ഗൗരിയെ താരമാക്കിയ 96 ഇറങ്ങിയിട്ട് മാസങ്ങളായെങ്കിലും ആ സിനിമ കണ്ടവരാരും തന്നെ ഈ കുസൃതിപ്പെൺകുട്ടിയെ മറന്നിട്ടില്ല. ഷോപ്പിംഗിനിടെ, യാത്രയ്ക്കിടെ എല്ലാവരും ഗൗരിയുടെ അടുത്തെത്തുന്നു, സെൽഫിയെടുക്കുന്നു, വിജയ് സേതുപതിയുടെയും തൃഷയുടെയും വിശേഷങ്ങളോരോന്നും ചോദിച്ചറിയുന്നു. ദിവസങ്ങൾക്ക് ശേഷം സ്കൂളിൽ തിരിച്ചെത്തിക്കഴിഞ്ഞ് മുൻ ബെഞ്ചിലിരുന്ന് പിന്നിലിരിക്കുന്ന റാമിനെ ജാനു നോക്കുന്ന നോട്ടം ചെന്ന് കൊണ്ടത് കൗമാരങ്ങളുടെ ഹൃദയത്തിലാണ്. ഒരൊറ്റനോട്ടം കൊണ്ട് ഒരുപാട് ഹൃദയങ്ങൾ മോഷ്ടിച്ച ജാനുവിനെ ഗംഭീരമാക്കിയ ഗൗരി കിഷൻ മലയാളിയാണെന്ന് പലർക്കുമറിയാത്ത രഹസ്യം. ''അമ്മയുടെ വീട് വൈക്കം. അച്ഛന്റെ അടൂർ..."" താനൊരു തനി മലയാളിപ്പെൺകുട്ടിയാണെന്ന് പറഞ്ഞ് ഗൗരി ചിരിച്ചു. 96 എന്ന ഒറ്റസിനിമയിലൂടെ താരമാക്കിയ അതേ ചിരി. ഇപ്പോൾ സണ്ണി വയ്നിന്റെ കൂടെ 'അനുഗ്രഹീതൻ ആന്റണി"യിൽ അഭിനയിക്കുകയാണ് ഗൗരി. ഗൗരിയുടെ വിശേഷങ്ങൾ.
സിനിമാസ്വപ്നങ്ങൾ പങ്കുവയ്ക്കാമോ?
നല്ല കഥാപാത്രങ്ങൾ ചെയ്യണം. ഒരു സിനിമ ചെയ്യാൻ വേണ്ടി ഓഫർ സ്വീകരിക്കില്ല. ആദ്യം എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന ,ആസ്വദിക്കാൻ പറ്റുന്ന കഥയും കഥാപാത്രവുമാകണമെന്നുണ്ട്. 96 പോലൊരു തുടക്കം കിട്ടിയിട്ട് വാരിവലിച്ച് സിനിമ ചെയ്ത് ആ പേര് നശിപ്പിക്കാനില്ല. ഞാൻ വളരെ സെലക്ടീവാണ്. മോശം സംവിധായകർ, നല്ല സംവിധായകർ എന്ന വേർതിരിവൊന്നുമില്ല. മോശം സംവിധായകർ ചിലപ്പോൾ നല്ല സിനിമകൾ ചെയ്തെന്ന് വരും. നല്ല സംവിധായകർ ചിലപ്പോൾ മോശം സിനിമകളും ചെയ്തെന്നു വരും. സംവിധായകരെ നോക്കാതെ നല്ല തിരക്കഥകളാണ് ഞാനാഗ്രഹിക്കുന്നത്.
സിനിമയിലെത്തിയ കഥ പറയൂ?
മലയാളിയാണെങ്കിലും കുറേക്കാലം ഡൽഹിയിലായിരുന്നു. അച്ഛന് അവിടെയായിരുന്നു ജോലി. കുറച്ച് വർഷങ്ങൾക്ക് മുൻപാണ് അ ച്ഛന് ചെന്നൈയിലേക്ക് ട്രാൻസ്ഫറായത്. അഡയാറിലെ ഹിന്ദു സീനിയർ ഹയർ സെക്കൻഡറി സ്കൂളിൽ ട്വൽത്തിൽ പഠിക്കുമ്പോഴാണ് ഓഫർ വരുന്നത്. ദുബായിലുള്ള എന്റെ മാമൻ കൃഷ്ണകുമാറിന്റെ സുഹൃത്താണ് 96ന്റെ ഡയറക്ടർ. ഫേസ്ബുക്കിൽ തൃഷയുടെ ടീനേജ് പ്രായം അവതരിപ്പിക്കാൻ കുട്ടിയെ ആവശ്യമുണ്ടെന്ന് പോസ്റ്റ് ചെയ്തപ്പോൾ മാമനാണ് അപ്ളൈ ചെയ്യാൻ പറഞ്ഞത്. പതിനെട്ട് വയസാണ് കാരക്ടറിന്റെ പ്രായം. എനിക്കന്ന് പതിനേഴ് വയസ്. വീട്ടിലെല്ലാവരും സിനിമയെ ഇഷ്ടപ്പെടുന്നവരാണെങ്കിലും സിനിമയിലഭിനയിക്കുന്ന കാര്യം അതുവരെ ഞാൻ സീരിയസായി ചിന്തിച്ചിരുന്നില്ല. 96 ന്റെ ഓഡിഷന് പോയി. റാമിന്റെ കാരക്ടർ ചെയ്ത ആദിത്യ ഭാസ്കറുമുണ്ടായിരുന്നു. തമിഴിലെ സീനിയർ നടൻ എം.എസ്. ഭാസ്കറിന്റെ മകനാണ് അദ്ദേഹം. സിനിമയിലെ പ്രശസ്തമായ ആ ബർത്ത്ഡേ സീനാണ് ഓഡിഷന് ചെയ്യാൻ പറഞ്ഞത്. മൂന്ന് പ്രാവശ്യം ഞാനാ സീൻ ചെയ്തു. ഡാൻസിന്റെ പിൻബലമുള്ളതുകൊണ്ടാണോ എന്നറിയില്ല മൂന്ന് പ്രാവശ്യവും ഇംപ്രൊവൈസ് ചെയ്യാൻ കഴിഞ്ഞു.
ആദ്യകഥാപാത്രവും ഗൗരിയും തമ്മിൽ എത്രത്തോളം സാദൃശ്യമുണ്ട്?
എഴുപത്തിയഞ്ച് ശതമാനം . ഇരുപത്തി രണ്ട് വർഷം കഴിഞ്ഞ് കണ്ടുമുട്ടുമ്പോൾ പഴയ കമിതാക്കൾക്ക് പ്രണയം തോന്നാം. സിനിമയിൽ അത് നമ്മളെയെല്ലാം ആകർഷിച്ചത് ആ തിരക്കഥയുടെ സൗന്ദര്യം കൊണ്ടാണ്. റാമിനേക്കാൾ സ്ട്രോംഗും ബോൾഡുമാണ് ജാനു.
പ്രണയത്തെക്കുറിച്ച് എന്താണ് അഭിപ്രായം?
അങ്ങനെ പെട്ടെന്നൊരു റിലേഷൻഷിപ്പൊന്നും ഞാനുണ്ടാക്കില്ല. ഇപ്പോൾ 96 എന്ന സിനിമയിൽ നല്ല പേര് കിട്ടി നിൽക്കുമ്പോൾ ഒരു റിലേഷൻഷിപ്പിൽ കുടുങ്ങി കരിയർ നശിപ്പിക്കാനൊന്നും ഞാനില്ല. എവിടെ ചെന്നാലും ആളുകൾ ജാനൂ എന്നാണ് വിളിക്കുന്നത്. പലർക്കും എന്റെ പേര് ഗൗരിയാണെന്ന് പോലുമറിയില്ല. ആൾക്കാരുടെ സ്നേഹമൊക്കെ ഞാൻ ആസ്വദിക്കുന്നുണ്ട്.
കുടുംബത്തെക്കുറിച്ച്?
അച്ഛൻ ജി. ഗീതാ കിഷൻ, അമ്മ വീണാ ജി. കിഷൻ, ചേട്ടൻ ഗോവിന്ദ്.ജി. കിഷൻ. ബാംഗ്ളൂർ ക്രൈസ്റ്റ് കോളേജിൽ പി.ജിക്ക് പഠിക്കുകയാണ് ചേട്ടൻ. അച്ഛനും അമ്മയും കഴിഞ്ഞാൽ ചേട്ടനാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്.