ബംഗളൂരു: പുൽവാമയിൽ ഭീകരാക്രമണം നടത്തിയ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിനെ മുമ്പ് ഇന്ത്യൻ ജയിലിൽ നിന്ന് പാകിസ്ഥാനിലേക്ക് അയച്ചത് ബി.ജെ.പി സർക്കാരാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി. ബി.ജെ.പിയെപ്പോലെ കോൺഗ്രസ് ഭീകരർക്ക് മുന്നിൽ മുട്ടുകുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1999ൽ ഇന്ത്യയുടെ യാത്രാവിമാനം റാഞ്ചിയ ഭീകരർആവശ്യപ്പെട്ടത് അനുസരിച്ചാണ് ജെയ്ഷെ മുഹമ്മദ് തലവനായ മസൂദ് അസറിനെ ഇന്ത്യ മോചിപ്പിച്ചത്. വിമാനത്തിലെ യാത്രക്കാർക്ക് പകരം ഭീകരരെ കൈമാറാനുള്ള തീരുമാനം എടുത്തത് അന്നത്തെ വാജ്പേയി സർക്കാരായിരുന്നു.
കാവൽക്കാരനായ മോദിയെ അധിക്ഷേപിക്കാൻ അഴിമതിക്കാർ മത്സരിക്കുകയാണെന്നും മോദിയെ ആക്ഷേപിച്ചാൽ വോട്ട് ലഭിക്കുമെന്നാണ് അവർ കരുതുന്നതെന്നും പറഞ്ഞ് നേരത്തെ പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചിരുന്നു.