election-

കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള ധാരണയ്ക്ക് രാഹുൽ ഗാന്ധി സമ്മതം മൂളി. സി.പി.എമ്മിന്റെ രണ്ടു സിറ്റിംഗ് സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിറുത്തില്ല. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

ബംഗാളിലെ നേതാക്കളെ ഇക്കാര്യം അറിയിച്ചു. നിലപാട് ബോദ്ധ്യപ്പെടുത്തിയ ശേഷം പ്രഖ്യാപനം ഉണ്ടാകും. റായ്ഗഞ്ചിൽ സ്ഥാനാർത്ഥിയെ നിറുത്തണമെന്ന് ബംഗാൾ നേതാക്കൾ രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. സിറ്റിംഗ് സീറ്റുകളായ റായ് ഗഞ്ചിൽ പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിനെയും മൂർഷിദാബാദിൽ ബദറുദോസ ഖാനെയും സ്ഥാനാർത്ഥികളായി സി.പി.എം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിന്റെ നാലു സിറ്റിംഗ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിറുത്തേണ്ടെന്നാണ് സി.പി.എം തീരുമാനം. ബാക്കി സീറ്റുകളെ സംബന്ധിച്ച് ചർച്ചയെച്ത് തീരുമാനിക്കാനാണ് ഇരുപാർട്ടികളുടെയും ആലോചന.