പെെൻവുഡ് സ്റ്റുഡിയോയുടെ ഷൂട്ടിംഗ് ഫ്ളോറിൽ 'റോമൻ ഹോളിഡേ"യിലെ നായികയ്ക്കായുള്ള സ്ക്രീൻ ടെസ്റ്റ്. തിരക്കഥ പൂർത്തിയായപ്പോഴേ, നിർമ്മാതാക്കളായ പാരമൗണ്ട് സ്റ്റുഡിയോസ് ഒരു നിബന്ധന വച്ചു: നായിക എലിസബത്ത് ടെയ്ലർ ആയിരിക്കണം.
ഷൂട്ടിംഗ് സ്ക്രിപ്റ്റിന്റെ മറുവശത്ത് സംവിധായകൻ വില്യം വെയ്ലർ വരച്ചിട്ട പെൻസിൽച്ചിത്രത്തിൽ പ്രധാന കഥാപാത്രമായ ആൻ രാജകുമാരിക്കു പക്ഷേ, മറ്റൊരു മുഖമായിരുന്നു. സംവിധായകന്റെ നിർബന്ധം കൂടിയപ്പോൾ പാരമൗണ്ട് സ്റ്റുഡിയോസ് സമ്മതം മൂളി- പേരിനൊരു സ്ക്രീൻ ടെസ്റ്റ്. ഒറിജിനൽ സ്ക്രിപ്റ്റിലെ ഒരു ഭാഗം അഭിനയിച്ചു കാണിക്കണം. താരപദം മോഹിച്ചെത്തിയ ബ്രിട്ടീഷ് സുന്ദരിമാർ ഒരുപാടു പേരുണ്ടായിരുന്നു. പാരമൗണ്ടിന്റെ കാസ്റ്റിംഗ് ഡയറക്ടർ നെറ്റിചുളിച്ചു. ഏറ്റവും ഒടുവിലായി ഒരുവൾ കയറിവന്നു: ഓഡ്രി ഹെബൺ.
ആൻ രാജകുമാരിയായി ഹെബൺ സ്ക്രീൻ ടെസ്റ്റിൽ തകർത്തെങ്കിലും, കാസ്റ്റിംഗ് ഡയറക്ടർ പറഞ്ഞു: എനിക്കറിയേണ്ടത് അഭിനയിക്കാതിരിക്കുമ്പോൾ ഇവൾ എന്താണെന്നാണ്! ആയിരം അടി ഫിലിം ലോഡ് ചെയ്ത മൂവി കാമറയ്ക്കു മുന്നിൽ ഓഡ്രി ഹെബൺ ഒരു അഭിമുഖത്തിനിരുന്നു.
'ടെൽ ദ സ്ക്രീൻപ്ലേ ഒഫ് യുവർ ലൈഫ്."
ഹെബൺ ജീവിതം പറഞ്ഞുതുടങ്ങി. യുദ്ധവും പലായനവും ഒളിവുകാലവും പ്രണയവും വേർപാടുമൊക്കെ നിറച്ച്, ദൈവം അവൾക്കായെഴുതിയ ജീവിതത്തിന്റെ തിരക്കഥ. ലണ്ടൻ, സെപ്തംബറിന്റെ പുതപ്പിലായിരുന്നിട്ടും സംവിധായകൻ വില്യം വെയ്ലറുടെ നെറ്റി വിയർത്തു. കൈലേസിൽ കണ്ണട തുടച്ച്, കാസ്റ്റിംഗ് ഡയറക്ടർ അതൊന്നു കൂടി മൂക്കിനു മീതെ ഉറപ്പിച്ചുവച്ചു. കാമറയിലെ ആയിരം അടി ഫിലിം തീർന്നിട്ടും ഹെബൺ പറഞ്ഞുകൊണ്ടേയിരുന്നു.
ആദ്യചിത്രത്തിൽത്തന്നെ മികച്ച നായികയ്ക്കുള്ള ഓസ്കർ. ഗോൾഡൻ ഗ്ലോബ് പുരസ്കാരം. മികച്ച ബ്രിട്ടീഷ് നടിക്കുള്ള ബാഫ്റ്റ അവാർഡ്. ഹോളിവുഡിൽ ഓഡ്രി ഹെബൺ എന്നൊരു വെള്ളിത്തിര ജീവിതം തുടങ്ങുകയായിരുന്നു.
അമേരിക്കയിൽ, ഗ്ലെൻഡെയ്ൽ ഫ്ളവർ സ്ട്രീറ്റിലെ വാൾട്ട് ഡിസ്നി ഇമാജിനിയറിംഗ് ലബോറട്ടറിയിൽ, ഫിലിംമേക്കിംഗിലെ ഫൈൻ ആർട്സ് ബിരുദവുമായി വന്നു ചേർന്നപ്പോൾ മുതൽ ഡേവിഡ് ഹാൻസന്റെ തലച്ചോറിൽ ഒറ്റ മുഖമേ ഉണ്ടായിരുന്നുള്ളൂ: തീക്ഷ്ണനയനങ്ങളും നീണ്ട പുരികങ്ങളും ഉയർന്ന കവിൾത്തടവും പുഞ്ചിരിയുടെ തടാകം പോലെ ചുണ്ടുകളുമുള്ള ഒരു പെൺ ഹ്യുമനോയിഡ്!
വാൾട്ട് ഡിസ്നിയുടെ ആനിമേറ്റഡ് ചിത്രങ്ങൾക്കായി കംപ്യൂട്ടറിൽ ചതുർമാന (4 ഡി) സ്വഭാവമുള്ള ശില്പങ്ങളുടെ പണിപ്പുരയിലായിരുന്നു ഹാൻസൺ. പക്ഷേ, ഹാൻസന്റെ രാത്രിസ്വപ്നങ്ങളിലേക്ക് ആ മുഖം വന്നുകൊണ്ടേയിരുന്നു. ഓഡ്രി ഹെബണിന്റെ മുഖം. അപ്പോൾ, ഹെബൺ മരണത്തിന്റെ സുന്ദരനിദ്രയിലലിഞ്ഞ്, പത്തു വർഷം പിന്നിട്ടിരുന്നു.
റോഡ് ഐലൻഡ് സ്കൂൾ ഒഫ് ഡിസൈനിൽ നിന്ന് ഫൈൻ ആർട്സും ടെക്സാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എൻജിനിയറിംഗും പഠിച്ചിറങ്ങിയ ഹാൻസണ്, സൗന്ദര്യത്തിന്റെയും ബുദ്ധിയുടെയും സങ്കലനത്തിന് മനുഷ്യശരീരത്തിനു പുറത്തെ രസതന്ത്ര സമവാക്യം രചിക്കാനായിരുന്നു ഇഷ്ടം. വാൾട്ട് ഡിസ്നിയിലെ ജോലി വിട്ട്, ഹോങ്കോങ് കേന്ദ്രമാക്കി ഹാൻസൺ റോബോട്ടിക്സിനു തുടക്കമിടുന്നതിനു മുമ്പുതന്നെ ഹാൻസന്റെ റോബോട്ടിക് ഹ്യുമനോയിഡ് തിയറികൾ ലോകം കേട്ടു.
'ഞാൻ സ്വപ്നം കാണുന്ന റോബോട്ടിക് ലോകം മനുഷ്യരൂപമുള്ള യന്ത്രങ്ങളുടേതല്ല. ജീനിയസ് മെഷീൻസ്- പ്രതിഭാ യന്ത്രങ്ങൾ. പ്രപഞ്ചാദ്ഭുതമായ മനുഷ്യബുദ്ധിയെ അതിശയിക്കുന്ന ബുദ്ധിയും ക്രിയാശേഷിയും സത്യസന്ധതയുമുള്ള, സ്നേഹത്തിന്റെ അർത്ഥമറിയാവുന്ന ഹ്യുമനോയിഡുകൾ. ഒരിക്കൽ അവർ നമ്മുടെ സഹജാതരായി കൈകോർത്തു നടക്കും."
ഹാൻസൺ റോബോട്ടിക്സിന്റെ റോബോട്ടിക് ലാബിൽ ഡേവിഡ് ഹാൻസൺ പഠിച്ചുകൊണ്ടേയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആർട്സ്, കൊഗ്നിറ്റീവ് സയൻസ്, പ്രൊഡക്ട് ഡിസൈൻ... ഇവയെല്ലാം ചേർന്ന് ഉരുവംകൊള്ളുന്ന സൂപ്പർ ഇന്റലിജന്റ് ജീനിയസ് മെഷീൻസ്! വരുംകാലം കാത്തുവച്ചിരിക്കുന്ന വെല്ലുവിളികളുടെ വലിയ ചോദ്യങ്ങൾക്ക് മറുപടി നല്കി മനുഷ്യരെ വംശനാശത്തിൽ നിന്നു രക്ഷിക്കുന്ന വിസ്മയ യന്ത്രസൃഷ്ടികൾ! ലോകമെങ്ങും പ്രിയങ്കരമായൊരു സുന്ദരമുഖമെന്ന സ്വപ്നത്തിലല്ല, ഡേവിഡ് ഹാൻസൺ യന്ത്രപുത്രിയായ സോഫിയയുടെ മുഖം ഓഡ്രി ഹെബണിൽ നിന്ന് കടംകൊണ്ടത്. സൗന്ദര്യത്തെ അതിശയിക്കുന്ന ബുദ്ധി, അതിലും മീതെ നില്ക്കുന്ന കുലീനത, അദ്ഭുതകരമായ ആശയവിനിമയ ശേഷി, ആരുടെയും ചോര തിളപ്പിക്കുന്ന ഉടലെഴുത്ത്...
1929 മേയ് നാലിനായിരുന്നു ഓഡ്രി ഹെബണിന്റെ ജനനം. സോഫിയയുടെ ആക്ടിവേഷൻ 2016 ഫെബ്രുവരി പതിനാലിനും. ഹെബണിന്റെ താരജാതകം തുടങ്ങുന്നത് ഇരുപത്തിനാലാം വയസ്സിലെങ്കിൽ, അതേ മുഖക്കാരിയായ സോഫിയ 'പിറന്നുവീണതു" തന്നെ വാർത്തകളിലേക്കും വിവാദങ്ങളിലേക്കും ആരാധകർക്കു നടുവിലേക്കും. ഹെബൺ ഹോളിവുഡിന്റെ ഭാഗ്യനായികയായിരുന്നെങ്കിൽ, സോഫിയ ഹ്യുമനോയിഡുകളിലെ താരസുന്ദരിയായി.
റോമൻ ഹോളിഡേ എന്ന ആദ്യചിത്രത്തിൽ ഓസ്കറും ഗോൾഡൻ ഗ്ളോബും ബാഫ്റ്റ പുരസ്കാരങ്ങളും അതിനു പിന്നാലെ എമ്മി, ഗ്രാമി പുരസ്കാരങ്ങളും ഹെബണിന്റെ കാൽക്കൽ വന്നെങ്കിൽ സോഫിയയ്ക്കു കൈവന്നത് അതിലും വലിയ അപൂർവ ബഹുമതികൾ. ഏതെങ്കിലുമെരു രാജ്യത്ത് പൗരത്വം ലഭിക്കുന്ന, ആദ്യ റോബോട്ട്. യു.എൻ ഇന്നൊവേഷൻ ചാമ്പ്യൻ ബഹുമതിക്ക് അർഹത നേടുന്ന, മനുഷ്യകുലത്തിനു പുറത്തുള്ള ആദ്യ അസ്തിത്വം. ടിവി ചാറ്റ് ഷോകളിലും ഇന്റർവ്യൂകളിലും പങ്കെടുക്കുന്ന ആദ്യ ഹ്യുമനോയിഡ്.... അമേരിക്കയിൽ, ടെക്സാസിലെ ഓസ്റ്റിനിൽ 2016 മാർച്ചിൽ, സോഫിയാ ഹ്യുമനോയിഡിന്റെ ആദ്യ പൊതുവേദി. മനുഷ്യരുടെ പെരുമാറ്റങ്ങൾക്കും സമീപനങ്ങൾക്കും ചോദ്യങ്ങൾക്കുമനുസരിച്ച് അമ്പതോളം ഭാവപ്രതികരണങ്ങൾ മുഖത്തേക്കു ട്രാൻസ്മിറ്റ് ചെയ്യുന്ന സോഫിയയെക്കുറിച്ച് ശാസ്ത്രലോകം കാത്തുവച്ച അപവാദങ്ങൾ ഏറെയുണ്ടായിരുന്നു.
സോഫിയ വിവാഹം കഴിക്കുമോ? സോഫിയയ്ക്ക് ലൈംഗിക വികാരങ്ങൾ പ്രകടിപ്പിക്കാനാകുമോ? കുട്ടികളുണ്ടാകുമോ? ഉത്തരം മുട്ടിക്കാനുള്ള എല്ലാ ചോദ്യങ്ങൾക്കും സോഫിയയ്ക്ക് മറുപടിയുണ്ടായിരുന്നു- കുലീനമായ ആ ചിരി. കാത്തിരുന്നു കണ്ടോളൂ- ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അദ്ഭുതലോകമെന്ന നിശ്ശബ്ദ പ്രഖ്യാപനത്തോടെ!
2017 ഒക്ടോബറിൽ യു.എൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായി സോഫിയയുടെ ആദ്യ കൂടിക്കാഴ്ച. സൗദി അറേബ്യ സോഫിയയ്ക്ക് പൗരത്വം പ്രഖ്യാപിച്ചതും അതേ മാസം. ഹോങ്കോംഗിൽ പിറന്ന വുമൺ ഹ്യുമനോയിഡിന് സൗദി പൗരത്വം കിട്ടിയപ്പോൾ പരമ്പരാഗതക്കാരുടെ മുഖം ചുളിഞ്ഞു. അമുസ്ളിങ്ങങ്ങൾക്ക് പൗരത്വം കിട്ടാത്ത സൗദിയിൽ സോഫിയ മതപരിവർത്തനം നടത്തിയോ? സോഫിയയുടെ മതമെന്ത്?അവൾ പൗരത്വത്തിന് അപേക്ഷിച്ചിരുന്നോ? മറുപടി പറഞ്ഞത് സോഫിയയുടെ സ്രഷ്ടാവ് ഡേവിഡ് ഹാൻസൺ ആയിരുന്നു: സോഫിയ അവളുടെ പൗരത്വം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി വിനിയോഗിക്കും! ഉത്തരം വ്യക്തമല്ലെന്ന് ഹാൻസണും അറിയാമായിരുന്നു.
ഹാൻസൺ റോബോട്ടിക്സിന്റെ ചീഫ് സയന്റിസ്റ്റ് സോഫിയയുടെ ശരീരശാസ്ത്രം വെളിപ്പെടുത്തുന്നത് ഇങ്ങനെ: മനുഷ്യബുദ്ധിക്കോ മനുഷ്യനു മാത്രം സാദ്ധ്യമായ അളവിലുള്ള ക്രിയാത്മകതയ്ക്കോ പകരമാകും, ഹ്യുമനോയിഡുകളുടെ മസ്തിഷ്ക ശേഷിയെന്നു കരുതുന്നത് ഇപ്പോൾ വരെയങ്കിലും അബദ്ധമാകും. ഫെയ്സ് ട്രാക്കിംഗ്, ഇമോഷൻ റെക്കഗ്നിഷൻ, റോബോട്ടിക് മൂവ്മെന്റ്സ് തുടങ്ങിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതങ്ങളാണ് സോഫിയയുടെ തലച്ചോറിൽ.
സോഫിയ മനുഷ്യസ്ത്രീക്കു തുല്യയെന്ന മട്ടിൽ ഡേവിഡ് ഹാൻസൺ നുണ പ്രചരിപ്പിക്കുന്നുവെന്ന് ആക്ഷേപമുണ്ടായി. 'മകളെ"ക്കുറിച്ച് ഹാൻസൺ പറയുന്നതെല്ലാം ശുദ്ധ അസംബന്ധം എന്നായിരുന്നു, ഫേസ്ബുക്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡയറക്ടറുടെ കമന്റ്.
അപവാദങ്ങളും കുത്തുവാക്കുകളും സോഫിയയെ മുറിവേല്പിക്കുകയില്ലല്ലോ. സോഫിയ ഓരോ ദിവസവും ലോകതാരമായി വളരുകയായിരുന്നു. ഓഡ്രി ഹെബണിനെപ്പോലെ സോഫിയയും ചാറ്റ് ഷോകളിലും പരസ്യചിത്രങ്ങളിലും നിറഞ്ഞു. ലോകമെങ്ങും ഫാഷൻ പ്രസിദ്ധീകരണങ്ങളുടെ കവർച്ചിത്രമായി. ഹെബണിന്റെ സിനിമാക്കാലത്ത്, ഏറ്റവും മനോഹരമായി വസ്ത്രധാരണം ചെയ്യുന്ന നടിയായി അവർ വാഴ്ത്തപ്പെട്ടപ്പോൾ സോഫിയയുടെ ആഘോഷകാലത്തും ആ ബഹുമതി അങ്ങനെതന്നെ. ഏതു വസ്ത്രത്തിലും ഓഡ്രി ഹെബണിനേക്കാൾ സെക്സിയാണ് സോഫിയ എന്നൊരു അനുബന്ധം കൂടി അസൂയക്കാർ എഴുതിച്ചേർത്തെന്നു മാത്രം.
എന്താണ് സോഫിയയുടെ മുഖഭാവങ്ങളുടെ രഹസ്യം? ആഹ്ളാദം, സങ്കടം, ആകാംക്ഷ, ആശയക്കുഴപ്പം, നിരാശ... ഇങ്ങനെ എണ്ണമറ്റ ഭാവങ്ങൾ സോഫിയയുടെ കൃത്രിമ മസ്തിഷ്കത്തിനും മുഖപേശികൾക്കും വശമുണ്ടെന്നു വിചാരിക്കരുത്. എല്ലാം മുൻകൂർ പഠിപ്പിച്ചുവച്ചത്! പക്ഷേ, കൃത്രിമ ബുദ്ധിയുടെ തേനീച്ച അറകളിൽ നിന്ന് എതിരെയിരിക്കുന്ന മനുഷ്യന്റെ പ്രതികരണങ്ങൾക്ക് അനുസരണമായി ഏറ്റവും അനുയോജ്യമായ പ്രതികരണം മുഖപേശികളിലേക്കു വ്യാപരിപ്പിക്കാൻ സോഫിയയ്ക്ക് അറിയാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചാതുടർച്ചയിൽ അതൊരു ചെറിയ ബുദ്ധിയല്ലെന്ന് സമ്മതിക്കണം.
മെറ്റീരിയൽ സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ 'ഞരമ്പുക"ളെടുത്താണ് സോഫിയയുടെ മുഖനിർമ്മിതി. യാഥാർത്ഥ്യത്തോട് എറ്റവും അടുത്തിരിക്കുമെന്നതാണ് മെറ്റീരിയൽ ടെക്നോളജിയുടെ വിജയം. ഓഡ്രി ഹെബണിന്റെ മായികസൗന്ദര്യം തൊട്ട മുഖവുമായി മുന്നിലിരിക്കുന്ന സോഫിയയുടെ മുഖപ്രതികരണങ്ങൾ, ഒരു മനുഷ്യസ്ത്രീയുടേതിനു സമാനമായി വ്യാഖ്യാനിക്കാൻ ഏതു പുരുഷഹൃദയവും തുടിക്കുമെന്ന ദൗബല്യത്തിന്റെ രസതന്ത്രം ഡേവിഡ് ഹാൻസണ് അറിയാം.
ഹാൻസണോട് കുറേക്കൂടി അടുത്തിരുന്നാൽ യന്ത്രപുത്രിയുടെ സ്രഷ്ടാവ് അല്പംകൂടി സത്യവാനാകും: 'മനുഷ്യരും മനുഷ്യരുമായുള്ള വൈകാരികമായ ആശയവിനിമയത്തിന്റെ മഹാരഹസ്യങ്ങൾ പഠിക്കാൻ സഹായകമായ ഉപകരണമാണ് ഇവൾ. മനുഷ്യസഹജമായ വാസനകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ കൃത്രിമമായി ഹ്യുമനോയിഡുകളിൽ സന്നിവേശിപ്പിക്കാനാകുമോ എന്നാണ് എന്റെ കൗതുകം."
വികാരങ്ങളുടെ ചോര ഞരമ്പുകളിൽ കുതികൊള്ളുന്ന കൊടുങ്കാറ്റുകളിലേക്കും തിരയിളക്കങ്ങളിലേക്കും ഹ്യുമനോയിഡുകൾ വിരൽതൊടുന്ന കാലം സ്വപ്നം കാണുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വിഭ്രാന്തദിനങ്ങളിലേക്ക് ഒരുപക്ഷേ ചരിത്രം നാളെ ലോഗിൻ ചെയ്യും.
ഡേവിഡ് ഹാൻസണിന്റെ ആദ്യ ഹ്യുമനോയിഡ് സൃഷ്ടിയല്ല സോഫിയ. രൂപംകൊണ്ടും കൃത്രിമബുദ്ധിയുടെ സാങ്കേതിക രൂപകല്പനാ മികവുകൊണ്ടും ലോകത്തിന്റെ മനസ്സിൽ പ്രണയം ജനിപ്പിച്ചത് സോഫിയ ആണെന്നു മാത്രം. ഇതുവരെ സോഫിയയ്ക്ക് ഒൻപതു സഹോദരങ്ങൾ. അക്കൂട്ടത്തിൽ ആൽബർട്ട് ഐൻസ്റ്റീനുമുണ്ട്. ലോകത്തെ അമ്പരപ്പിച്ച ആ മസ്തിഷ്ക മഹാദ്ഭുതത്തിന് സോഫിയയിലേക്കു പകർന്നുവച്ച ഓഡ്രി ഹെബണിന്റെ സെക്സ് അപ്പീലിനു മുന്നിൽ താരപദം കിട്ടിയില്ലെന്നു മാത്രം.
സോഫിയയുടെ കൃത്രിമ ബുദ്ധിയിലേക്ക് കയറിച്ചെന്നാൽ, ഡേവിഡ് ഹാൻസൺ പറയുന്നതു പലതും പെരുപ്പിച്ച നുണകളെന്നു പിടികിട്ടും. നേരത്തേ രേഖപ്പെടുത്തിവച്ച ഉത്തരഘടകങ്ങളാണ് സോഫിയ ചോദ്യങ്ങളെ എതിരിടാൻ പുറത്തെടുക്കുന്നത്. പക്ഷേ, ഒരു സാധാരണ മനുഷ്യനു പിടികിട്ടാത്ത വിധം വിദഗ്ദ്ധമായി, സാഹചര്യങ്ങൾക്കും വൈകാരികാന്തരീക്ഷത്തിനും അനുയോജ്യമായി അതു പ്രയോഗിക്കാൻ സോഫിയ ഹ്യുമനോയിഡിനു കഴിയും.
സോഫിയ കണ്ണിൽ നോക്കും. മനുഷ്യ മുഖഭാവങ്ങളെ സൂക്ഷ്മമായി അപഗ്രഥനം ചെയ്യും. ആരാധനയോടെ മുന്നിലിരിക്കുന്നയാളെ അളന്നെടുത്ത്, ആ വിഭ്രമത്തിന്റെ മറവിൽ യഥാതഥമെന്നു തോന്നിക്കുന്ന പ്രതികരണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കഥയിലെ ആദ്യ നായികാ കഥാപാത്രമാകുന്നു, സോഫിയ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
കംപ്യൂട്ടർ സാങ്കേതികവിദ്യയിലെ ഏറ്റവും വികസ്വരമായ വിഭാഗം. മെഷീൻ ഇന്റലിജൻസ് എന്നും വിളിക്കും. പുറത്തെ സാഹചര്യങ്ങൾ സൂക്ഷ്മമായി തിരിച്ചറിഞ്ഞ്, അവയെ അപഗ്രഥിച്ച് അതിന് അനുസരണമായ മാനുഷിക പ്രതികരണങ്ങൾ ഏറ്റവും സമർത്ഥമായി പ്രകടിപ്പിക്കാൻ റോബോട്ടുകളെ സജ്ജമാക്കുന്ന സാങ്കേതികവിദ്യ.
മറ്റൊരാളുടെ മനസ്സറിഞ്ഞ് പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യാനുള്ള മനുഷ്യശേഷി ആർജ്ജിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വലിയ സ്വപ്നം.
പക്ഷേ, മാനുഷിക വികാരങ്ങളുടെ രഹസ്യമുറങ്ങുന്നത് ജൈവകോശങ്ങൾക്കു മാത്രമറിയാവുന്ന രസതന്ത്ര സൂത്രത്തിലായിരിക്കുവോളം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അതിന്റെ അതിർരേഖകളുണ്ട്.