നമ്മൾ ഉദ്ദേശിക്കുന്ന തരത്തിൽ പക്ഷികളുടെ ഫോട്ടോ എടുക്കുക വളരെ ബുദ്ധിമുട്ടാണ്. ഒരുപക്ഷേ വീട്ടിൽ വളർത്തുന്നവയാണെങ്കിൽ പോലും ! അപ്പോൾ പറക്കുന്ന പക്ഷികളുടേത് എത്ര പ്രയാസമാണെന്ന് ഊഹിക്കാമല്ലോ. തമിഴിൽ ഒരുഫലിതമുണ്ട്, ഒരാൾ പറയുന്നു ഒരാനയെ ഒരുവാതിലിൽ കൂടി കടത്തുക വലിയ പ്രയാസമായ കാര്യമാണ്. അപരൻ പറയുന്നു അതിനേക്കാൾ പ്രയാസമുള്ള മറ്റൊരു കാര്യമുണ്ട്, രണ്ടുആനകളെ ഒന്നിച്ചു അതേ വാതിലിൽ കൂടി കടത്തുന്നത് !അതുപോലെയാണ് ഇതും. പക്ഷികൾ പറക്കുന്നത് എടുക്കുന്നതു തന്നെ പ്രയാസം. അപ്പോൾ ഒരു നിയന്ത്രണവുമില്ലാതെ നേരെ ഏതാണ്ട് സിമട്രിക്കലായി പറന്നുവരുന്നത് നല്ല ലൈറ്റിൽ ഷാർപ്പായി എടുക്കുക എത്ര ശ്രമകരമായിരിക്കുമെന്നു ഓർത്തു നോക്കുക. ഒരു പ്രാവ് നേരെ പറന്നുവരുന്നതിന്റെ ക്ളോസ് ഷോട്ടാണ് ഇത്.
ഇന്നുള്ള കാമറകൾ പലതും ഹൈസ്പീഡ് കാമറകളാണ്. എന്നുവച്ചാൽ വളരെ സ്പീഡിൽ ഷട്ടറുകൾ പ്രവർത്തിപ്പിക്കാവുന്നവയാണ്. അതായത് 30 സെക്കന്റ് മുതൽ ഒരു സെക്കന്റിന്റെ എണ്ണായിരത്തിലൊന്നോ പതിനായിരത്തിലൊന്നോ സമയം കൊണ്ട് ചിത്രങ്ങളെടുക്കാൻ കഴിയുന്നവയാണ്. മാത്രമല്ല ഫോളോ ഫോക്കസ് സംവിധാനം വഴി ഫോക്കസ് ചെയ്യാനുംതുടർച്ചയായി പടങ്ങൾ എടുക്കാനും കഴിയും. ഇതുപോലെയുള്ള ചിത്രങ്ങൾ എടുക്കുന്ന സന്ദർഭങ്ങളിൽ മിക്കവരും ഈ സിസ്റ്റത്തെയാണ് ഇന്ന് ആശ്രയിക്കുന്നത്.
ചിലർ കാമറ പ്രവർത്തിപ്പിക്കുമ്പോൾ തയ്യൽ മെഷീന്റെ ശബ്ദംപോലെ 'കിർർർ" എന്ന് തുടർച്ചയായി കേൾക്കാം. അതായതു ഷട്ടർ അമർത്തിപ്പിടിച്ചുകൊണ്ടേയിരിക്കും ഫോട്ടോകൾ പതിഞ്ഞുകൊണ്ടുമിരിക്കും. എന്നിട്ടു അതിൽനിന്നും നല്ലതു നോക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഇത് ആർക്കും ചെയ്യാവുന്ന കാര്യം മാത്രമേയുള്ളു. മൂവികാമറ പോലെയുള്ള പ്രവർത്തനം. ഓൺ ചെയ്യുമ്പോൾ മുതൽ കൈ റിലീസ് ചെയ്യും വരെ പടങ്ങൾ പതിഞ്ഞുകൊണ്ടിരിക്കുന്നു. വൈൽഡ് ലൈഫ് വിഭാഗത്തിൽ മൂന്നും പൊതുവിഭാഗത്തിൽ രണ്ടും സമ്മാനങ്ങൾ കിട്ടിയ ഇത് പക്ഷേ മേൽപ്പറഞ്ഞ രീതിയിൽ എടുത്തതല്ല. മാനുവലായി സിംഗിൾ ഷോട്ടിൽ ഒറ്റക്ലിക്കിൽ എടുത്ത ആക്ഷൻ ചിത്രമാണ് ഇത്. ചിത്രത്തെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയുന്നില്ല, അത് പ്രേക്ഷകർക്ക് അല്ലെങ്കിൽ വായനക്കാർക്കു വിടുന്നു.