുതന്നെ അക്രമരാഷ്ട്രീയത്തിനെതിരെ ചിന്തിക്കുന്നവർ പി. ജയരാജന് വോട്ട് ചെയ്യണം.
കൊലക്കുറ്റത്തിന് കേസിൽ പ്രതി ചേർക്കപ്പെട്ട ജയരാജനെ സ്ഥാനാർത്ഥിയാക്കുന്നത് ശരിയോ എന്ന ചോദ്യത്തിന്, അദ്ദേഹത്തിനെതിരെ ഉള്ളത് ആരോപണങ്ങൾ മാത്രമാണെന്നായിരുന്നു മറുപടി. കേസിൽ പെട്ടയാൾ സ്ഥനാർത്ഥിയാകരുത് എന്നെവിടെയും പറഞ്ഞിട്ടില്ല. അങ്ങനെയെങ്കിൽ യു.ഡി.എഫിൽ ഒരാൾക്കും മത്സരിക്കാനാവില്ല. ഒരു കേസിൽ രണ്ട് കൊല്ലം ശിക്ഷിക്കപ്പെട്ടെങ്കിൽ മാത്രമേ സ്ഥാനാർത്ഥിയാകുന്നതിന് അയോഗ്യതയാവൂ.
രണ്ട് ജില്ലാ സെക്രട്ടറിമാർ സ്ഥാനാർത്ഥികളാവുമ്പോൾ പകരം ക്രമീകരണമുണ്ടാവും. കണ്ണൂർ ജില്ലയിൽ സ്ഥിരം സെക്രട്ടറി തന്നെ വരും. വടകരയിൽ കോൺഗ്രസ് പിന്തുണയോടെ ആർ.എം.പിയുടെ പൊതുസ്ഥാനാർത്ഥി ജയരാജനെതിരെ മത്സരിക്കുമെന്ന റിപ്പോർട്ടുകളെപ്പറ്റി, ആർ.എം.പി അവിടെ കഴിഞ്ഞതവണയും മുല്ലപ്പള്ളിയുടെ കൂടെയായിരുന്നു എന്നായിരുന്നു മറുപടി.
പി. ശശി പാർട്ടിയുടെ കണ്ണൂർ ജില്ലാ കമ്മിറ്റിയിലെത്തിയിട്ട് കുറച്ചുകാലമായെന്നും മാദ്ധ്യമങ്ങൾ അക്കാര്യം ഇപ്പോൾ അറിഞ്ഞെന്ന് മാത്രമേയുള്ളൂ എന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.
മാവോയിസ്റ്റ് വേട്ടയിൽ മജിസ്റ്റീരിയൽ അന്വേഷണം
വയനാട്ടിലെ മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളിൽ മജിസ്റ്രീരിയൽ അന്വേഷണത്തിന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. ഇക്കാര്യത്തിൽ സുപ്രീംകോടതി മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും സർക്കാർ പാലിക്കും.