നാലുവശവും അടഞ്ഞ മുറികളിൽ നടത്തിവരുന്ന പരമ്പരാഗത അദ്ധ്യയനങ്ങളിൽ നിന്ന് വ്യതിചലിച്ച് മനുഷ്യരെ ബോധനത്തിന്റെ പുതുവഴി വെട്ടാൻ പ്രേരിപ്പിച്ച് കേരള സർവകലാശാല. വർത്തമാനകാലത്തെ സാമൂഹ്യ അപച്യുതികൾക്കെതിരെ നവോത്ഥാന സന്ദേശങ്ങൾ പകർന്ന് കേരള സർവകലാശാലയുടെ 'ട്രാവലിംഗ് തിയേറ്റർ" മധ്യ കേരളത്തിലെയും തെക്കൻ കേരളത്തിലെയും കലാലയങ്ങളിലൂടെ പര്യടനം തുടരുകയാണ്. കേരള സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ പെർഫോമിംഗ് ആൻഡ് വിഷ്വൽ ആർട്സാണ് 'വിവേകോദയം" എന്നു പേരിട്ടിരിക്കുന്ന നാടകം വാഗൺ തിയേറ്ററിൽ അവതരിപ്പിക്കുന്നത്.
മനുഷ്യ മനസിനെ ശക്തമായി സ്വാധീനിക്കാൻ കഴിയുന്ന കലയെന്ന തിരിച്ചറിവിലാണ് നവോത്ഥാന മൂല്യങ്ങൾ നാടക സങ്കേതത്തിലൂടെ അവതരിപ്പിക്കാനുള്ള തീരുമാനത്തിൽ സർവകലാശാലയുടെ നാടക വിഭാഗം എത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി കേരള സർവകലാശാലയുടെ കീഴിലുള്ള അമ്പതോളം കലാലയങ്ങളിലാണ് നാടകം അവതരിപ്പിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളും സന്ദേശങ്ങളും വിളംബരം ചെയ്യുന്ന നാടകത്തിൽ വിവേകാനന്ദന്റെ കേരള സന്ദർശനവും പ്രധാന സന്ദർഭമായി കടന്നുവരുന്നു.
നവോത്ഥാന നായകരായ അയ്യങ്കാളി, അയ്യാ വൈകുണ്ഠ സ്വാമി, അയ്യാഗുരു, ചട്ടമ്പി സ്വാമികൾ, കെ.കേളപ്പൻ തുടങ്ങിയവരും പരാമർശ വിധേയരാകുന്നു. സങ്കുചിത ജാതിമത ചിന്തകളാൽ കലുഷിതമായ കേരളത്തിന്റെ സമകാലിക സാമൂഹ്യാവസ്ഥയിൽ വിദ്യാർത്ഥികളെയും പൊതുസമൂഹത്തെയും ചിന്തിപ്പിക്കാനും പ്രവർത്തിപ്പിക്കാനും 'വിവേകോദയം" പ്രേരക ശക്തിയാകുമെന്നു തന്നെയാണ് നാടകത്തിന്റെ അണിയറക്കാരുടെ വിശ്വാസം.
പുത്തൻ നാടക സങ്കേതം പ്രൊസീനീയം സ്റ്റേജിന്റെയും തെരുവുനാടകത്തിന്റെയും അതിർവരമ്പുകളെ ഭേദിച്ചുകൊണ്ട് വാഗൺ തിയേറ്റർ എന്ന വ്യത്യസ്തമായ സമീപനമാണ് 'വിവേകോദയ"ത്തിനായി സ്വീകരിച്ചിട്ടുള്ളത്. വലിയൊരു ട്രക്കിനുളളിലാണ് കളിയിടം. ഈ അവതരണയിടത്തിൽ രംഗ,ദീപവിതാനങ്ങളെല്ലാം ഉണ്ടായിരിക്കും. കഥാപാത്രങ്ങളും രംഗങ്ങളും ഈ അരങ്ങിൽ നിറയും. കാലികപ്രസക്തിയുള്ള വിഷയത്തെ കാല്പനികാന്തരീക്ഷത്തിൽ അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത. ജാതിമത ചിന്തകൾക്കപ്പുറത്തേക്ക് മാനവ സംസ്കൃതിയിലധിഷ്ഠിതമായ വിശ്വമാനവികത വിളംബരം ചെയ്യുന്ന കഥാപാത്രങ്ങളായി ഗുരുദേവനും സ്വാമി വിവേകാനന്ദനും രംഗപ്രവേശം ചെയ്യുന്നുവെന്നതു തന്നെയാണ് 'വിവേകോദയ"ത്തിൽ അണിയറക്കാർ മുന്നോട്ടുവയ്ക്കുന്ന പ്രധാന സവിശേഷത.
നാടകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് പ്രൊഫ.ജി ഗോപാലകൃഷ്ണനാണ്. സെന്റർ ഫോർ പെർഫോമിംഗ് ആൻഡ് വിഷ്വൽ ആർട്സിന്റെ ഡയറക്ടറായ ഡോ.രാജാവാര്യരാണ് സംവിധാനം. ദീർഘകാലം നാടക വേദിയിൽ പ്രവർത്തിച്ചു പരിചയമുള്ള ഒട്ടേറെപ്പേർ ഈ സംരംഭത്തിൽ ഒത്തുചേരുന്നുണ്ട്. ആറ്റുകാൽ സുരേഷ്, മധു കൊട്ടാരത്തിൽ, അസീം അമരവിള, പ്രവീൺകുമാർ, ഷാരോൺ, ദേവൻ കൃഷ്ണ, ചാക്ക ഗിരീഷ് തുടങ്ങിയവരാണ് അഭിനേതാക്കൾ. ഡോ. ഉഷാ രാജാവാര്യർ ഗാനരചനയും സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.
ആലാപനം പന്തളം ബാലൻ. കാരയ്ക്കാമണ്ഡപം വിജയകുമാർ, ശ്രീകാന്ത് കാമിയോ, ഹൈലേഷ്, സന്തോഷ് വെഞ്ഞാറമൂട് എന്നിവരും വിവേകോദയത്തിന്റെ അണിയറയിലെ പ്രധാന സാന്നിദ്ധ്യങ്ങളാണ്. ഫെബ്രുവരി 28ന് തിരുവനന്തപുരം കരകുളത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട വാഗൺ തിയേറ്ററിന്റെ നാടകാവതരണം കലാലയങ്ങളിലെ പര്യടനത്തിനു ശേഷം ഈ മാസം 18ന് തിരുവനന്തപുരം സെനറ്റ് ഹാളിൽ സമാപിക്കും.