mysterious-chinese-ship

തിരുവനന്തപുരം: പുൽവാമയിൽ സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അതിർത്തിയിൽ തുടരുന്ന ജാഗ്രതയ്‌ക്കിടെ പാകിസ്ഥാൻ ഭാഗത്ത് നിന്നും കേരള തീരത്തിലൂടെ കടന്ന് പോയ ചൈനീസ് ചരക്കുകപ്പൽ ദുരൂഹത പടർത്തി. വിഴിഞ്ഞം ഉൾപ്പെടെയുള്ള കേരള തീരത്ത് കൂടി ശ്രീലങ്കയിലെ കൊളംബോയിലേക്ക് നീങ്ങിയ കപ്പലിന്റെ ഓരോ നീക്കവും കോസ്‌റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ കപ്പലുകൾ നിരീക്ഷിച്ചിരുന്നു. ഏതാനും ദിവസം മുമ്പായിരുന്നു സംഭവം.

അതിർത്തിയിലെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെയുള്ള സമുദ്ര തീരങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയിൽ പാകിസ്ഥാനിൽ നിന്നും ശ്രീലങ്കയിലേക്ക് പോയ ചൈനീസ് കപ്പലാണ് സംശയമുണർത്തിയത്. ഇത്തരമൊരു കപ്പലിന്റെ സാന്നിധ്യം മനസിലാക്കിയ ഉടൻ തന്നെ സേനയുടെ കൊച്ചി ആസ്ഥാനത്ത് നിന്നുള്ള കപ്പലുകളും വിഴിഞ്ഞത്തുള്ള ചെറിയ കപ്പലും നിരീക്ഷണത്തിന് ഇറങ്ങി. കൊളംബോയിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും കപ്പലിന്റെ ഓരോ ചലനവും കോസ്‌റ്റ് ഗാർഡിന്റെ നിരീക്ഷണത്തിലായിരുന്നു. കേരള തീരത്ത് ഇനിയും ജാഗ്രത തുടരുമെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു.

വിഴിഞ്ഞത്ത് പുതിയ കപ്പൽ

അതേസമയം, തീരസംരക്ഷണം കൂടുതൽ കാര്യക്ഷമമാക്കാൻ വിഴിഞ്ഞം സ്‌റ്റേഷനിലേക്ക് പുതിയ ചെറുകപ്പൽ ഉടൻ എത്തും. സി 411 എന്ന് പേരുള്ള പുതിയ കപ്പൽ ഏപ്രിൽ ആദ്യ വാരം തന്നെ സേനയ്‌ക്ക് കൈമാറും. 2 ഓഫീസർമാരും 14 നാവികരും ഉൾപ്പെട്ട കപ്പലിൽ അത്യാധുനിക സാങ്കേതിക ഉപകരണങ്ങളും ആയുധങ്ങളും ഉണ്ടാകുമെന്നാണ് വിവരം.