vj-thankappan

തിരുവനന്തപുരം: 1968-79 ൽ നെയ്യാറ്റിൻകര നഗരസഭ കൗൺസിലറും 1979- 84 ൽ ചെയർമാനും ആയിരുന്ന വി.ജെ. തങ്കപ്പൻ 1983ൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കെ. കരുണാകരന്റെ മണ്ഡലമായ നേമത്ത് നിന്ന് വിജയിച്ചാണ് ശ്രദ്ധേയനായത്. 1982 ലെ തിരഞ്ഞെടുപ്പിൽ കെ. കരുണാകരൻ നേമം നിയമസഭാ മണ്ഡലത്തോടൊപ്പം മാളയിലും മത്സരിച്ച് വിജയിക്കുകയും മാള മണ്ഡലം നിലനിറുത്തി നേമത്ത് നിന്ന് രാജി വയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് വി.ജെ. തങ്കപ്പൻ വിജയിച്ചത്. കോൺഗ്രസിലെ ഇ. രമേശൻനായരെയാണ് പരാജയപ്പെടുത്തിയത്. 1987ലും 91 ലും ഇതേ മണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2006 ൽ നെയ്യാറ്റിൻകരയിൽ സിറ്റിംഗ് എം.എൽ.എയായിരുന്ന തമ്പാനൂർ രവിയെ തോല്പിച്ച് വീണ്ടും നിയമസഭയിലെത്തി. തുടർന്ന്, ആരോഗ്യ പ്രശ്നങ്ങൾ മുൻനിറുത്തി തിരഞ്ഞെടുപ്പ് രംഗം ഒഴിവാക്കി.

മൃതദേഹം ഇന്നലെ നെയ്യാറ്റിൻകര മുനിസിപ്പൽ ഓഫീസിലും ബാലരാമപുരത്തെ അവണാകുഴി സദാശിവൻ സ്മാരക മന്ദിരത്തിലും പൊതുദർശനത്തിന് വച്ചു. സി .പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി പതാക പുതപ്പിച്ചു. എം.എൽ.എമാരായ കെ. ആൻസലൻ, സി.കെ. ഹരീന്ദ്രൻ, ഐ.ബി. സതീഷ്, അഡ്വ. എം. വിൻസെന്റ് എന്നിവരും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.പി. ജോൺ, വി. ശിവൻകുട്ടി, സി. ദിവാകരൻ, മുൻ എം.എൽ.എമാരായ പിരപ്പൻകോട് മുരളി, ആർ. സെൽവരാജ്, എസ്.ആർ. തങ്കരാജ്, സി.പി.എം നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി പി.കെ. രാജ്മോഹൻ, വി. രാജേന്ദ്രൻ, കടകുളം ശശി, പാറക്കുഴി സുരേന്ദ്രൻ, പി. രാജേന്ദ്രകുമാർ തുടങ്ങിയവരും അന്ത്യോപചാരം അർപ്പിച്ചു.