ചണ്ഡിഗഡ് : ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ നിർണായകമായ നാലാമത്തെ മത്സരം ഇന്ന് നടക്കും. ചണ്ഡിഗഡിൽ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. പരമ്പരയിലെ ആദ്യ രണ്ട് മത്‌സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്‌ച റാഞ്ചിയിൽ നടന്ന മൂന്നാം മത്സരത്തിൽ ജയിച്ച് ആസ്ട്രേലിയ തിരിച്ചുവരവിന്റെ പാതയിലാണ്. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. അവസാന രണ്ട് മത്സരങ്ങളിൽ ധോണിക്ക് വിശ്രമം നൽകിയതിനാൽ പകരം റിഷഭ് പന്തായിരിക്കും വിക്കറ്റ് കീപ്പറുടെ റോളിൽ ഇറങ്ങുക.അതേസമയം ഈ മത്സരത്തിൽ ജയിച്ച് പരമ്പരയിൽ സമനില പിടിക്കാനാണ് ഓസീസിന്റെ ശ്രമം.
ജയം തേടി ഇന്ത്യ
നായകൻ വിരാട് കൊഹ്‌ലിയുടെ തകർപ്പൻ ഫോം ഇന്ത്യയ്ക്ക് ഏറെ ആത്മവിശ്വസം നൽകുന്ന ഘടകമാണെങ്കിലും മറ്റ് മുൻനിര ബാറ്റ്‌സ്മാൻമാരുടെ അസ്ഥിരത വലിയ തലവേദനയാണ്. ഓപ്പണർ ശിഖർ ധവാന് ഇതുവരെ ഫോം കണ്ടെത്താനായിട്ടില്ല. രോഹിതും അമ്പാട്ടി റായ്ഡുവും സ്ഥിരത പുലർത്തുന്നില്ല. അമ്പാട്ടിക്കോ ധവാനൊ പകരം ഇന്ന് കെ.എൽ.രാഹുലിന് അവസരം ലഭിച്ചേക്കും. ധോണിക്ക് പകരം സ്ഥാനമുറപ്പിച്ച പന്തിന് ലോകകപ്പ് ടീമിൽ ഇടംനേടുന്നതിനുള്ള മികച്ച അവസരമാണിത്. ബൗളിംഗ് ഡിപ്പാർട്ട്മെന്റിൽ ഷമിക്കോ ബുംറയ്ക്കോ വിശ്രമം നൽകി പകരം ഭുവനേശ്വറിന് അവസരം നൽകിയേക്കും.
സാധ്യതാ ടീം: ധവാൻ, രോഹിത്, കൊഹ്‌ലി, അമ്പാട്ടി /രാഹുൽ, പന്ത്, കേദാർ, വിജയ്, ഭുവനേശ്വർ, കുൽദീപ്, ചഹൽ, ഷമി/ബുംറ.
ജയം തുടരാൻ
റാഞ്ചിയിൽ ജീവശ്വാസം തിരിച്ചുകിട്ടിയ ഓസീസ് ഇന്നും ജയം തുടരാമെന്ന പ്രതീക്ഷയിലാണ്. മൂന്നാം ഏകദിനത്തിൽ വിജയിച്ച ടീമിൽ ഓസീസ് മാറ്രം വരുത്താൻ സാധ്യതയില്ല. തകർപ്പൻ സെഞ്ച്വറിയുമായി റാഞ്ചിയിൽ ടീമിന്റെ വിജയ ശില്പിയായ ഓപ്പണർ ഉസ്മാൻ ഖ്വാജയുടെ ഫോമിലാണ് അവരുടെ പ്രധാന പ്രതീക്ഷ. നായകൻ ഫിഞ്ച് ഫോമിലേക്ക് മടങ്ങിവന്നതും മാക്സ്‌വെല്ലും സ്റ്റോയിനിസും മികവ് തുടരുന്നതും ഓസീസിന് ശുഭ സൂചനയാണ്. ബൗളിംഗിൽ ആദം സാംപയുടെ സ്പിൻ ഫലപ്രദമാകുന്നുണ്ട്. പാറ്റ് കമ്മിൻസും ജെയ് റിച്ചാർഡ്സണും താളം നിലനിറുത്തുന്നതും അവർക്ക് അനുകൂല ഘടകമാണ്.
സാധ്യതാ ടീം : ഫിഞ്ച്, ഖ്വാജ, ഷോൺ മാർഷ് , ഹാൻഡ്സ്കോമ്പ്, മാക്സ്‌വെൽ, സ്റ്രോയിനിസ്, കാരെ, കമ്മിൻസ്, ലിയോൺ, റിച്ചാർഡ്സൺ, സാംപ.