ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സൈനികരുടെ ചിത്രങ്ങൾ രാഷ്ട്രീയ പാർട്ടികൾ പരസ്യത്തിലും പ്രചാരണത്തിലും ഉപയോഗിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്തെത്തി. വിംഗ് കമാൻഡർ അഭിനന്ദന്റെ ചിത്രം ബി.ജെ.പിയുടെ പോസ്റ്ററിൽ ഉൾപ്പെടുത്തിയെന്ന വിമർശനങ്ങൾക്കിടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.
ന്യൂഡൽഹിയിൽ ഉൾപ്പെടെ സ്ഥാപിച്ചിട്ടുള്ള ബോർഡുകളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം അഭിനന്ദന്റെ ചിത്രവും ഉപയോഗിച്ചത്. ഇതിനെതിരെ വ്യാപകമായി വിമർശനമുയർന്നിരുന്നു. 2013ൽ തന്നെ ഇതിന് വിലക്കുണ്ടെന്ന് കമ്മിഷൻ വ്യക്തമാക്കി
സെനികരുടെ ചിത്രം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ നാവികസേനാ മേധാവി എൽ.രാമദാസ് കമ്മിഷന് പരാതി നൽകിയിരുന്നു. തുടർന്നാണ് കമ്മിഷന്റെ നിർണായക ഇടപെടൽ. പെരുമാറ്റചട്ടം നിലവിൽ വന്നശേഷം ഇത്തരം പ്രചാരണങ്ങൾ അനുവദിക്കില്ല. ഉപയോഗിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് തിരഞ്ഞടുപ്പ് കമ്മിഷൻ രാഷ്ട്രീയ പാർട്ടികൾക്ക് താക്കീത് നൽകി.