സ്പെയിൻ: മൂന്നാം വയസിൽ ഇന്ത്യയിൽ നിന്ന് സ്പെയിനിലെത്തിയപ്പോഴേ ഫ്ലാവിയ വിഷമത്തിലായിരുന്നു. മറ്റ് ആനക്കുട്ടികളോടൊപ്പം ഇണങ്ങാൻ താത്പര്യമില്ലാത്ത ആനക്കുട്ടി ലോകത്തിലെ ഏറ്ററും ദുഃഖിതയായ ആനയെന്ന പേരും സ്വന്തമാക്കി. ഒടുവിൽ 43 വർഷത്തെ ഏകാന്ത വാസത്തിനുശേഷം കഴിഞ്ഞ ദിവസം ഫ്ലാവിയ ചരിഞ്ഞു.
മൂന്നാം വയസിലാണ് ഫ്ലാവിയ ഇന്ത്യയിൽ നിന്ന് സ്പെയിനിലെ കൊർഡോബ മൃഗശാലയിലെത്തിയത്. എത്തിയ നാൾ മുതൽ മരിക്കും വരെ ഒരു വേലിക്കെട്ടിനുളളിൽ ഏകാന്ത വാസം നയിച്ചു. മറ്റ് ആനകളുമായി കൂട്ടുകൂടാതെ മാറി നിന്നതിനാലാണ് ഫ്ലാവിയ ആനകളിലെ ദുഃഖപുത്രിയായത്.
ഫെബ്രുവരി മാസം അവസാനം തളർന്ന് വീണ ഫ്ലാവിയ പിന്നീട് എഴുന്നേറ്റ് നിന്നിട്ടില്ല. തുടർന്ന് ചികിത്സയിലായിരുന്നെങ്കിലും ഈ മാസം ഒന്നിന് ആരോഗ്യ പ്രശ്നങ്ങളും വിഷാദവും കലശലായതോടെയാണ് ചരിഞ്ഞത്. മറ്റ് ആനകളുമായി ഫ്ലാവിയയെ സംവദിപ്പിക്കാൻ മൃഗശാല അധികൃതർ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.