ന്യൂഡൽഹി: പാർട്ടി ഏൽപ്പിക്കുന്ന ഏത് ചുമതലയും നിറവേറ്റുമെന്നും തിരഞ്ഞെടുപ്പിൽ ശബരിമല ഒരു നിമിത്തമാകുമെന്നും മുതിർന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. കേരളത്തിലെ ജനങ്ങൾ ബി.ജെ.പിക്ക് ഒപ്പം നിൽക്കും. എല്ലാവരുടെയും വിശ്വാസത്തെ ബാധിക്കുന്ന കാര്യമാണ് ശബരിമല. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്നത് ബി.ജെ.പി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മതസ്വാതന്ത്ര്യം എല്ലാവർക്കും ആവശ്യമാണ്. ശബരിമല കേവലം ഒരു മത വിഷയമല്ലെന്നും കുമ്മനം വ്യക്തമാക്കി. ഒരു നിബന്ധനയോടെയല്ല തിരിച്ചുവന്നത്. തുറന്ന മനസ്സോടെയാണ്. സംഘടനയാണ് എന്ത് ചെയ്യണമെന്ന തീരുമാനിക്കേണ്ടത്. തിരഞ്ഞെടുപ്പിൽ ഏത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും ഏറ്റെടുക്കും. സ്ഥാനാർത്ഥിയാവണമെന്ന് ഒരു നിർബന്ധവുമില്ലെന്നും കുമ്മനം പറഞ്ഞു. ഏൽപ്പിക്കുന്ന ഉത്തരവാദിത്തം അങ്ങേയറ്റം ഭംഗിയായി അച്ചടക്കത്തോടെയും നിർവ്വഹിക്കുമെന്നും കുമ്മനം വിശദമാക്കി.
കേരളത്തിലെ രാഷ്ട്രീയ രംഗം മാറിമറിഞ്ഞ് വരികയാണ്. മത പീഡനം നടന്നത് കേരളത്തിൽ മാത്രമാണ്. മറ്റൊരു സ്ഥലത്തും മത പീഡനം നടന്നിട്ടില്ല. കേരളത്തിലെ മൊത്തം ജനത ബി.ജെ.പിക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ മേൽ സർക്കാർ കെെകടത്താൻ ശ്രമിക്കുന്നു. സർക്കാർ മത സ്ഥാപനങ്ങളെ സ്വന്തം കറവപശുക്കളാക്കി മാറ്റിയെടുക്കാൻ വേണ്ടി ശ്രമിക്കുന്നുവെന്നും കുമ്മനം ആരോപിച്ചു.
തന്നെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകളെ കുറിച്ച് ചോദിച്ചപ്പോൾ കുമ്മനത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ചെയ്യുന്നത് ശരിയാണ് എന്ന് ബോധ്യമുണ്ടെങ്കിൽ മറ്റൊരാളുടെ സർട്ടിഫിക്കറ്റിന് വേണ്ടി കാത്തിരിക്കേണ്ട ആവശ്യമില്ല. ട്രോളുകളോട് എതിർപ്പില്ലെന്നും അതിലെ നർമ്മത്തെ ആസ്വദിക്കുന്നുവെന്നും കുമ്മനം പറഞ്ഞു.