vigilance

തിരുവനന്തപുരം: ഹൈവേ പൊലീസ് വാഹനങ്ങളെ കേന്ദ്രീകരിച്ച് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചതടക്കം നിരവധി ക്രമക്കേടുകൾ കണ്ടെത്തി. ഭാരം കയറ്റി വരുന്ന വാഹനങ്ങളെ തടഞ്ഞുനിറുത്തി പണപ്പിരിവ് നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ രണ്ടു മുതൽ സംസ്ഥാനത്തെ 47 ഹൈവേ പൊലീസ് വാഹനങ്ങളിലാണ് വിജിലൻസ് പരിശോധന നടത്തിയത്.

നെയ്യാറ്റിൻകര ഹൈവേ വാഹനത്തിന്റെ ഡ്രൈവർ, വിജിലൻസ് സംഘത്തെ കണ്ട്‌ എസ്.ഐയെയും സംഘത്തെയും ഉപേക്ഷിച്ച് വാഹനവുമായി കടന്നു. പിന്നീട് വിജിലൻസ് സംഘം വിളിച്ചുവരുത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. വാഹനത്തിൽനിന്നു പണവും മറ്റും മാറ്റിയിരുന്നതായാണ് വിജിലൻസ് അധികൃതർ പറയുന്നത് .

ചില വാഹനങ്ങൾ ഹൈവേയിൽ നിന്ന്‌ ഇടറോഡുകളിലേക്ക് മാറ്റിയിട്ട് പൊലീസുകാർ ഉറങ്ങുകയായിരുന്നു. തൃശൂർ വടക്കാഞ്ചേരി വാഹനത്തിലെ സബ് ഇൻസ്‌പെക്ടർ മദ്യപിച്ചിരുന്നു. വാഹനങ്ങളിൽനിന്ന് പൊലീസ് പിടിച്ചെടുത്ത ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവർമാരുടെ ആധാർ കാർഡ് തുടങ്ങിയവയും കണ്ടെത്തി. മലപ്പുറം ​വഴിക്കടവ് റൂട്ടിലെ പട്രോളിംഗ് വാഹനത്തിൽ നിന്നു 4,222 ​രൂപയും, ആലപ്പുഴ ​ഓച്ചിറ റൂട്ടിലെ വാഹനത്തിൽ നിന്നു 2,500 രൂപ സിഗരറ്റ് പാക്കറ്റിൽ ഒളിപ്പിച്ച നിലയിലും കണ്ടെത്തി. തിരുവല്ല ​വടശ്ശേരിക്കര വാഹനത്തിൽ നിന്നു 2,000 രൂപ, പത്തനംതിട്ടയിലെ വാഹനത്തിൽ ഫ്‌ളോർ മാറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 2,000 ​ രൂപ, തട്ടത്തുമല വാഹനത്തിൽ നിന്നു 9,00 രൂപ, തെന്മല ഭാഗത്തെ വാഹനത്തിൽ നിന്നു 900 ​രൂപ, അങ്കമാലി​ കൂത്താട്ടുകുളം റൂട്ടിലെ വാഹനത്തിൽ നിന്നു 800 ​ രൂപ, കോട്ടയം ഏറ്റുമാനൂർ വാഹനത്തിൽ നിന്നു 310 ​രൂപ, വയനാട്​ ബത്തേരിയിലെ വാഹനത്തിൽ നിന്നു 100 രൂപ എന്നിങ്ങനെ വിജിലൻസ് പിടിച്ചെടുത്തു. കരുനാഗപ്പള്ളി​ പുതുകാവ്, തിരുവനന്തപുരം കഴക്കൂട്ടം, കോഴിക്കോട് കൊയിലാണ്ടി, മലപ്പുറം കൊണ്ടോട്ടി എന്നിവിടങ്ങളിലെ വാഹനങ്ങൾ റൂട്ടുകളിൽ നിന്നു മാറ്റി ഇടറോഡുകളിൽ പാർക്ക് ചെയ്ത് പൊലീസുകാർ ഉറങ്ങുകയായിരുന്നു.
റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ഉപയോഗിക്കേണ്ട സ്ട്രെച്ചറുകൾ, കുടകൾ, കയർ, ഹെൽമെറ്റ് തുടങ്ങിയവ ഹൈവേ പട്രോളിംഗ് വാഹനങ്ങളിൽ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി. ക്രമക്കേടുകളെപ്പറ്റി വിശദമായ റിപ്പോർട്ട്​ സർക്കാരിനു കൈമാറുമെന്ന് വിജിലൻസ് എ.ഡി.ജി.പി അനിൽ കാന്ത് പറഞ്ഞു.