വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പേരിട്ടാൽ എങ്ങനെയിരിക്കും? അത് ''ടിം ആപ്പിൾ" പോലെയായിരിക്കും എന്നാണ് സോഷ്യൽലോകം പറയുന്നത്. എന്താണ് ഈ ടിം ആപ്പിൾ. അത് ട്രംപ് ആപ്പിൾ സി.ഇ.ഒ ടിം കുക്കിന് ഇട്ട പേരാണ്!
കഴിഞ്ഞ ബുധനാഴ്ച സംസാരിക്കുന്നതിനിടയിൽ ട്രംപിന് സംഭവിച്ച നാക്കുപിഴയാണ് സംഭവം. രാജ്യത്തിന് നിങ്ങൾ വലിയ നിക്ഷേപമാണ് നടത്തിയിരിക്കുന്നത് എന്ന് പറഞ്ഞ് തുടങ്ങിയ ട്രംപ് ടിം കുക്കിന് പകരം ടിം ആപ്പിൾ എന്ന് തെറ്റായി പറയുകയായിരുന്നു. ഇതിന് പിന്നാലെ ട്രംപിനെ പരിഹസിച്ച് നിരവധിയാളുകൾ രംഗത്തുവന്നിരുന്നു.
എന്നാൽ, വൈകാതെ സോഷ്യൽ മീഡിയയിൽ സാക്ഷാൽ കുക്ക് തന്നെ തന്റെ പേര് ടിംആപ്പിൾ എന്ന് മാറ്റുകയായിരുന്നു. ടിം എന്ന പേരിനൊപ്പം ആപ്പിളിന്റെ ലോഗോ കൂടിവച്ചാണ് അദ്ദേഹം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. ട്രംപും ആപ്പിൾ കമ്പനിയുംതമ്മിൽ ദീർഘനാളായി അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. ഉപഭോക്താക്കളുടെ സ്വകാര്യത മാനിച്ച് ട്രംപിന്റെ പല നിർദേശങ്ങളും കമ്പനി സ്വീകരിച്ചിരുന്നില്ല.