ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസ് പ്രതി നീരവ് മോദി അത്യാഡംബരങ്ങൾ ആസ്വദിച്ച് ലണ്ടനിൽ വിലസുന്നതിന്റെ വീഡിയോ പുറത്തുവന്നു. 13,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് മുങ്ങിയ നീരവിനെ പടിഞ്ഞാറൻ ലണ്ടനിൽ ബ്രിട്ടീഷ് മാദ്ധ്യമമായ ടെലഗ്രാഫാണ് കണ്ടെത്തിയത്. ഇയാളുടെ ആഡംബരങ്ങളെ പറ്റി പത്രം റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
മുംബയിൽ കടൽത്തീരം കൈയേറി നീരവ് അനധികൃതമായി നിർമ്മിച്ച 100 കോടി രൂപ വിലവരുന്ന ഫ്ലാറ്റ് കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥർ ഡയനമൈറ്റ് വച്ച് തകർത്തിരുന്നു.അതിന് പിന്നാലെയാണ് ലണ്ടനിലെ ആഡംബരങ്ങളുടെ വിവരങ്ങൾ പുരത്തു വന്നത്.
ലണ്ടനിൽ 72 കോടി രൂപയുടെ പുതിയ ആഡംബര വില്ല പണിയുകയാണ് ഈ പിടികിട്ടാപ്പുള്ളി. മാസം 10 ലക്ഷം രൂപ വാടകയുള്ള മൂന്ന് ബെഡ്‌റൂം ഫ്ലാറ്റിലാണ് താമസം. വീഡിയോയിൽ നീരവ് ധരിച്ചിരിക്കുന്ന കോട്ടിനും പത്ത് ലക്ഷത്തോളം രൂപ വിലയുണ്ട്. ലണ്ടനിലെ സോഹോയിൽ പുതിയ വജ്ര വ്യാപാരം ആരംഭിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് ഓഫീസിലേക്ക് എല്ലാ ദിവസവും ഇയാൾ വളർത്തുനായയോടൊപ്പം നടക്കാറുണ്ട്. പണക്കാരായ വിദേശികൾക്ക് സഹായങ്ങൾ നൽകുന്ന പ്രമുഖ ബിസിനസ് ഉപദേശക സ്ഥാപനവുമായി നീരവിന് ഇടപാടുണ്ട്. ബ്രിട്ടനിലെ പെൻഷൻ മന്ത്രാലയത്തിൽ നിന്ന് ഇയാൾക്ക് ഇൻഷ്വറൻസ് നമ്പർ അനുവദിച്ചതായും ഓൺലൈൻ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാനുള്ള അനുമതി ഉണ്ടെന്നും ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു.
പി.എൻ.ബി തട്ടിപ്പും ബ്രിട്ടനിൽ അഭയം തേടിയതുമുൾപ്പെടെ നീരവിനോട് ടെലഗ്രാഫ് ലേഖകൻ ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചോദ്യങ്ങൾക്കെല്ലാം പ്രതികരിക്കുന്നില്ലെന്നായിരുന്നു മോദിയുടെ മറുപടി.
മോദിയെ വിട്ടു കിട്ടാൻ നടപടി
ന്യൂഡൽഹി: നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാൻ എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്നും ഇന്ത്യയുടെ അപേക്ഷ ബ്രിട്ടീഷ് സർക്കാർ പരിഗണിക്കുകയാണെന്നും വിദേശകാര്യവക്താവ് രവീഷ്‌കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇയാളെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷയിൽ ബ്രിട്ടനിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്. ബ്രിട്ടീഷ് സർക്കാരിന് കഴിഞ്ഞവർഷം ജൂലായിൽ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേട്ട് കോടതിക്ക് കൈമാറിയെന്ന് ബ്രിട്ടീഷ് അഭ്യന്തര സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
നീരവ് മോദി ലണ്ടനിലുണ്ടെന്ന് കഴിഞ്ഞവർഷം ആഗസ്റ്റിൽ തന്നെ ബ്രിട്ടൻ. സ്ഥിരീകരിച്ചിരുന്നതായി എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു.