crime

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ച ഇമാം പൊലീസിനെ വെട്ടിക്കാൻ സ്വീകരിച്ചത് അടിമുടി രൂപം മാറിയായിരുന്നു. ഒരു മതപുരോഹിതനെന്ന് സ്വപ്നത്തിൽ പോലും ആരും വിചാരിക്കാത്ത ന്യൂജൻ ലുക്ക് പുറത്തെടുത്താണ് മാം ഷെഫീഖ് ഒളിവിൽ കഴിഞ്ഞത് അതും ഒന്നിന് പുറകേ ഒന്നായി പതിനാറ് ലോഡ്ജുകളിലായി താവളം മാറ്റിക്കൊണ്ടിരുന്നു. മുടി പറ്റെ വെട്ടി, താടിവടിച്ച്, ടീ ഷർട്ടും ജീൻസും ധരിച്ച് സിക്സ് പാക് ലുക്കിലായിരുന്നു അറസ്റ്റിലായപ്പോൾ ഇയാൾ.

ഷെഫീഖിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നത് പൊലീസ് ഒത്താശയോടെയാണെന്ന ആരോപണങ്ങൾ പ്രതിപക്ഷകക്ഷികൾ ഉന്നയിച്ചതോടെ പൊലീസ് കൂടുതൽ സമ്മർദ്ദത്തിലാവുകയും കോയമ്പത്തൂരും ഹൈദരാബാദിലും ഒട്ടേറെ തവണ അന്വേഷണം നടത്തുകയും ചെയ്തു. ഇതിനിടയിൽ മധുരാപുരത്ത് നിന്നും അന്വേഷണ സംഘത്തിന് ലഭിച്ച സി.സി.ടി.വി ക്യാമറയിലെ ഒരു ദൃശ്യമാണ് പൊലീസിന് പിടിവള്ളിയായത്. ഈ ചിത്രവുമായി അന്വേഷണം തുടരവേയാണ് മധുരയ്ക്കടുത്തുള്ള അർച്ചന ലോഡ്ജിൽ ഇയാളുണ്ടെന്ന സൂചന കിട്ടിയത്. അതിരാവിലെ ഇവിടെ എത്തിയ പൊലീസ് സംഘം ലോക്കൽ പൊലീസിനെ അറിയിക്കാതെ ഷെഫീക്കിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എറണാകുളം സ്വദേശിയാണെങ്കിലും കഴിഞ്ഞ കുറേ വർഷങ്ങളായി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇമാമായും മതപ്രഭാഷകനായും പ്രവർത്തിച്ചു വരികയായിരുന്നു ഷെഫീഖ് അൽ ഖാസിമി.
കുറ്റസമ്മതത്തെ തുടർന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ഇമാമിനെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങും. വിതുരയിലെ വനത്തിലും ഒളിസങ്കേതങ്ങളിലും തെളിവെടുപ്പിന് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.