മുംബയ്: ഉടൻ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് സൈനികർക്ക് നേരെ പുൽവാമ മാതൃകയിൽ ആക്രമണമുണ്ടാകുമെന്ന് മഹാരാഷ്ട്ര നവനിർമാണ സേന (എം.എൻ.എസ്) പ്രസിഡന്റ് രാജ് താക്കറെ ആരോപിച്ചു.അടുത്ത രണ്ട് മാസത്തിനുള്ളിൽ തന്നെ ഇത്തരം ഒരു ആക്രമണം ആസൂത്രണം ചെയ്യപ്പെടും.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ മാറ്റാൻ വേണ്ടിയായിരിക്കും ഈ ആക്രമണം നടക്കുക. മറ്റെല്ലാ വിഷയങ്ങളും കളഞ്ഞ് ജനങ്ങൾ രാജ്യസ്‌നേഹത്തെക്കുറിച്ച് മാത്രം സംസാരിക്കും.തന്റെ വാക്കുകൾ സത്യമാണെന്ന് തെളിയുമെന്നും എം.എൻ.എസിന്റെ 13ആം വാർഷിക ദിനത്തിൽ സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞത് അടക്കമുള്ള എല്ലാ വാഗ്‌ദ്ധാനങ്ങളും നടപ്പിലാക്കുന്നതിലും ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരാജയപ്പെട്ടു. രാമജന്മഭൂമി വിഷയത്തിലും മോദിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതിനാലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഫെബ്രുവരി 26ന് പാകിസ്ഥാന്റെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ റാഫേൽ വിമാനങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ കൂടുതൽ നാശനഷ്‌ടങ്ങളുണ്ടാകുമായിരുന്നു എന്ന നരേന്ദ്ര മോദിയുടെ പ്രസ്‌താവന സൈനികരെ അപമാനിക്കുന്നതിന് തുല്യമാണ്. പുൽവാമ ആക്രമണം ഉണ്ടാകുന്നതിന് മുമ്പ് രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ എല്ലാ മുന്നറിയിപ്പുകളും അവഗണിച്ചു. കഴിഞ്ഞ ഡിസംബറിൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും പാകിസ്ഥാൻ സുരക്ഷാ ഉപദേഷ്‌ടാവും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഈ യോഗത്തിൽ എന്താണ് ചർച്ച ചെയ്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 250 ഭീകരരെ കൊലപ്പെടുത്തിയെന്ന ബി.ജെ.പി അദ്ധ്യക്ഷന്റെ പ്രസ്‌താവനയെയും താക്കറെ കളിയാക്കി. ഭീകരരുടെ എണ്ണം കൃത്യമായി പറയാൻ അമിത് ഷാ വ്യോമസേന വിമാനത്തിലെ കോ പൈലറ്റ് ആയിരുന്നോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
അതേസമയം, മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഇടംകണ്ടെത്താൻ ഇതുവരെ കഴിയാത്ത എം.എൻ.എസ്, ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആരുമായും സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ രാജ് താക്കറെ കോൺഗ്രസ് - എൻ.സി.പി മുന്നണിയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എൻ.സി.പി നേതാവ് അജിത് പവാറുമായി അദ്ദേഹം ചർച്ചകൾ നടത്തിയതായും വിവരമുണ്ട്.