ന്യൂഡൽഹി: ബാലാകോട്ട് ജെയ്ഷെ മുഹമ്മദിന്റെ ഭീകരക്യാമ്പുകളിൽ ഇന്ത്യൻ വ്യോമസേന ആക്രമിച്ചതിനെതുടർന്ന് പാകിസ്ഥാൻ കരയുകയായിരുന്നുവെന്ന് നരേന്ദ്ര മോദി. ഉറിയിൽ നടത്തിയ സർജിക്കൽ സ്ട്രൈക്ക് പോലൊന്ന് പ്രതീക്ഷിച്ച് തയ്യാറായി നിന്ന് പാകിസ്ഥാന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ ആക്രമണമെന്നും മോദി പറഞ്ഞു. ഉത്തർ പ്രദേശിലെ നോയ്ഡയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പുൽവാമയിലെ സംഭവത്തിന് മറുപടിയായി സർജിക്കൽ സ്ട്രൈക്ക് നടത്തിയപ്പോൾ നമ്മൾ പാകിസ്ഥാനെ അതേ കുറിച്ച് അറിയിച്ചു. ശേഷം മിണ്ടാതിരുന്നു. മോദി ഒരിക്കൽ കൂടി മിന്നലാക്രമണം നടത്തുമെന്ന് പ്രതീക്ഷിച്ച് അതിർത്തിയിൽ കരസേനയെ വിന്യസിച്ച് കാത്തിരുന്ന പാകിസ്ഥാന് വ്യോമാക്രമണം നടത്തിയാണ് ഇന്ത്യ മറുപടി നൽകിയതെന്നും മോദി പരിഹസിച്ചു. നാം അവർക്ക് മേൽ പറന്നുചെന്ന് പുലർച്ചെ 3.30ന് ആക്രമണം നടത്തി. പാകിസ്താൻകാർ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുകയും ‘‘ മോദിയാണ് ആക്രമിച്ചത് മോദിയാണ് ആക്രമിച്ചത്’’ എന്ന് പറഞ്ഞുകൊണ്ട്പുലർച്ചെ അഞ്ച് മണിമുതൽ കരയാൻ തുടങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു എന്നാൽ ചിലർ ഇന്ത്യയുടെ ഭക്ഷണം കഴിച്ചുകൊണ്ട് പാകിസ്ഥാനെ സഹായിക്കുന്ന തരത്തിലാണ് സംസാരിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.
ഇന്ത്യൻ സേന വർഷങ്ങളായി ചെയ്യാത്ത കാര്യമാണ് പുൽവാമയിലെ സംഭവത്തിന് ശേഷം ചെയ്തത്. അവർ തീവ്രവാദികളെയും അവരുടെ സംരക്ഷകരെയും ആക്രമിച്ചു. ബാലാകോട്ട് തീവ്രവാദ ക്യാംപുകളിൽ ഇന്ത്യയുടെ വ്യോമസേന ആക്രമണം നടത്തിയതിന് തെളിവില്ലെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾക്കും മോദി മറുപടി നൽകി. ‘‘പാകിസ്താൻ പോലും സമ്മതിച്ചതാണ് അവിടെ വ്യോമാക്രമണം നടന്ന കാര്യം. വ്യോമസേനയും അത് അറിയിച്ചിട്ടുണ്ട്. എന്നാൽ ചിലർക്ക് ഇപ്പോഴും സംശയമാണ്. അവർ പാകിസ്ഥാനെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ചോറുണ്ടുകൊണ്ട് പാകിസ്ഥാനെ സഹായിക്കുന്ന പ്രസ്താവനകളാണ് ചിലർ നടത്തുന്നത്.
ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനും വ്യോമാക്രമണത്തിനും ശേഷം ഭീകരവാദത്തിന്റെ സംരക്ഷകരായ പാകിസ്ഥാന് ഒരു കാര്യം മനസിലായി, ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന്. മാറിവന്ന സർക്കാരുകളുടെ കാലത്ത് മന്ത്രിമാർ മാത്രമാണ് മാറിയത്. നയങ്ങൾ മാറാതെ മന്ത്രിമാർ മാറിയതുകൊണ്ട് ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനാവില്ല, അതുകൊണ്ടാണ് ഞങ്ങൾ നയത്തില്‍ മാറ്റംവരുത്തിയതെന്നും മോദി പറഞ്ഞു.