pilot-

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ വനിതാപൈലറ്റിനോട് മോശമായി പെരുമാറിയ കാർ ഡ്രൈവർ അറസ്റ്റിൽ. മണക്കാട് സ്വദേശി ഉണ്ണിക്കൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം രജിസ്‌ട്രേഷനുള്ള കാർ ഓടിച്ച ഡ്രൈവറാണ് പൈലറ്റിനെ അപമാനിച്ചതെന്നും ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും നേരത്തെ പൊലീസ് വിശദമാക്കിയിരുന്നു.

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ വിമാനത്തിലെ സഹ പൈലറ്റായ 26കാരി ഹോട്ടലിലേക്ക് പോകാനായി അറൈവൽ ഭാഗത്ത് വാഹനം കാത്ത് നിൽക്കുമ്പോഴായിരുന്നു കാർ ഡ്രൈവറുടെ അതിക്രമം. കെ.എൽ 01 എ.എസ് 9909 എന്ന കാറിലെത്തിയ ഡ്രൈവർ അടുത്തെത്തി ഇംഗ്‌ളീഷിൽ അശ്ലീല ചുവയോടെ സംസാരിക്കുകയായിരുന്നു.

ആദ്യം ഇമെയിൽ വഴി പരാതി അയച്ച പൈലറ്റ് ഇന്ന് പൊലീസിന്റെ നിർദ്ദേശാനുസരണം ഉച്ചയോടെ എയർ ഇന്ത്യ അധികൃതർക്കൊപ്പമെത്തി വലിയതുറ സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകുകയായിരുന്നു. പൈലറ്റിനെ ഇയാൾ അപമാനിക്കുന്ന ദൃശ്യങ്ങൾ എയർപോർട്ടിലെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു.