മലയാള സിനിമയിലെ സംഘട്ടന രംഗങ്ങളുടെ പരീക്ഷണ ശാലയായിരുന്നു അങ്കമാലി ഡയറീസ്. സിനിമ കണ്ടിറങ്ങിയവരുടെ മനസിൽ നിന്ന് അത്ര വേഗത്തിൽ മായുന്നതല്ല അതിലെ സംഘട്ടന രംഗങ്ങൾ. ക്ലൈമാക്സിലെ ഒറ്റഷോട്ടിൽ ചിത്രീകരിച്ച സംഘട്ടനം മാത്രം മതി ജോളി ബാസ്റ്റിൻ എന്ന സംഘട്ടന സംവിധായകനെ അടയാളപ്പെടുത്താൻ. അമാനുഷിക പ്രതിഭയോടെ എതിരാളികളെ ഇടിച്ചില്ലാതാക്കുന്ന കന്നഡ നായകൻമാർക്ക് ഏറെ സ്വീകാര്യനാണ് ജോളി. കന്നഡയിൽ നിന്ന് തെലുങ്കും തമിഴും മലയാളവും കടന്ന് ബംഗാളിയിലെത്തിയ ജോളി ഇതിനകം 859 ചിത്രങ്ങളിൽ ഇടി ഒരുക്കി.
പച്ചാളത്ത് നിന്ന് പ്രേംലോകയിലേക്ക്
എറണാകുളം പത്മ തിയേറ്റിനടുത്ത് ബാസ്റ്റിൻ ആന്റ് കമ്പനി എന്ന മോട്ടോർ വർക്ഷോപ്പ് നടത്തിയിരുന്ന പച്ചാളം ഇല്ലിപ്പറമ്പിൽ ജോൺ ബാസ്റ്റിന്റെയും സിൻഡ്രല്ലയുടെയും മകൻ തെന്നിന്ത്യൻ സിനിമാ ലോകത്തിന്റെ പ്രിയങ്കരനായ കഥ സിനിമ പോലെ സുന്ദരമാണ്. കേരളത്തിലെ ആദ്യ ലേഡി മെക്കാനിക്കായിരുന്ന സിൻഡ്രല്ലയുടെ മകന് ബൈക്കുകളോടുള്ള കമ്പമാണ് സിനിമയിലേക്ക് വഴി തെളിച്ചത്. ഓട്ടോമൊബൈൽ എൻജിനിയറിംഗ് പഠനത്തോടെ ബൈക്കുകളിലെ സാഹസിക പ്രകടനം ജീവിതത്തിന്റെ ഭാഗമായി. സൂപ്പർതാരം രവിചന്ദ്രന്റെ ഡ്യൂപ്പായി പതിനേഴാം വയസിൽ കന്നട സിനിമയിലെത്തി. 'ജഗദേക്ക വീരഡു"വിലൂടെ ചിരഞ്ജീവിയുടെയും 'അഖിലോക സുന്ദരി"യിലൂടെ അംബരീഷിന്റെയും ഡ്യൂപ്പായതോടെ കന്നഡ, തെലുങ്ക്, തമിഴ് ചിത്രങ്ങളുടെ ഭാഗമായി. ഡ്യൂപ്പ് വേഷങ്ങളിൽ നിന്ന് സ്റ്റണ്ട് മാനായും സ്റ്റണ്ട് മാസ്റ്ററായും ഉയർന്ന ജോളി അതിവേഗം സൂപ്പർ താരങ്ങളുടെ വിശ്വസ്തനായ സ്റ്റണ്ട് മാസ്റ്ററായി. വിജയകാന്ത്, ശരത്കുമാർ സിനിമകളിലൂടെ തമിഴിൽ ഇടിച്ച് കയറിയതിനൊപ്പം അജയ്ദേവ്ഗൺ, ഇമ്രാൻ ഹഷ്മി തുടങ്ങിയവരുടെ ചിത്രങ്ങളിലൂടെ ബോളിവുഡിലും ശ്രദ്ധേയനായി.
മലയാളത്തിന്റെ നിവേദ്യം
ജോണിവാക്കറിൽ മമ്മൂട്ടിയുടെ ഡ്യൂപ്പായി എത്തിയ ജോളി തലസ്ഥാനം, വന്ദനം തുടങ്ങിയ സിനിമകളിലും സൂപ്പർ താരങ്ങളുടെ ഡ്യൂപ്പായി. നിവേദ്യത്തിലൂടെയാണ് മലയാളത്തിൽ സ്വതന്ത്ര സ്റ്റണ്ട് മാസ്റ്ററാകുന്നത്. അങ്കമാലി ഡയറീസ്, മാസ്റ്റർ പീസ്, പുള്ളിക്കാരൻ സ്റ്റാറാ, ഡാകിനി, ബാംഗ്ലൂർ ഡേയ്സ്, കമ്മട്ടിപ്പാടം, കലി, ഫ്രഞ്ച് വിപ്ലവം, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ സംഘട്ടന രംഗങ്ങൾക്ക് പിന്നിലും ജോളിയാണ്. ബൈക്കും കാറും മാത്രമല്ല ഹെലികോപ്ടർ ഉപയോഗിച്ചുള്ള സാഹസിക രംഗങ്ങളും ജോളിക്ക് വഴങ്ങും. കരാട്ടേയ്ക്ക് പുറമെ കുങ്ഫു, ജിംനാസ്റ്റിക്സ് എന്നിവയിലും മികവ് നേടിയ 40 അംഗ സംഘം സാഹസിക ചിത്രീകരണങ്ങൾക്കായി ജോളിക്കൊപ്പമുണ്ട്. കർണാടക സ്റ്റണ്ട് മാസ്റ്റേഴ്സ് യൂണിയൻ പ്രസിഡന്റായും പ്രവർത്തിച്ചു.
സിനിമയാണ് ജീവിതവും കുടുംബവും
നിനഗാഗി കാതിരുവേൻ എന്ന കന്നഡ ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായമണിഞ്ഞ ജോളി ബഹുഭാഷാ ചിത്രം സംവിധാനം ചെയ്യാനുള്ള ശ്രമത്തിലാണിപ്പോൾ. ആലപ്പുഴ സ്വദേശി ലൗലിയാണ് ഭാര്യ. മകൻ അമിത് അച്ഛന്റെ വഴിയേ നടന്ന് സ്റ്റണ്ട് മാസ്റ്ററായി. അങ്കമാലി ഡയറീസ് ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ച അമിത് കന്നഡ ചിത്രമായ അമറിലും വില്ലനാണ്. അമറിലെ നായകൻ അംബരീഷിന്റെ മകൻ അഭിഷേകാണ്. മകൾ നിധി ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനി. ബംഗളുരുവിൽ '24 ഇവന്റ്സ്" എന്ന പേരിൽ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പും നടത്തുന്നുണ്ട് ജോളി.