മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന പേരിനുടമയാണ് പദ്മശ്രീ ഡോ. വെള്ളായണി അർജ്ജുനൻ. തിരുവനന്തപുരത്ത് വെള്ളായണി കായലിലെ താമരപ്പൂക്കൾക്കും തണുത്ത കാറ്റിനുമൊപ്പം പ്രകൃതിയെ തൊട്ടറിഞ്ഞാണ് അദ്ദേഹത്തിന്റെ തറവാട്ടിലെത്തിയത്. അതിഥികളെ സദാസമയവും കാത്തിരിക്കുന്ന 'ശ്രീമഹലി"ലെ വിശാലമായ സ്വീകരണ മുറിയിൽ ഒന്ന് കണ്ണോടിച്ചാൽ തന്നെ അദ്ദേഹത്തിന്റെ മഹത്വം മനസിലാകും. പുരസ്കാരങ്ങളുടെയും അംഗീകാരങ്ങളുടെയും നീണ്ട നിര തന്നെ അവിടെയുണ്ട്.
വെള്ളായണിയിലെ ഒരു കർഷക കുടുംബത്തിലായിരുന്നു ജനനം. കുട്ടിക്കാലം മുതലേ പഠിക്കാൻ മിടുമിടുക്കൻ. മലയാളത്തോടും ക്ലാസിക് കൃതികളോടും സ്കൂൾ കാലം മുതലേ വല്ലാത്ത അഭിനിവേശമായിരുന്നു.
മഹാകവി ഉള്ളൂരിന്റെ കടുകട്ടിയായ 'ഭക്തിദീപിക" എന്ന ഖണ്ഡകാവ്യം പഠിപ്പിക്കുന്നതിനിടെ ഒരിക്കൽ അദ്ധ്യാപകൻ ചോദിച്ചു, ആർക്കെങ്കിലും അതിലെ നാലുവരി വായിച്ച് അർത്ഥം പറയാമോ എന്ന്. രണ്ടാമതൊന്ന് ചിന്തിക്കാതെ മറ്റു കുട്ടികളെ പോലും അമ്പരിപ്പിച്ചുകൊണ്ട് ഒരു കുട്ടി മാത്രം എഴുന്നേറ്റു. പ്രായത്തെ വെല്ലുന്ന അക്ഷരസ്ഫുടതയോടെ ആ കവിത വായിച്ച് സ്പഷ്ടമായി അർത്ഥം പറഞ്ഞ് സമർത്ഥിച്ചത് അർജ്ജുനൻ മാത്രമായിരുന്നു. അന്നേ ആ ഗുരുനാഥന് അർജുനന് അദ്ധ്യാപകനാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്ന് അംഗീകരിച്ചിരുന്നു. ഇന്നും ആ വാക്കുകളാണ് തന്റെ ആദ്യ ബിരുദമെന്ന് ആത്മാഭിമാനത്തോടെ അദ്ദേഹം പറയും. ഒരിക്കലും കെടാത്ത ആവേശത്തോടെ പിന്നെയും പിന്നെയും പഠിച്ചു. ഒപ്പം പ്രസംഗകലയിലും കഴിവ് തെളിയിച്ചു. മലയാള ഭാഷയോടുള്ള പ്രിയം കൊണ്ട് ബിരുദവും മലയാള ഭാഷയിലെടുത്തു.
യൂണിവേഴ്സിറ്റി കോളേജിലെ സാഹിത്യവളക്കൂറുള്ള മണ്ണിലെത്തിയപ്പോൾ സ്വന്തം തറവാട്ടിലെത്തിയ പ്രതീതിയായിരുന്നു ഉള്ളിൽ നിറഞ്ഞത്. ലൈബ്രറിയിലെ പുസ്തകസഞ്ചയം അർജുനന്റെ വിജ്ഞാനമേഖലയെ കൂടുതൽ പരിപോഷിപ്പിച്ചു. വിപ്ളവകവിയായ ഒ.എൻ.വി, നോവൽ എഴുത്തുകാരനായ ജി. വിവേകാനന്ദൻ തുടങ്ങിയവരുൾപ്പെട്ട സൗഹൃദവലയവും അർജുനനെ കൂടുതൽ സാഹിത്യപ്രേമിയാക്കി.
''ഞാൻ അടിസ്ഥാനപരമായി ഒരു കവിയാണ്. പതിമൂന്നാം വയസിൽ കവിത എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിൽകാലത്ത് ചോരപ്പൂങ്കുല,കാർത്തിക വിളക്ക്, അശോകവനം തുടങ്ങിയ കവിതാ സമാഹാരങ്ങളും അമ്പിളി, താലപ്പൊലി തുടങ്ങിയ ബാലകവിതകളും പ്രകാശനം ചെയ്തിട്ടുണ്ട്. പദ്യരചനയിൽ നിന്ന് ഗദ്യത്തിലേക്ക് ഗതിമാറിയത് പി.എൻ. പണിക്കർ, മാസത്തിൽ ഒരു പുസ്തകം എന്ന രീതിയിൽ ആസ്വാദനം എഴുതാൻ ഏല്പിച്ചതോടെയാണ്. ഈ ദൗത്യം ഏറ്റെടുത്തതോടെ വായനാസക്തി കലശലായി. പിൽക്കാലത്തും നിരവധി സാഹിത്യകാരന്മാരുമായി പരിചയപ്പെടാനായി. ഒന്നോ രണ്ടോ അല്ല, സൗഹൃദവലയങ്ങളിൽ ഏറെയും പ്രമുഖരായ സാഹിത്യകാരന്മാർ തന്നെ. അതുകൊണ്ട് തന്നെ പേരെടുത്ത് പറയുന്നില്ല." അർജുനൻ പറയുന്നു.
അച്ഛന്റെ മരണാനന്തരം കുടുംബത്തിന്റെ ഉത്തരവാദിത്തം സ്വാഭാവികമായും ഏറ്റെടുക്കേണ്ടി വന്നു. ഇരുപത്തിരണ്ടാം വയസിൽ കൊല്ലം എസ്.എൻ കോളേജിൽ ലക്ചററായി നിമയനം ലഭിച്ചു. അദ്ധ്യാപനം ആരംഭിച്ച ദിവസം തന്നെ യാതൊരു മുന്നൊരുക്കവുമില്ലാതെ അവസാന വർഷ ബിരുദവിദ്യാർത്ഥികൾക്ക് ക്ലാസെടുത്ത് കൈയിലെടുത്തു. അന്ന് പഠിപ്പിച്ചത് ഇപ്പോഴും അദ്ദേഹത്തിന്റെ മനസിലുണ്ട്. എസ്.കെ. പൊറ്റക്കാടിന്റെ കവിതകളായിരുന്നു വിഷയം. ഏകദേശം ഒന്നരവർഷത്തെ എസ്. എൻ. കോളേജിലെ അദ്ധ്യാപനത്തിന് ശേഷം അലിഗർ യൂണിവേഴ്സിറ്റിയിലെത്തി. അവിടത്തെ ആദ്യത്തെ മലയാളം ലക്ചററെന്ന ബഹുമതി ഇന്നും ഇദ്ദേഹത്തിന്റെ പേരിലാണ്. അഖില ഭാരത വിദ്യാഭ്യാസ സാഹിത്യരംഗങ്ങളിൽ വ്യക്തിത്വം നേടിയെടുക്കാൻ ഈ കാലഘട്ടം പ്രയോജനപ്പെട്ടു. പല യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെടാനും പ്രഭാഷണങ്ങൾ നടത്താനും അക്കാലത്ത് സാധിച്ചു. ഹിന്ദി, ഇംഗ്ളീഷ്, മലയാളം, ഹിന്ദി സ്പെഷ്യൽ എന്നിവയിൽ ബിരുദാനന്തരബിരുദങ്ങൾ, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിൽ ബിരുദാനന്തര ഡിപ്ലോമകൾ ഒക്കെ നേടിയെടുത്തു. ദീർഘകാലം അലിഗർ യൂണിവേഴ്സിറ്റിയുടെ ഭാരതീയ ഭാഷാ വിഭാഗത്തിൽ ദക്ഷിണേന്ത്യൻ ഭാഷാവിഭാഗമേധാവിയായും പ്രവർത്തിച്ചു.
പിന്നീട്, അലിഗർ യൂണിവേഴ്സിറ്റിയിലെ സംഭവ ബഹുലമായ ഒരു ദശാബ്ദകാലത്തെ സ്തുത്യർഹമായ സേവനം സ്വമേധയാ അവസാനിപ്പിച്ച് ജനിച്ച മണ്ണിൽ തന്നെ മടങ്ങിയെത്തുകയായിരുന്നു. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസിൽ ദീർഘകാലം (1975-88) ചീഫ് എഡിറ്ററായും ഡയറക്ടറായും (2001-04) സേവനം അനുഷ്ഠിച്ചു. അതിനുശേഷം കോട്ടയം എം.ജി യൂണിവേഴ്സിറ്റിയിൽ സ്കൂൾ ഒഫ് കമ്മ്യൂണിക്കേഷൻആൻഡ് ഇൻഫർമേഷൻ സയൻസിൽ ഡയറക്ടർ സ്ഥാനത്തും തുടർന്നു. പിന്നീട് കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, കേരള സാക്ഷരതാപ്രസ്ഥാനത്തിന്റെ ഡയറക്ടർ തുടങ്ങിയ മറ്റു പല സ്ഥാപനങ്ങളുടെയും അധിപനാകാനും അവസരം കിട്ടി.
എൻസൈക്ലോപീഡിയ ബ്രിട്ടാണിക്കയുടെ മാതൃകയിൽ തയ്യാറാക്കിയിരിക്കുന്ന അതിബൃഹത്തും ബഹുവർണ ചിത്രങ്ങളാൽ അത്യാകർഷകവുമായ സർവവിജ്ഞാന കോശഗ്രന്ഥങ്ങൾ വിജ്ഞാനം, വിരൽത്തുമ്പിലെത്തുന്ന കാലഘട്ടത്തിനും മുമ്പ് ക്ഷിപ്രജ്ഞാനാവലംബമായിരുന്നു. സർവ വിജ്ഞാനകോശ പരമ്പരകളുടെ പ്രസിദ്ധീകരണത്തിന് വേണ്ടി അനുഷ്ഠിച്ച കർമ്മോന്മുഖതയ്ക്കും തീവ്രശ്രമത്തിനും നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
1981 ൽ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് നീലം സഞ്ജീവറെഡ്ഡിയിൽ നിന്ന് ഇന്ത്യൻ ഭാഷകളിലെ ഏറ്റവും മികച്ച സർവ വിജ്ഞാന കോശം രചിച്ചതിന് ദേശീയ പുരസ്കാരം ലഭിച്ചു. സർവ്വവിജ്ഞാന കോശം മൂന്ന്, അഞ്ച്, എട്ട് എന്നീ വാല്യങ്ങൾക്ക് കേരള ഗവൺമെന്റിന്റെ ഏറ്റവും മികച്ച വൈജ്ഞാനിക ഗ്രന്ഥം എന്ന നിലയിലുള്ള അവാർഡുകളും ലഭിച്ചിട്ടുണ്ട്. സർവ വിജ്ഞാന കോശം പന്ത്രണ്ടാം വാല്യം ആധികാരികമായി എഡിറ്റ് ചെയ്തതിന് ഇന്ത്യൻ ലിംഗ്വിസ്റ്റിക്സ് അസോസിയേഷന്റെ ദേശീയ പുരസ്കാരം ലഭിച്ചു.
വിശ്വസാഹിത്യവിജ്ഞാന കോശത്തിന്റെ ശില്പി എന്ന നിലയിൽ നാല് വാല്യം എഡിറ്റ് പ്രസിദ്ധപ്പെടുത്തി. ആധുനിക കവികളെക്കുറിച്ചുള്ള സമസ്ത വിവരങ്ങളും അടങ്ങിയ ജീവചരിത്ര വിജ്ഞാന കോശത്തിന്റെ ഒന്നാം വാല്യം പ്രസിദ്ധീകരിച്ചു. അന്താരാഷ്ട്രതലത്തിൽ അഭിനന്ദനം ലഭിച്ചതാണ് ഗുണ്ടർട്ട് നിഘണ്ടുവിന്റെ ആധുനിക രീതിയിലുള്ള നവീകരണം. മലയാള ഭാഷയിലെ പരകീയ പദങ്ങളെപ്പറ്റി ഗവേഷണ പ്രബന്ധവും തയ്യാറാക്കിയിട്ടുണ്ട്. മലയാള ഭാഷയുടെ ഉത്ഭവം വികാസം ആധുനിക സ്ഥിതി ഇവയിൽ ഗവേഷണം നടത്തി 'മലയാളത്തിന്റെ ജൈത്രയാത്ര" എന്ന അതിബൃഹത്തായ പഠനഗ്രന്ഥവും തയ്യാറാക്കിയിട്ടുണ്ട്. നിരവധി വിദ്യാർത്ഥികൾക്ക് ഗവേഷണങ്ങളിൽ മാർഗദർശനം നൽകി ഡോക്ടറേറ്റിന് യോഗ്യരാക്കുകയും ചെയ്തിട്ടുണ്ട്.
വിശ്വമഹാകവികളുടെയും ഭാരതീയ കവികളുടെയും വ്യക്തിത്വവും കൃതികളും താരതമ്യപഠനങ്ങളും വീക്ഷണകോണുകളിൽ വൈവിദ്ധ്യമാർന്ന ഗവേഷണ സപര്യയ്ക്ക് വിധേയമാക്കി. ഷെല്ലി, രവീന്ദ്രനാഥ ടാഗോർ, ഹിന്ദി മഹാകവി ജയശങ്കർ പ്രസാദ്, തമിഴ് കവി സുബ്രഹ്മണ്യ ഭാരതി, ആശാൻ, വള്ളത്തോൾ തുടങ്ങിയ അനശ്വരപ്രതിഭകളെല്ലാം ഈ സംരംഭത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
വായന മരിക്കുന്നു എന്ന് വിലപിക്കാതെ വായിച്ച് വളരൂ എന്ന ഉദ്ബോധനത്തോടെ ധാരാളം ബാലസാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്. 'പഞ്ചവർണക്കിളികൾ"എന്ന കുട്ടികളുടെ കഥാപുസ്തകം ആറാം ക്ലാസിലും 'ഉദയകാന്തി"നാടകം പത്താം ക്ലാസിലും സർക്കാർ, പാഠ്യപുസ്തകങ്ങളായി അംഗീകരിച്ചിട്ടുണ്ട്. എം.ജി, കോഴിക്കോട്, കേരള സർവകലാശാലാകളിലും വേറെ പല ലേഖന സമാഹാരങ്ങളും പാഠപുസ്തകങ്ങളായിരുന്നു. തമിഴ് നാട്ടിൽ 'ഭാരതീയ കഥകൾ"മെട്രിക്കുലേഷൻ പരീക്ഷയ്ക്ക് ഉപപാഠപുസ്തകമായും അംഗീകരിച്ചിരുന്നു. 125ലധികം മലയാള ഗ്രന്ഥങ്ങൾക്ക് അവതാരികയും നാഷണൽ ലിറ്ററസി മിഷന്റെ നിർദ്ദേശപ്രകാരം നവസാക്ഷരർക്ക് വേണ്ടി അമ്പതിലധികം ലഘു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ധാരാളം വിമർശനഗ്രന്ഥങ്ങൾ എഴുതുകയും ഗ്രന്ഥ വിമർശകനായും കേരളകൗമുദി ഉൾപ്പെടെയുള്ള നിരവധി മുൻനിര പത്രങ്ങളിൽ ലേഖനങ്ങൾ സംഭാവന ചെയ്യുകയും ചെയ്തിട്ടുണ്ട്.
സാഹിത്യ പ്രവർത്തനങ്ങളുടെ ആത്മപ്രചോദനവും ഊർജ്ജസ്രോതസും ശ്രീനാരായണ ഗുരു, ആശാൻ, വള്ളത്തോൾ,ശൂരനാട്ട് കുഞ്ഞൻപിള്ള, എൻ. കൃഷ്ണപിള്ള, പ്രൊഫ. ഗുപ്തൻ നായർ തുടങ്ങിയ പുണ്യാത്മക്കളാണെന്ന് ആദരപൂർവ്വം അദ്ദേഹം അനുസ്മരിക്കുന്നു. ഗുരുവിന്റെ ചിന്താവിപ്ലവം മലയാളകവിതയുടെ വിവിധ അംശങ്ങളെപ്പറ്റിയുള്ള പഠനം ശ്രീനാരായണ ഗുരുദേവനെപ്പറ്റിയുള്ള 'ഗുരുവിന്റെ തിരുമുമ്പിൽ" തുടങ്ങിയ നിരവധി സാംസ്കാരിക സാഹിത്യ ഗ്രന്ഥങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 2008ൽ രാജ്യം പദ്മശ്രീ നൽകിയും ആദരിച്ചു.
മൂന്ന് വ്യത്യസ്ത വിഷയങ്ങളിൽ ഡോക്ടറേറ്റും മൂന്ന് ഡിലിറ്റ് ബിരുദങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഇതിനർഹനായ ഒന്നാമത്തെ ഇന്ത്യക്കാരൻ എന്നുള്ള ബഹുമതിയും അദ്ദേഹത്തിന് സ്വന്തം. ഇപ്പോഴും എഴുത്തിന്റെ ലോകത്ത് സജീവമാണദ്ദേഹം. പ്രസിദ്ധീകരണത്തിനൊരുങ്ങുന്ന ആത്മകഥയുടെ അവസാന മിനുക്കപ്പണികളാണിപ്പോൾ നടക്കുന്നത്. ഭാര്യ രാധാമണിയാണ് ശക്തിയും ധൈര്യവുമെല്ലാം. മക്കളും മരുമക്കളും ചെറുമക്കളുമടങ്ങുന്ന കുടുംബം എല്ലാവിധ പ്രോത്സാഹനവുമായി കൂടെ തന്നെയുണ്ട്.