ഏതാനും നിമിഷങ്ങൾ കഴിയുമ്പോൾ ഈ വേദിയിൽ നിങ്ങൾ കാണുന്നത് കാഴ്ചയുടെ അത്ഭുതമാണ്. ക്ഷേത്ര പരിസരത്തുള്ള എല്ലാ ലൈറ്റുകളും അണച്ച് ഞങ്ങളോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിലെ ഉത്സവപ്പറമ്പുകളിൽ മുഴങ്ങി കേട്ടിരുന്ന ഈ അനൗൺസ്മെന്റ് ഇന്നില്ല. ഉറക്കത്തിന് അവധി നൽകിവന്ന ആട്ടങ്ങളും പാട്ടുകളും ആ സുവർണദിനങ്ങൾക്ക് ആസ്വാദകരിൽ കോരിത്തരിപ്പ് ഉണ്ടാക്കിയിരുന്ന ബാലെയുടെ മുൻകർട്ടനുമേൽ അവഗണനയുടെയും ശേഷിപ്പിന്റെയും തിരശീല വീണിട്ട് നാൾ ഏറെയായി!.
അരങ്ങിന്റെ രാജാവായ ജി. പ്രബുദ്ധപ്പണിക്കർ തുടങ്ങിയ നൃത്തസംഗീത നാടക പ്രസ്ഥാനത്തിന് (ബാലെ) അരനൂറ്റാണ്ട് പിന്നിടുകയാണ്. കലാരംഗത്ത് അഞ്ചരപതിറ്റാണ്ട് പിന്നിട്ട ഹരിപ്പാട് കുമാരപുരം എരിയ്ക്കാവ് പുത്തൻപറമ്പിൽ വീട്ടിൽ ജി. പ്രബുദ്ധപ്പണിക്കർ എന്ന 94 കാരൻ ഇതിനോടകം കേരളത്തിൽ അകത്തും പുറത്തും ബാലെ കലാരൂപം അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ട കലാകാരനാണ്. പന്ത്രണ്ടാം വയസിൽ സംഗീത കലയിലും പതിനെട്ടാംവയസിൽ നാടകകലയിലും സജീവമായിരുന്ന ജി.പി. പണിക്കർ 1964 ഏപ്രിൽ 24ന് പത്താമുദയം നാളിൽ കൊളുത്തിയ കലാദീപമായിരുന്നിട്ടും അരനൂറ്റാണ്ട് പിന്നിട്ടപ്പോൾ കലാകാരൻമാരുടെ കുറവ് മൂലം ഹരിപ്പാട് സുദർശനയ്ക്കും കഴിഞ്ഞ വർഷം തിരശീല വീണു.
1961ൽ ഗുരുഗോപിനാഥിന്റെ രാമായണം ബാലെ വീടിന് സമീപത്ത് ഒരു ക്ഷേത്രത്തിൽ ബന്ധുവായ തൃക്കുന്നപ്പുഴ സദാനന്ദനോടൊപ്പം കാണുവാൻ പോയി. അത് തികച്ചും ക്ലാസിക്കൽ നൃത്തമായിരുന്നു. ഇത് പൂർണമായും ജനകീയവത്ക്കരിച്ച് ഒരു ബാലെ ട്രൂപ്പ് ഉണ്ടാക്കണമെന്ന് ഇരുവരും ആലോചിച്ചു. അതായിരുന്നു ആദ്യത്തെ തുടക്കം. അടുത്തുള്ള ഒരു ക്ഷേത്രത്തിൽ ക്ലാപ്പന ഗ്രൂപ്പിന്റെ ഡാൻസ് കണ്ട് മടങ്ങുമ്പോൾ പണിക്കർക്കൊപ്പമുണ്ടായിരുന്ന ഭാര്യ സാവിത്രി മക്കളെ നൃത്തം പഠിപ്പിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. ചേലക്കാട്ടെ കുടുംബക്ഷേത്രത്തിൽ ഉത്സവത്തിന് പരിപാടി അവതരിപ്പിച്ച ട്രൂപ്പിന് 350 രൂപ നൽകുന്നതിന് 50 രൂപ കുറച്ച് നൽകിയതിന്റെ പേരിൽ ട്രൂപ്പ് മാനേജർ പ്രധാന നടനെ പുറത്താക്കിയ സംഭവവുമുണ്ടായിരുന്നു. ഇതെല്ലാം ഒരേ കാലയളവിലാണ് നടന്നത്.
അങ്ങനെ കൃഷ്ണഭക്തനായ പണിക്കർ സുദർശന എന്ന പേരിൽ ബാലെ ട്രൂപ്പിന് രൂപം കൊടുക്കുകയായിരുന്നു. ആദ്യകഥ മഹാഭാരതത്തിലെ കംസവധത്തെ ആസ്പദമാക്കി തൃക്കുന്നപ്പുഴ സദാനന്ദൻ എഴുതിയതാണ്. ഇതിൽ നടൻന്മാരെ കണ്ടെത്തുന്നത് വെല്ലുവിളി ഉയർത്തിയപ്പോൾ മക്കളായ നദീറ, യമുന, അഞ്ച് വയസുകാരി ഫിലോമിന, മൂന്ന് വയസുകാരൻ പ്രസാദ് എന്നിവരെ വേഷമണിയിച്ച് അഭിനയിപ്പിച്ചു. അഞ്ചുമണിക്കൂർ ദൈർഘ്യമുള്ള ബാലെയിൽ അരങ്ങിലും അണിയറയിലുമായി 40 കലാകാരന്മാർ ഉണ്ടായിരുന്നു. അരങ്ങേറ്റ വേദിയിൽ 200 രൂപയ്ക്ക് പരിപാടി അവതരിപ്പിച്ചപ്പോൾ അതേ വർഷം 'കംസൻ ബാലെ" 1000 രൂപ റേറ്റിൽ എത്തി. ഏഴുമക്കളും ബാലെയിൽ പങ്കെടുത്തിരുന്നു. പെൺമക്കൾ വിവാഹത്തിന് ശേഷമാണ് അരങ്ങിൽ നിന്നും പിൻമാറിയത്.
38ാമത്തെ വയസിലാണ് പണിക്കർ സംവിധാന രംഗത്ത് എത്തുന്നത്. കംസൻ ബാലെ ആയിരുന്നു ആദ്യ കലാസൃഷ്ടി. ഇപ്പോൾ 95 വയസെത്തി നിൽക്കുന്ന പണിക്കർ 48 ബാലെകൾ സംവിധാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാലുവർഷമായി സംവിധാനരംഗത്ത് സുന്ദരൻ കല്ലായിയെയും വൈക്കം ഗോപനെയും ഏൽപ്പിച്ചിട്ടുണ്ടെങ്കിലും കഥയ്ക്ക് അനുയോജ്യമായ കഥാപാത്രങ്ങളെ കണ്ടെത്തുന്നത് പണിക്കർ തന്നെയാണ്. ഇരുവരും നാല് ബാലെകൾ സംവിധാനം ചെയ്തിട്ടുണ്ട്. വീടിന്റെ സമീപം റിഹേഴ്സൽ ആരംഭിച്ചുകഴിഞ്ഞാൽ ആദ്യവേദിയിൽ എത്തും വരെ പണിക്കർക്ക് ഉറക്കമേയില്ല. ഇളയമകൻ പി. ചന്ദ്രമോഹനനാണ് ഇപ്പോഴത്തെ മേൽനോട്ടം. പഴയ കാലത്തെ കലാകാരന്മാർ കലയോട് നന്ദിയും കടപ്പാടും കാട്ടുന്നവർ ആയിരുന്നു.
മഹാഭാരതത്തെയും പുരാണങ്ങളേയും ആസ്പദമാക്കിയുള്ള കഥകളാണ് ബാലെയിൽ ഏറെയും ഉൾപ്പെടുത്തിയത്. കർണൻ, ഭീഷ്മർ എന്നീ കഥാപാത്രങ്ങളായിരുന്നു കൂടുതലും. ഇന്ന് പുരാണകഥകൾ തന്നെ വേണമെന്നില്ല. പണ്ടുകാലത്ത് 30 പേർ വേണ്ടിടത്ത് ഇന്ന് നേർപകുതി കലാകാരന്മാർ മതി. മുമ്പ് പശ്ചാത്തല സംഗീതവും സംഭാഷണവും നൃത്തത്തോടൊപ്പം വേദിയിൽത്തന്നെ അവതരിപ്പിച്ചിരുന്നുവെങ്കിൽ ഇന്ന് അവയെല്ലാം റെക്കാർഡിംഗ് സംവിധാനത്തിലേക്ക് മാറി. ഉത്സവപ്പറമ്പുകളിൽ ബാലെ കാണുവാൻ തന്നെ സ്ത്രീകളുടെ കൂട്ടം എത്തിയിരുന്നു അന്നെങ്കിൽ ഇന്ന് അവയെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്.
സുദർശനയുടെ സുവർണജൂബിലി സമ്മാനമാണ് ഉണ്ണിയാർച്ചയുടെ കുടുംബാംഗമായ ഭാസ്ക്കരൻ മാനാത്തേരി രചിച്ച കടത്തനാടൻ നൊമ്പരങ്ങൾ എന്ന കഥയെ ആസ്പദമാക്കിയുള്ള 'ഉണ്ണിയാർച്ചയും ടിപ്പു സുൽത്താനും" എന്ന നാടകീയ നൃത്തശിൽപ്പം. കടത്തനാട് ആക്രമിച്ച് കീഴ്പ്പെടുത്തിയ ടിപ്പുസുൽത്താന്റെ സൈന്യത്തെ ഉറുമി വിദ്യ ഉപയോഗിച്ച് ഉണ്ണിയാർച്ച അരിഞ്ഞുവീഴ്ത്തിയതു മുതൽ ഉണ്ണിയാർച്ചയെ ടിപ്പു സുൽത്താൻ മൈസൂറിലേക്ക് കൊണ്ട് പോവുകയും തന്റെ ജന്മനാട് ആക്രമിച്ച ടിപ്പുവിനോട് പ്രതികാരമായി ചൂണ്ടുമർമ്മ വിദ്യയിലൂടെ കൊലപ്പെടുത്തിയതുൾപ്പെടെയുള്ള സംഭവങ്ങൾ ഉൾപ്പെടുത്തിയ നൃത്തശിൽപ്പം. പിന്നീട് മൂന്ന് വർഷം കൂടി സുദർശന അരങ്ങ് തകർത്തെങ്കിലും കഥയ്ക്ക് അനുസരിച്ചുള്ള കലാകരൻമാരുടെ ലഭ്യത കുറവ് സുദർശനയ്ക്ക് തിരശീല വീഴാൻ കാരണമായി.
കലാരംഗത്ത് പ്രവർത്തിക്കുന്ന നിരവധി സംഘടനകളിൽ നിന്നായി നൂറിലധികം അവാർഡുകൾ ലഭിച്ചു. ഒ. മാധവൻ, രമേശ് ചെന്നിത്തല ഉൾപ്പെടെ നിരവധി പ്രമുഖരിൽ നിന്ന് അവാർഡ് കൈപ്പറ്റാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിൽ പരിപാടികൾ അവതരിപ്പിക്കുന്നതിനാൽ പുരാണകഥകളെ ആസ്പദമാക്കിയുള്ള ബാലെകൾ ആണ് വേദിയിൽ അവതരിപ്പിക്കുന്നത്.
''ഭക്തിയ്ക്ക് കൂടുതൽ കരുത്തു പകരാൻ കഴിയുന്ന കഥാപാത്രങ്ങളെയാണ് സാധാരണയായി വേദിയിൽ എത്തിക്കുന്നത്. 'പുലയനാർ മണിയമ്മ പൂമുല്ല കാവിലമ്മ" എന്നു തുടങ്ങുന്ന നാലുവരി പദ്യത്തിൽ നിന്ന് ശിവപാർവതി ഐതിഹ്യം ആസ്പദമാക്കി 'മാനസപുത്രി" എന്ന ബാലെ രംഗത്ത് എത്തിച്ചത് വൻവിജയമായിരുന്നു. കൊല്ലം ആശ്രമം ക്ഷേത്രത്തിൽ പരിപാടി അവതരിപ്പിക്കാൻ പോകുമ്പോൾ കലാകാരൻമാർ സഞ്ചരിച്ച വാഹനം ചവറ ഭാഗത്ത് വച്ച് അപകടത്തിൽ പെട്ടിരുന്നു. വഴിയാത്രക്കാരായ രണ്ട് പേർ മരിച്ചു. വലിയ വാർത്തയായിരുന്നു ആ അപകടം.
സമീപത്തെ സി.പി.എം നേതാവിന്റെ വീട്ടിലായിരുന്നു അന്ന് കലാകാരൻമാർക്ക് സംരക്ഷണം നൽകിയത്. അപകടവിവരമറിഞ്ഞ് പരിപാടി മാറ്റിവയ്ക്കാൻ സംഘാടകർ തന്നെ പറഞ്ഞത് ഏറെ ആശ്വാസം പകർന്നു. ഇന്നാണെങ്കിൽ സ്ഥിതി കുഴപ്പമാകും. പഴയ കാലത്ത് ബാലെയുടെ റിഹേഴ്സൽ പൂർത്തികരിക്കാൻ 15, 000രൂപ വേണ്ടിയിരുന്നിടത്ത് ഇന്ന് രണ്ടര ലക്ഷം രൂപ വേണ്ടിവരും. 200 രൂപ ലഭിക്കുമ്പോൾ പ്രധാന നടനും നടിക്കും കൂടിയ വേതനം 25രൂപയാണ്. ഇന്ന് 35,000 രൂപ ലഭിക്കുമ്പോൾ കൂടിയ വേതനം 2000 രൂപയാണ്. ഇതിന് പുറമേ വാഹന ചാർജും രംഗ സജ്ജീകരണത്തിനും വേണ്ടത് വലിയ തുകയാണ്."" ജി.പി. പണിക്കർ ഓർമ്മകൾ പങ്കിട്ടു.