airport

തിരുവനന്തപുരം: തലസ്ഥാനത്ത് ടാക്സി ഡ്രൈവർ വനിതാ പൈലറ്റിനെ അപമാനിച്ചു. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലായിരുന്നു സംഭവം. വനിതാ പൈലറ്റിന്റെ പരാതിയെ തുടർന്ന് വലിയതുറ പൊലീസ് ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്തു.

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ എയർഇന്ത്യ വിമാനത്തിലെ സഹപൈലറ്റാണ് ഇവർ. വിമാനം വൈകിയതിനെ തുടർന്ന് ഇവരെ ഹോട്ടലിലേക്ക് കൊണ്ടു പോകാൻ എത്തേണ്ടിയിരുന്ന വാഹനവും എത്താൻ വൈകിയിരുന്നു. തുടർന്ന് ടാക്സി പിക്കപ്പ് പോയിന്റിൽ വാഹനം കാത്ത് നിൽക്കവെയാണ് ഡൽഹി സ്വദേശിയായ പൈലറ്റിനോട് ടാക്സി ഡ്രൈവർ അശ്ലീല പരാമർശം നടത്തിയത്.

ഉടൻ തന്നെ ഇവർ എയർപോർട്ട് അതോറിറ്റിയെ വിവരമറിയിച്ചെങ്കിലും ഡ്രൈവർ സ്ഥലം വിടുകയായിരുന്നു. എയർപോർട്ട് അതോറിറ്റി ഇമെയിൽ വഴി വലിയതുറ പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ പൈലറ്റ് നേരിട്ടെത്തി പരാതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു പൊലീസ്. തുടർന്ന് പൈലറ്റ്‌ എയർ ഇന്ത്യയുടെ സ്റ്റാഫിനൊപ്പം വലിയതുറ പൊലീസ് സ്റ്റേ‌ഷനിലെത്തി പരാതി നൽകി. പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ടാക്സി ഡ്രൈവറെ കണ്ടാലറിയാമെന്ന് വനിതാ പൈലറ്റ്‌ പൊലീസിനോട് പറഞ്ഞു.

ടാക്സി പോയിന്റിലെ സി.സി.ടി.വി കാമറകൾ പരിശോധിക്കുകയും എയർപോർട്ട് ടാക്സികൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് നടത്തുന്ന എല്ലാ ടാക്സി കേന്ദ്രങ്ങളിലും അന്വേഷണം ഉണ്ടാകുമെന്ന് വലിയതുറ പൊലീസ് വ്യക്തമാക്കി. എയർപോർട്ടിന് അകത്തുള്ളയാളാണോ പുറത്ത് നിന്നുള്ള ഡ്രൈവറാണോ ഇയാളെന്ന് അന്വേഷിക്കുകയാണ് പൊലീസ് ഇയാൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് എയർപോർട്ട് അധികൃതരും എയർഇന്ത്യയും ആവശ്യപ്പെട്ടു.