സുന്ദരികളും സുന്ദരന്മാരും കറുത്തവരും വെളുത്തവരും സമ്പന്നരും നിർദ്ധനരും ബുദ്ധിയുള്ളവരും ഇല്ലാത്തവരും ഇങ്ങനെ മനുഷ്യർക്കിടയിൽ നിരവധി ഭേദങ്ങളുണ്ട്. മനുഷ്യൻ സൃഷ്ടിക്കുന്ന ജാതിമത വ്യത്യാസങ്ങൾക്ക് പുറമേയാണ് ഇത്തരം ഭേദകല്പനകൾ. ആത്മബോധത്തോടെ ചിന്തിച്ചാൽ ഇതെല്ലാം അർത്ഥരഹിതമാണെന്നു കാണാം. പക്ഷേ അത്തരം ചിന്തകളിലേക്കുയരാൻ അനുഭവജ്ഞാനവും ആത്മജ്ഞാനവും വേണം. പർവ്വതങ്ങളെക്കാൾ സമതലങ്ങളാണല്ലോ പ്രകൃതിയിൽ കൂടുതൽ. സമതലങ്ങളെപ്പോലെയാണ് സാമാന്യജനങ്ങൾ. കാനേഷുമാരിയിൽ അത്തരക്കാരാണ് കൂടുതൽ.
സമ്പന്നന് നാം ഒരു ഡ്രസ്കോഡ് കല്പിച്ചിട്ടുണ്ട്. ബുദ്ധി ജീവിക്കും സാഹിത്യകാരനും മദ്യപാനിക്കുമൊക്കെ നിശ്ചിത വേഷഭൂഷകളും സംസാരഭാഷയും നാം കല്പിച്ചുകൊടുത്തിട്ടുണ്ട്. ബുദ്ധിജീവി അധികം സംസാരിക്കാൻ പാടില്ല. പൊട്ടിച്ചിരിക്കാൻ പാടില്ല. ദരിദ്രവാസി വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കരുത്. ഇങ്ങനെയൊക്കെ ചില മുൻവിധികളുണ്ട്. ഇത്തരം മുൻവിധികൾ തെറ്റിക്കുന്ന ചില മഹാന്മാരുണ്ട്. അടുത്തറിയുമ്പോൾ അവരെക്കുറിച്ച് വലിയ മതിപ്പുതോന്നും.
ആരാധന തോന്നും. യൂറോപ്യൻ പര്യടനത്തിനിടയിൽ പരിചയപ്പെട്ട സുദേവനെകുറിച്ച് ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞപ്പോൾ അതിശയം തോന്നി. അമ്പത് പേരടങ്ങുന്ന യാത്രാസംഘം രണ്ടാഴ്ചത്തെ സന്ദർശനത്തിനായി റോമിലെത്തിയതായിരുന്നു. ഇറ്റലിയും വത്തിക്കാനുമൊക്കെ കാണണം. സ്ഥിരമായി വിദേശയാത്ര നടത്തുന്നവരും ആദ്യമായി വിമാനത്തിൽ കയറുന്നവരും കൂട്ടത്തിലുണ്ട്. ആദ്യമായി സൈക്കിളിൽ കയറുക, ബൈക്കിൽ കയറുക, ട്രെയിനിൽ യാത്ര ചെയ്യുക. ചെറിയൊരു സങ്കോചംകാണും. വിമാനത്താവളത്തിൽ യാത്രയയ്ക്കാൻ പോകുമ്പോഴുള്ള മാനസികാവസ്ഥയായിരിക്കില്ല വിമാനത്തിൽ ആദ്യമായി യാത്ര ചെയ്യുമ്പോൾ. പെട്ടെന്ന് ആ സാഹചര്യവുമായി ഇണങ്ങും. അതും മനസിന്റെ ഒരു സവിശേഷത. രണ്ടാമത് വിമാനയാത്ര നടത്തുമ്പോൾ ഇൗ അവസ്ഥയായിരിക്കില്ല. മുൻപരിചയം ഒരു കരുത്താകും.
ലോകപ്രശസ്ത ചിത്രകാരനായ ഡാവിഞ്ചിയുടെ ചിത്രങ്ങൾ വിമാനത്താവളത്തിൽ പലേടത്തും കാണാം. സന്ദർശകർക്ക് അതൊരു വിസ്മയം. കൂട്ടത്തിൽ വൃദ്ധരായ യാത്രക്കാരുമുണ്ട്. ബാഗേജുകൾ എടുക്കാൻ പലരും ശ്രമിച്ചിട്ടും നടക്കുന്നില്ല. ഭൂരിഭാഗവും തങ്ങളുടെ ബാഗേജുകൾ എടുത്തതോടെ സംതൃപ്തരായി. കൂട്ടത്തിലെ ഒരാൾ ബാഗേജുകൾ ഇറക്കിവയ്ക്കാൻ ശ്രമിക്കുകയാണ്. സാധാരണ വേഷം, സാധാരണക്കാരന്റെ പ്രകൃതം. മ
റ്റുള്ളവരെ സഹായിക്കുന്നതിൽ പ്രത്യേകമൊരു സന്തോഷവും. ഭക്ഷണം കഴിക്കാൻ റെസ്റ്റോറന്റിൽ കയറിയപ്പോഴും അയാൾ മറ്റുള്ളവർക്കായി മാറിനിന്നു. പലരുടെയും ഗ്ളാസുകളിൽ ആവശ്യാനുസരണം ചൂടുവെള്ളവും തണുത്തവെള്ളവും പകർന്നുകൊടുത്തു. അതാരാണ് ഇത്രയും എളിമയോടെ ഇങ്ങനെയൊക്കെ ചെയ്യുന്നത്. സുഹൃത്തിന് ആകാംക്ഷയായി. യാത്രാസംഘത്തലവനോട് തന്നെ ചോദിച്ചു. അറിയില്ലേ അതാണ് സുദേവൻ. ഗൾഫിലെ കോടീശ്വരനാണ്. വിപുലമായ വ്യവസായ സാമ്രാജ്യം. ആയിരത്തോളം കുടുംബങ്ങളുടെ രക്ഷകൻ. ആ മട്ടുംഭാവവുമൊന്നുമില്ല. ഇപ്പോഴും സാധാരണക്കാരിൽ സാധാരണക്കാരൻ. കൃത്രിമമായി പേരെടുക്കാനോ പ്രശംസ കിട്ടാനോ ഒന്നുമല്ല ഇങ്ങനെയൊക്കെ ചെയ്യുന്നത്.
കീശയിൽ രണ്ട് വലിയ നോട്ടുകിടന്നാൽ കോടീശ്വരനെന്ന് ഭാവിക്കുന്നവരാണ് അധികവും. അല്പം തൊലി വെളുപ്പും കണ്ണാടിയിൽ നോക്കുമ്പോൾ സംതൃപ്തി തോന്നുകയും ചെയ്താൽ സൗന്ദര്യമെല്ലാം തന്നിലാണെന്ന് ധരിക്കുകയും ചെയ്യുന്നവരും കുറവല്ല. നാലക്ഷരം പഠിച്ചാൽ ജ്ഞാനപീഠം കയറിയെന്ന് ചിന്തിക്കുന്നവരുമുണ്ട്. അവർക്കിടയിൽ ശ്രീകൃഷ്ണൻ ചമയാൻ എല്ലാമുണ്ടെങ്കിലും കുചേലനെപ്പോലെ ജീവിക്കുന്നവരുമുണ്ടെന്ന് സുഹൃത്ത് പറഞ്ഞപ്പോൾ, അതിശയിച്ചുപോയി.
ഫോൺ : 9946108220