ലണ്ടൻ: ഒരിക്കൽ പിരിഞ്ഞ കാമുകിയും കാമുകനും തമ്മിൽ കുറേക്കാലത്തിന് ശേഷം കണ്ടുമുട്ടിയാൽ എന്തു സംഭവിക്കും? എന്ത് സംഭവിക്കാൻ...ചേർത്ത് നിറുത്തി ഒരുമ്മ കൊടുക്കും..സോ സിംപിൾ. ഗായികയും ടെലിവിഷൻ അവതാരകയുമായ ചെറിലും മുൻ കാമുകൻ ലിയാം പെയ്നും തമ്മിൽ കണ്ടുമുട്ടിയ കഥയാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിലെ ട്രെൻഡിംഗ്.
ഈ വർഷത്തെ ഗ്ലോബൽ അവാർഡ് വേദിയിൽ വച്ചാണ് ബ്രിട്ടീഷ് ഗായകനും ഗാന രചയിതാവും കൂടിയായ ലിയാമും ചെറിലും കണ്ടുമുട്ടിയത്. ദീർഘനേരം സംസാരിച്ചതിനുശേഷമാണ് ഇരുവരും അവാർഡ് വേദിയിലേക്ക് കടന്നുവന്നത്. ഹെലോ സ്ട്രെയ്ഞ്ചർ എന്നാണത്രെ കണ്ടപാടെ ചെറിൽ ലിയാമിനെ അഭിസംബോധന ചെയ്തത്. പിന്നെ ചേർത്തുനിറുത്തി കവിളിലൊരു ഉമ്മയും.
2015 ലാണ് ചെറിലും ലിയാമും തമ്മിൽ പ്രണയത്തിലാകുന്നത്. 2017ൽ ഇരുവർക്കും ഒരു മകനുമുണ്ടായി. എന്നാൽ, ഇക്കഴിഞ്ഞ ജൂലായിൽ ഇരുവരും പിരിയുന്നുവെന്ന വാർത്ത ആരാധകർ വളരെ ഞെട്ടലോടെയാണ് കേട്ടത്. പ്രണയത്തിൽനിന്ന് പിന്മാറിയതിനുശേഷം ആദ്യമായാണ് ഇരുവരും ഒരുവേദിയിൽ ഒന്നിച്ചുകാണുന്നത്.