തിരുവനന്തപുരം : സി.പി.എം സ്ഥാനാർത്ഥിപട്ടിക പരസ്യമാക്കി കൊണ്ടുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃകൃഷ്ണന്റെ പത്രസമ്മേളനത്തിന്റെ സിംഹഭാഗവും വടകരമണ്ഡലത്തിലെ പി.ജയരാജന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ചെങ്കോട്ടയായിരുന്ന വടകരയെ സി.പി.എമ്മിന്റെ കൈയ്യിലേക്ക് തിരികെ എത്തിക്കുവാനുള്ള ചരിത്രനിയോഗമാണ് ഇക്കുറി പി.ജയരാജന് പാർട്ടി നൽകുന്നതെന്ന് വിശദീകരിക്കുമ്പോഴും കണ്ണൂരിലെ സ്വന്തം തട്ടകത്തിൽ നിന്നും അദ്ദേഹത്തെ മാറ്റുവാനുള്ള പാർട്ടി ശ്രമമാണോ ഇതിന് പിന്നിലെന്ന തരത്തിലുള്ള നിരവധി ചോദ്യങ്ങളാണ് കഴിഞ്ഞ ദിവസം കോടിയേരിക്ക് നേരിടേണ്ടി വന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ജയരാജനെ മാറ്റി അവിടെ താത്കാലിക സെക്രട്ടറിയെ വച്ചതിനും കോടിയേരിക്ക് മറുപടി പറയേണ്ടിവന്നു.
അക്രമരാഷ്ട്രീയത്തിന്റെ പേരിൽ പലപ്പോഴും പഴികേൾക്കുകയും, സി.ബി.ഐ അന്വേഷിക്കുന്ന രാഷ്ട്രീയ കൊലപാതക കേസിൽ പ്രതിചേർക്കുകയും ചെയ്ത പി.ജയരാജനെ മത്സരിപ്പിക്കുന്നതിലെ ധാർമ്മികതയെ കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകുകയാണ് കോടിയേരി ചെയ്തത്. കേരളത്തിലെ അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി എന്ന നിലയ്ക്കാണു പി.ജയരാജനെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയതെന്നു സി.പി.എം ഭാഷ്യം.
ആർ.എസ്.എസ് അതിക്രമത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വലതു കൈ വെട്ടിമാറ്റപ്പെട്ടതാണ്. ഓണനാളിലെ അക്രമത്തിൽ മൃതപ്രായനായ അദ്ദേഹത്തിനെ ആശുപത്രിയിലെത്തിച്ചു കൈ തുന്നിച്ചേർക്കുകയായിരുന്നു. തുന്നിച്ചേർത്ത ആ കൈയാണ് അക്രമരാഷ്ട്രീയത്തിനെതിരായ കേരളത്തിന്റെ പ്രതീകമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
വീട്ടുകാരെ ഉപേക്ഷിച്ച് സ്വന്തമാക്കിയ പ്രണയ ജീവിതം നരകമായി, മരണത്തെ വരിച്ചു പ്രിയങ്ക
ഒരു കേസിൽ ശിക്ഷിക്കപ്പെട്ടാലെ മത്സരിക്കുന്നതിൽ നിന്നും ഒരാൾക്ക് അയോഗ്യതയുള്ളു. ജയരാജനെതിരെ ഉയർന്ന ഒരു കേസിലും അദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടില്ല. അതിനാൽ തന്നെ വടകരയിൽ പി.ജയരാജനെ സ്ഥാനാർത്ഥിയാക്കുന്നിൽ അനുചിതമൊന്നുമില്ലെന്നും സി.പി.എം സ്ഥാനാർത്ഥിപട്ടിക പുറത്ത് വിട്ട് കൊണ്ടു സംസാരിക്കവെ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലൃഷ്ണൻ പറഞ്ഞു.