പൂനെ: തന്റെ 75ആമത്തെ വയസിൽ നാതുലാപാസിലേക്ക് ഒറ്റയ്ക്ക് ട്രക്കിംഗ് പോയൊരു മുത്തശ്ശിയുണ്ട് പൂനെയിൽ. പേര് റീന വർമ്മ. കൂടെവരാൻ ആർക്കും സമയമില്ലാതിരുന്നത് കൊണ്ട് ഞാനന്ന് ഒറ്റയ്ക്ക് പോയി എന്ന് സിംപിളായിട്ടാണ് ഈ 87കാരി ഇപ്പോഴും പറയുന്നത്.
ഈ പ്രായത്തിൽ വെറുതെയിരിക്കുകയാണ് കക്ഷിയെന്ന് കരുതണ്ട. ഇപ്പോഴും സജീവമായി വാക്കത്തോണുകളിൽ പങ്കെടുക്കാറുണ്ട് പുള്ളിക്കാരി. യാത്രകളെക്കുറിച്ച് ചോദിച്ചാൽ, തനിക്ക് പ്രണയം യാത്രകളോടും സാഹസികതകളോടുമാണെന്ന് പറയും റീന മുത്തശ്ശി. റീനമുത്തശ്ശിയുടെ സാഹസിക കഥകൾ ഇവിടെകൊണ്ടൊന്നും തീരുന്നതല്ല. ഇന്ത്യയിലെ ആദ്യത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തിട്ടുണ്ട് റീന. പണ്ഡിറ്റ് നെഹ്റു, എലിസബത്ത് രാജ്ഞി, നേപ്പാൾ രാജാവ്.. എന്നിങ്ങനെ ഒട്ടുമിക്ക പ്രമുഖരെയും പലപ്പോഴായി കണ്ടിട്ടുണ്ട്.
1932ൽ ഇന്നത്തെ പാകിസ്ഥാനിലുള്ള റാവൽപിണ്ടിയിലാണ് റീന വർമ്മ ജനിച്ചത്. അവിടത്തെ ഹിൽസ്റ്റേഷനിൽ ഒരുപാട് ബ്രിട്ടീഷ് കുടുംബങ്ങൾക്കൊപ്പമാണ് റീനയുടെ കുടുംബം ജീവിച്ചിരുന്നത്. പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്ന് ചിന്തിച്ചിരുന്ന ആളായിരുന്നു അവരുടെ അച്ഛൻ. അതുകൊണ്ടാകാം ഈ പ്രായത്തിലും റീനമുത്തശ്ശിയുടെ സ്വപ്നങ്ങൾക്കിത്ര വീറ്!