തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുന്നത് സംബന്ധിച്ച് ബി.ജെ.പി നേതൃത്വം തീരുമാനിക്കുമെന്ന് കുമ്മനം രാജശേഖരൻ. തന്റെ സാന്നിദ്ധ്യം അനിവാര്യമെന്ന് ബി.ജെ.പിയുടെ നേതാക്കൾ ഉൾപ്പെടെയുള്ളവർ പറഞ്ഞു. അതുകൊണ്ടാണ് മിസോറാം ഗവർണർ സ്ഥാനം രാജിവച്ച് രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നത്. എതിരാളികളുടെ വിമർശനം സ്വാഭാവികമെന്നും കുമ്മനം വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പി ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. കോൺഗ്രസിന്റെ സിറ്റിംഗ് എം.പിയും ഗ്ളാമർ താരവുമായ ശശി തരൂരും സി.പി.ഐയുടെ മുതിർന്ന നേതാവും എം.എൽ.എയുമായ സി. ദിവാകരനുമാണ് യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മൂന്നു ദിവസം മുമ്പ് 2018 മേയ് 25നാണ് കുമ്മനത്തെ മിസോറാം ഗവർണറായി നിയമിച്ചത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശ്രീധരൻപിള്ളയെ പിന്നീട് സംസ്ഥാന അദ്ധ്യക്ഷനാക്കി. ഗവർണറാകാൻ ആദ്യം വിമുഖനായിരുന്ന കുമ്മനം പിന്നീട് വഴങ്ങിയത് വൈകാതെ സംസ്ഥാന രാഷ്‌ട്രീയത്തിൽ മടങ്ങിവരാമെന്ന പ്രതീക്ഷയിലാണ്.
കുമ്മനത്തെ സ്ഥാനാർത്ഥിയാക്കാൻ ഏറ്റവും ശക്തമായി വാദിച്ചത് സംസ്ഥാന ആർ.എസ്.എസ് നേതൃത്വമാണ്. അടുത്തിടെ ബി.ജെ. പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ പാലക്കാട്ട് വന്നപ്പോൾ ആർ.എസ്.എസ് പ്രതിനിധിസംഘം പ്രത്യേകമായി സന്ദർശിച്ച് ആവശ്യം കടുപ്പിച്ചു. ഗ്വാളിയറിൽ നടന്ന ആർ.എസ്.എസ് അഖില ഭാരതീയ പ്രതിനിധി സഭയിൽ കേരള ഘടകം സമ്മർദ്ദം ശക്തമാക്കി. ഇതിന് വഴങ്ങിയാണ് പാർട്ടി കുമ്മനത്തിന് പച്ചക്കൊടി കാട്ടിയത്.