രാജ്യത്ത് ജനാധിപത്യവ്യവസ്ഥിതി നിലവിൽ വന്നിട്ട് പതിറ്റാണ്ടുകൾ പലത് കഴിഞ്ഞെങ്കിലും പല ഭാഗങ്ങളിലും കൊളോണിയലിസത്തിന്റെയും അനാചാരങ്ങളുടെയും സന്തതികളായ ആധിപത്യവും ചൂഷണവും ഹിംസയും തുടരുകയാണ്. ജനങ്ങളിൽ വലിയ ഒരു വിഭാഗത്തിന് ഇന്നും അന്യമാണ്, പൗരാവകാശത്തിന്റെ പൊരുൾ.
ഉച്ചനീചത്വത്തിന്റെ പ്രേതബാധ ഒഴിയാത്ത മേഖലകളിൽ നീതി ഉറപ്പാക്കാൻ എന്ത് വേണമെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു സമസ്യയാണ്. സായുധപോരാട്ടമാണോ ശരിയായ പ്രതിവിധി ? ഈ ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം കണ്ടെത്തുക ക്ലേശകരമാണെങ്കിലും ഒരു കാര്യം വ്യക്തമാണ്. കേരളത്തിലെ നീചതാല്പര്യങ്ങൾക്ക് അറുതിവരുത്താൻ ഒരു സായുധപോരാട്ടം ആവശ്യമില്ല. ലളിതവും സൗമ്യവുമായ ഭാഷയിൽ അവതരിപ്പിച്ചാൽ മനസിലാകാത്ത ഒരു തത്വശാസ്ത്രവും ഹിംസയുടെ സിന്ദൂരപ്രതീകങ്ങൾക്ക് മലയാളികളെ ബോദ്ധ്യപ്പെടുത്താനാവില്ല. ഉന്മൂലനം ചെയ്യേണ്ട കൊള്ളരുതായ്മകൾ കേരളത്തിലുമുണ്ട്. എന്നാൽ,അതിന് കാരണം കൊളോണിയലിസത്തിന്റെ ശേഷിപ്പുകളല്ല. കമ്മ്യൂണിസ്റ്റ് ഭരണകൂടം പല തവണ അധികാരത്തിലേറിയത് തന്നെയാണ് അതിന് തെളിവ്. അഴിമതിയുടെയും അധികാരമോഹത്തിന്റെയും വിവേചനത്തിന്റെയും വ്യാധികൾ സമൂഹത്തെ ഗ്രസിക്കുകയും പടർന്നുപിടിക്കുകയുമായിരുന്നു. അംഗീകാരത്തിന്റെ മുദ്ര ലഭിച്ചത് പോലെ അവ ചോദ്യം ചെയ്യപ്പെടാതെ തുടരുകയുമാണ്.
ആദിവാസികളുടെ ക്ഷേമത്തിനായി സംസ്ഥാനത്ത് ചെലവഴിച്ച ശതകോടികളെക്കുറിച്ച് ഒരു തമാശയുണ്ട്. ആ തുക പണമായി ഭാഗിച്ച് നൽകിയിരുന്നുവെങ്കിൽ സംസ്ഥാനത്തെ എല്ലാ ആദിവാസികളും ലക്ഷപ്രഭുക്കളായി മാറുമായിരുന്നുവെന്ന്. ആ പണമൊക്കെ എവിടെ പോയി ? അന്വേഷിക്കാനോ കുറ്റവാളികളെ കണ്ടെത്താനോ ശിക്ഷിക്കാനോ ഇനി വേണം ആരെങ്കിലും സന്നദ്ധമാകാൻ. ആദിവാസികളുടെ ഉന്നമനം കൂടി ലക്ഷ്യമിടുന്ന സംസ്ഥാനത്തെ മാവോയിസ്റ്റുകൾ ആദ്യം നടത്തേണ്ടത് ഈ അന്വേഷണമാണ്. അതിന് പകരം തോക്കുകളുമായി കാട്ടിൽ കഴിഞ്ഞിട്ടെന്ത് കാര്യം? പൊലീസുമായി പോരാടുകയാണോ അന്തിമലക്ഷ്യം. ഇല്ലായ്മകളുമായി മല്ലടിക്കുന്ന ധാരാളം പേർ പൊലീസ് സേനയിലുമുണ്ട്. ജീവിക്കാൻ മറ്റ് ഒരു ഗതിയുമില്ലാത്തതിനാൽ പൊലീസ് സേനയിൽ ചേർന്നവരാണ് അവരിൽ പലരും. ഭരണകൂടത്തിന്റെ മർദ്ദകയന്ത്രമെന്നൊക്കെ ആലങ്കാരികമായി പറയാമെങ്കിലും, പൊലീസുകാരെ വർഗശത്രുക്കളായി കണ്ടതുകൊണ്ടോ അവരോട് പൊരുതിയതുകൊണ്ടോ നാട്ടിലെ ഒരു കൊള്ളരുതായ്മയും അവസാനിക്കാൻ പോകുന്നില്ല. യഥാർത്ഥലക്ഷ്യത്തിൽ നിന്ന് അകന്നുപോകാൻ മാത്രമേ,എറിഞ്ഞ കല്ലിനോട് കലഹിക്കുന്നത് പോലുള്ള ഈ പോരാട്ടം വഴിവയ്ക്കൂ. അധികാര രാഷ്ട്രീയത്തിന്റെ ബദ്ധപ്പാടുകൾ സത്യസന്ധരായ രാഷ്ടീയനേതക്കളെ പോലും വഴിതെറ്റിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. ഒരു രാഷ്ട്രീയ ബദൽ ആവശ്യമാണെന്ന് കരുതുന്ന ധാരാളം പേരുണ്ട്. ഇടതുപക്ഷ തീവ്രവാദമാകട്ടെ, കേരളത്തിൽ പുതിയ ഒരു പ്രതിഭാസവുമല്ല.എന്നിട്ടും എന്തുകൊണ്ട് ഇടതുപക്ഷ തീവ്രവാദത്തിന് കേരളത്തിൽ വേരോട്ടം ലഭിച്ചില്ല? മാവോയിസ്റ്റുകൾ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണ് ഇത്. ഒരു ഉത്തരമേ അനുമാനിക്കാൻ സാധിക്കൂ.
സായുധപോരാട്ടം കേരളത്തിലെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണെന്ന് കരുതുന്നവർ വിരളമാണ്. രാഷ്ട്രീയ പ്രവർത്തനത്തിന് എല്ലാവർക്കും എല്ലാ സ്വാതന്ത്ര്യവും ലഭ്യമാകുന്ന സാഹചര്യത്തിൽ ഏത് സിദ്ധാന്തമായാലും ശരി, പ്രായോഗികമാക്കാൻ തോക്കുകളുടെ മാർഗമാണ് ആവശ്യമെന്ന് മലയാളികൾ കരുതുന്നില്ല. അഭ്യസ്തവിദ്യരുടെ അറിവ് പ്രയോജനപ്പെടുത്തുന്ന വികസന പദ്ധതികളുടെ അഭാവമാണ് നാടിന്റെ പുരോഗതിക്ക് തടസം. അഴിമതി കുറയുമ്പോൾ വികസന പ്രവർത്തനങ്ങൾ വർദ്ധിക്കുമെന്ന് മനസിലാക്കാൻ ചരിത്രപുസ്തകങ്ങളുടെ ആവശ്യമില്ല, സാമാന്യബുദ്ധി മതി. അഴിമതിക്കെതിരെ ആരോപണങ്ങൾ ഉയർത്തുമെന്നല്ലാതെ ഫലപ്രദമായി ഒരു വിരാമമിടാൻ ആരുമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. അഴിമതി ആരോപണത്തിൽ പ്രതിയായി ചിത്രീകരിക്കപ്പെട്ട നേതാവുമായി പോലും ജനങ്ങളുടെ ഓർമ്മശക്തിയെ വെല്ലുവിളിച്ചുകൊണ്ട് രാഷ്ട്രീയസഖ്യത്തിൽ ഏർപ്പെടാറുണ്ട്. ഈ അസംബന്ധം പോലും അവഗണിക്കപ്പെടുകയാണ്. നീചതാത്പര്യങ്ങളുടെ അനന്തരഫലമായ ദാരിദ്ര്യം ഒരു ശാപവും യാഥാർത്ഥ്യവുമായി തുടരവെ, ത്യാഗസന്നദ്ധരായ രാഷ്ട്രീയ പ്രവർത്തകരെയാണ് സമൂഹത്തിന് ഇപ്പോൾ ആവശ്യം.
കർമ്മപഥം ശരിയാണെന്ന് കരുതുന്നവർ ചുരുക്കമാണെങ്കിലും മാവോയിസ്റ്റുകൾ ത്യാഗസന്നദ്ധത ഇല്ലാത്തവരാണെന്ന് വിവരമുള്ള ആരും കരുതുകയില്ല. ലക്ഷ്യത്തിൽ എത്തുമെന്ന് ഒരു ഉറപ്പുമില്ലാത്ത സായുധപോരാട്ടത്തിന്റെ മാർഗം ഉപേക്ഷിച്ച് മാവോയിസ്റ്റുകൾ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വരികയാണ് വേണ്ടത്. ത്യാഗസന്നദ്ധവും വിശുദ്ധവുമായ പൊതുപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ ഒരു രാഷ്ട്രീയശുദ്ധികലശത്തിനും നാടിന്റെ നന്മയ്ക്കും ആവശ്യമാണ്.