ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരനാണെന്ന് നടിയും കോൺഗ്രസ് നേതാവുമായ വിജയശാന്തി. തെലങ്കാനയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത റാലിയിൽ സംസാരിക്കവെയായിരുന്നു ഇവരുടെ വിവാദ പരാമർശം. വിജയശാന്തിയുടെ പരാമർശം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ജനങ്ങൾ മോദിയെ ഭയപ്പെടുകയാണ്. എപ്പോഴാണ് മോദി ബോംബ് പ്രയോഗിക്കുക എന്ന് അറിയില്ല. ഒരു ഭീകരവാദിയെ പോലെയാണ് മോദിയുടെ രീതികൾ. വിജയശാന്തി പറഞ്ഞു. പൊതുജനങ്ങൾ നേതാക്കന്മാരെ ഇഷ്ടപ്പെടുകയാണ് വേണ്ടത്. പക്ഷേ മോദി ജനങ്ങളെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രധാനമന്ത്രി എന്ന നിലയിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു. നോട്ട് നിരോധനം പോലുള്ള മോദിയുടെ തീരുമാനങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു ഇവർ സംസാരിച്ചത്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള പോരാട്ടം ശക്തമായിരിക്കും. ജനാധിപത്യത്തെ തിരികെ കൊണ്ട് വരാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്നും, മോദി ഒരു സ്വേച്ഛാധിപതിയെ പോലെയാണ് ഭരണം നടത്തുന്നത്. അടുത്ത അഞ്ചുവർഷം കൂടി ഭരിക്കാൻ മോദി ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ജനങ്ങൾ അതിന് സമ്മതിക്കില്ല എന്ന കാര്യം ഉറപ്പാണെന്നും വിജയശാന്തി പറഞ്ഞു.
റാലിയിൽ സംസാരിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിയെ ശക്തമായി വിമർശിച്ചു. പാവപ്പെട്ടവരുടെയും അതിസമ്പന്നരുടെയും രണ്ട് ഇന്ത്യ സൃഷ്ടിക്കുകയാണ് മോദി ചെയ്തതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു മോദിയുടെ നിർദേശമനുസരിച്ച് പ്രവർത്തിക്കുന്നയാളായി മാറിയെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.