ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ മൂന്ന് കുട്ടികളുടെ കൂടി പിതൃത്വം ഏറ്റെടുത്തു. മറഡോണയുടെ അഭിഭാഷകനാണ് ക്യൂബൻ കുട്ടികളുടെ പിതൃത്വം ഏറ്റെടുത്തതായി അറിയിച്ചത്. പിതൃത്വ പരിശോധനകൾക്കും മക്കളെ ഔദ്യോഗികമായി ഏറ്റെടുക്കാനും ഈ വർഷം അവസാനം മറഡോണ ഹവാനയിലേക്ക് പോകും. മുൻ ഭാര്യയിലുണ്ടായ കുട്ടികൾ മാത്രമെ ഉള്ളൂവെന്നായിരുന്നു മറഡോണ ഇത്രനാൾ വാദിച്ചിരുന്നത്. മറ്റ് കുട്ടികളില്ലെന്ന് പറഞ്ഞിരുന്ന മറഡോണയ്‌ക്ക് ഇപ്പോൾ ഔദ്യോഗികമായി എട്ട് മക്കളുണ്ട്.
2000 മുതൽ 2005 വരെ ക്യൂബയിൽ ചികിത്സയിലായിരുന്നു മറഡോണ. ആ സമയത്ത് ക്യൂബൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോയുമായി നല്ല അടുപ്പമായിരുന്നു. കാസ്ട്രോയുടെ ചിത്രം മറഡോണ കാലിൽ പച്ച കുത്തിയിട്ടുണ്ട്. 20 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് 2003 ലാണ് മറഡോണയും മുൻ ഭാര്യ ക്ലോഡിയ വിൽഫെനയും വേർപിരിഞ്ഞത്.
ജിയാനിയ(29), ഡാൽമ(31) എന്നിവരാണ് മക്കൾ. ഇവരെക്കൂടാതെ മറ്റ് മക്കളില്ലെന്നായിരുന്നു മറഡോണയുടെ അവകാശവാദം. എന്നാൽ, പിന്നീട് ഡീഗോ ജൂനിയർ(32), ജാന (22) എന്നിവരും മറഡോണയുടെ മക്കളാണെന്ന് തെളിഞ്ഞു. മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്യൂറോയുടെ മുൻ ഭാര്യയാണ് ജിയാനീന. വെറോണിക ഒജേഡയുമായുള്ള ബന്ധത്തിലുണ്ടായ ആറുവയസ്സുകാരൻ ഡീഗോ ഫെർണാണ്ടോയും മറഡോണയുടെ മകനാണ്. നിലവിൽ മെക്‌സിക്കൻ ഫുട്ബോൾ ക്ലബ്ബിന്റെ പരിശീലകനാണ് മറഡോണ.