gabriel

കൊളംബിയ: ലോക പ്രശസ്ത എഴുത്തുകാരൻ ഗബ്രിയേൽ ഗാർസ്യ മാർക്വേസിന്റെ ഏകാന്തതയുടെ നൂറുവർഷങ്ങൾ പരമ്പരയാകുന്നു. വിനോദ കമ്പനിയായ നെറ്റ്ഫ്ലിക്‌സാണ് മാർക്വേസിന്റെ പുസ്തകം പരമ്പരയുടെ രൂപത്തിൽ പുറത്തിറക്കുന്നത്. വായനക്കാരെ അമ്പരപ്പിച്ച ഏകാന്തതയുടെ നൂറുവർഷങ്ങളുടെ അൻപത് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴാണ് വാക്കുകളിലൂടെ  മാർക്വേസ് വരഞ്ഞിട്ട ലോകം കാണാൻ അവസരമൊരുങ്ങുന്നത്.

പുസ്തകം സിനിമയാക്കാനുള്ള ആഗ്രഹവുമായി പല നിർമ്മാതാക്കളും മാർക്വേസിന്റെ കുടുംബത്തെ സമീപിച്ചിരുന്നെങ്കിലും അനുമതി നൽകിയിരുന്നില്ല. വർഷങ്ങൾക്കിപ്പുറം പുസ്തകം പരമ്പരയാകുമ്പോൾ മാർക്വേസിന്റെ മക്കളായ റോഡ്രിഗോയും ഗോണസാലോയും എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാകാരും.

1967ൽ സ്പാനിഷ് ഭാഷയിൽ പുറത്തിറങ്ങിയ മാർക്വേസിന്റെ എക്കാലത്തെയും മികച്ച നോവലാണ് ' 100 ഇയേഴ്സ് ഒഫ് സോളിറ്റ്യൂഡ്" (ഏകാന്തതയുടെ നൂറു വർഷങ്ങൾ). പിന്നീട് മലയാളത്തിലടക്കം 46 ഭാഷകളിൽ പുസ്തകം പുറത്തിറങ്ങി. പുസ്തകത്തിന്റെ 50 ദശലക്ഷം കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിഞ്ഞത്. നോവലിന് ലഭിച്ച ജനപ്രീതി സീരീസിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ.