imran-raveesh-kumar

ന്യൂഡൽഹി: ബലാക്കോട്ടിൽ വ്യോമസേന പാക് എഫ് 16 വിമാനം വെടിവച്ചിട്ടതിന് തെളിവുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചില്ലെന്ന പാക് വാദം കള്ളമാണെന്നും ഇതിന് തെളിവുകളുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പാകിസ്ഥാന്റെ എഫ് 16 വിമാനം അതിർത്തി കടന്നതിന് ദൃക്സാക്ഷികളും ഇലക്ട്രോണിക് തെളിവുകളും ഇന്ത്യയുടെ പക്കലുണ്ട്. ഒരു എഫ് 16 വിമാനം വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ വെടിവച്ചിട്ടതിനും തെളിവുകളുണ്ട്. അതേസമയം തന്നെ എഫ് 16 വിമാനങ്ങളുടെ വിൽപ്പന കരാറും നിബന്ധനകളും പരിശോധിക്കാൻ അമേരിക്കയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

പുതിയ പാകിസ്ഥാന്‍ പുതിയ ചിന്താഗതി എന്നാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നതെങ്കിൽ ഭീകരവാദികൾക്കെതിരെ പുതിയ നടപടികൾ കൂടി ഉണ്ടാകണം. അത് അവർ കാണിച്ച് തെളിയിക്കുകയാണ് വേണ്ടത്. 'പുതിയ ചിന്തകളുള്ള പുതിയ പാകിസ്ഥാൻ' എന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനക്ക് ഊന്നൽ നൽകിയായിരുന്നു ഈ പ്രതികരണം.

പുൽവാമ ആക്രമണത്തിൽ ജയ്ഷെ മുഹമ്മദിന് പങ്കില്ലെന്നാണ് ഇപ്പോഴും പാകിസ്ഥാൻ വാദിക്കുന്നത്. ജയ്ഷെ അത് ഏറ്റുപറഞ്ഞ സഹാചര്യത്തിലാണ് പാകിസ്ഥാൻ അത് അല്ലെന്ന് പറയുന്നത്. പാകിസ്ഥാൻ ജയ്ഷെയുടെ വാക്കുകളെയാണോ പ്രതിരോധിക്കുന്നത് എന്ന് വ്യക്‌തമാക്കണം. പാകിസ്ഥാന്റെ പോർ വിമാനം തകർത്തതിനെ കുറിച്ച് പാകിസ്ഥാൻ മൗനം പാലിക്കുകയാണ്. സത്യം പുറത്ത് വരാതിരിക്കാനാണ് ബലാക്കോട്ടെ സ്ഥലം സന്ദർശിക്കുന്നതിൽ നിന്ന് പാകിസ്ഥാൻ മാദ്ധ്യമപ്രവർത്തകരെ വിലക്കുന്നതെന്നും അദ്ദേഹം പറ‌ഞ്ഞു.