പട്യാല (പഞ്ചാബ്): ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ പാക് യുവതിയും ഇന്ത്യൻ യുവാവും പാട്യാലയിൽ വിവാഹിതരായി. പാകിസ്ഥാനിൽ നിന്നുള്ള കിരൺ സർജിത് കൗറും ഹരിയാന അംബാല ജില്ലക്കാരനായ പർവിന്ദർ സിംഗുമാണ് വിവാഹിതരായത്. ചടങ്ങുകൾക്ക് ശേഷം ദുരുദ്വാര അധികൃതർ ദമ്പതികൾക്ക് വിവാഹ സർട്ടിഫിക്കേറ്റും നൽകി.
പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ഇവരുടെ വിവാഹം നീണ്ടുപോയിരുന്നു. ആദ്യം ഫെബ്രുവരി 23ന് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷാവസ്ഥയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. പാകിസ്ഥാനിലെ സിയാൽകോട്ട് ജില്ലയിൽ താമസിക്കുന്ന ഹിന്ദു യുവതിയാണ് വധു. അവരുടെ കുടുംബവും വിവാഹത്തിനായി ഇന്ത്യയിൽ എത്തിയിരുന്നു.
ഇന്ത്യയിൽ വച്ച് തന്നെ വിവാഹം നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സർജിത് കൗർ മാദ്ധ്യമ പ്രവർത്തകരട് പറഞ്ഞു. ഇന്ത്യയിലെയും പാകിസ്താനിലെയും കൂടുതല്‍ യുവതീ - യുവാക്കൾ പരസ്പരം വിവാഹിതരാകണമെന്നും അവർ പറഞ്ഞു. 2014ലാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് പ്രണയത്തിലായ ഇവർ 2016ൽ വിവാഹം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം ഇന്ത്യൻ വിസയ്ക്ക് അപേക്ഷിക്കാനാണ് കിരൺ സർജിത് കൗറിന്റെ തീരുമാനം