മയ്യഴി സ്വാതന്ത്ര്യസമര ചരിത്രത്തെയും നായകനെയും ചോദ്യം ചെയ്തു കൊണ്ട് ചാലക്കര പുരുഷു എഴുതിയ 'പാതിരാസൂര്യന്റെ ശോണിമ" എന്ന ചെറിയചരിത്ര പുസ്തകം തീർച്ചയായും മയ്യഴി സ്വാതന്ത്ര്യ സമരത്തിന്റെ ഇരുൾമൂടിയ സത്യങ്ങളിലേക്കുള്ള ഒരു വെളിച്ചം വീശൽകൂടിയാണ്.
നാം കണ്ടതും, കേട്ടതും, വായിച്ചതിനുമപ്പുറം മയ്യഴി സ്വാതന്ത്ര്യ സമരത്തിൽ നടന്ന പല അന്തർനാടകങ്ങളെയും ചാലക്കരു പുരുഷു മുഖം നോക്കാതെ പരസ്യവിചാരണ ചെയ്യുന്നുണ്ട് ഈ പുസ്തകത്തിൽ. വല്ലാത്തൊരു ധൈര്യം ഒന്നുകൊണ്ട് മാത്രമാണ് ചരിത്രത്തിന്റെ ഇരുൾമൂടിയ കൊടു കാടുകളിലേക്ക് ഒറ്റയ്ക്ക് കയറിച്ചെന്ന് ചില അപ്രിയസത്യങ്ങൾ പുതിയകാലത്തോട് വിളിച്ചുപറയാൻ തയ്യാറായതെന്നു വേണം കരുതാൻ.
മയ്യഴി ഒരു പക്ഷേ, ഇതെന്നോ ആഗ്രഹിച്ചിട്ടുണ്ടാവാം. ചാരം മൂടിയ ചരിത്രസത്യങ്ങളെ ഊതിജ്വലിപ്പിക്കാൻ ഒരാളെങ്കിലും വരുമെന്ന് വടക്കൻ പാട്ടുകളിലേതുപോലെ ആരുടെയോ വീരശൂരപരാക്രമങ്ങൾ നിരന്തരം വാഴ്ത്തുന്നത് കണ്ട് മടുത്തിട്ടുണ്ടാവാം ഇവിടത്തെ പുഴയ്ക്കും കടലിനും കാറ്റിനും മണ്ണിനും. ചെറുകല്ലായ് രക്തസാക്ഷികളായ അച്ചുതനും അനന്തനും മയ്യഴി സ്വാതന്ത്ര്യസമരാകാശങ്ങളിൽ എത്രമാത്രം ജ്വലിച്ചുനിന്നിരുന്നുവെന്ന് ഈ പുസ്തകം നമ്മോട് വിളിച്ചു പറയുന്നുണ്ട്. ഒപ്പം ഉസ്മാൻ മാഷുടെ ഇതിഹാസതുല്യമായ ഒറ്റയാൾ പോരാട്ടത്തെക്കുറിച്ചും. ഉസ്മാൻ മാഷെ വായിക്കുമ്പോൾ ആ ജീവിതത്തെ തൊടുമ്പോൾ അറിയാതെ നമ്മുടെ തലകൾ കുനിഞ്ഞുപോകും. അത്രമാത്രം ധൈര്യവും ആത്മാർത്ഥതയും സഹനവുംകൊണ്ട് നിറഞ്ഞതായിരുന്നു മാഷുടെ ജീവിതയാത്ര.
പാടിപ്പുകഴ്ത്തപ്പെട്ട ഏതൊരു ചരിത്രത്തേയും വല്ലാത്തൊരു മൂർച്ചയോടെ ആക്രമിക്കുയും വിചാരണ ചെയ്യുകയും ചെയ്യുന്നുണ്ട് ഈ വരികൾ. പുരുഷുവിന്റെ പുസ്തകം വായിച്ചപ്പോഴും കവി പറഞ്ഞത് എത്രയോ ശരിയെന്ന് തോന്നി. മയ്യഴി സ്വാതന്ത്ര്യസമരചരിത്രത്തിൽ രക്തസാക്ഷികളായ കമ്മ്യൂണിസ്റ്റുകാർ അച്ചുതനും അനന്തനേക്കാളും ഫ്രഞ്ചുകാരോട് ഒറ്റയ്ക്ക് നിന്ന് പോരാടി ക്രൂരമർദ്ദനമേറ്റുവാങ്ങി ജീവിക്കുന്ന രക്തസാക്ഷിയായി കാലത്തിന്റെ മൂലയിൽ ഒതുക്കപ്പെട്ടുപോയ ഉസ്മാൻ മാഷേക്കാളും പ്രാധാന്യം മറ്റുപലർക്കും ക്രമേണ വന്നു ചേരുന്നതും പലരും വാഴ്ത്തപ്പെട്ടവരായി മാറ്റപ്പെടുന്നതും ഇങ്ങനെയൊക്കെയായിരുന്നു എന്നതിലേക്കുള്ള ആത്മാർത്ഥവും സത്യസന്ധവുമായൊരു അന്വേഷണം തന്റെ പുസ്തകത്തിൽ പുരുഷു നടത്തുന്നുണ്ട്. പച്ചയായ നാട്ടുഭാഷയാണ് തന്റെ എഴുത്തിന് വേണ്ടി ഉപയോഗിച്ചത്. അതുകൊണ്ടുതന്നെ ഏതൊരു സാധാരണക്കാരനും ഒറ്റയിരിപ്പിന് ഈ പുസ്തകം വായിച്ചുപോവാം. ഇനി ചർച്ചകൾ തീരുമാനിക്കട്ടെ ഈ പുസ്തകത്തിന്റെ ഭാവി...!
(ലേഖകന്റെ ഫോൺ : 9495083169)